ADVERTISEMENT

കീവ് ∙ യുക്രെയ്ൻ അധിനിവേശത്തിനു കാരണമായി റഷ്യ ചൂണ്ടിക്കാട്ടിയ നാറ്റോ വികസന പ്രശ്നം തിരിഞ്ഞുകൊത്തുന്നു. യുക്രെയ്നിനെ ആക്രമിച്ച റഷ്യ ഏതുനിമിഷവും തങ്ങൾക്കു നേരെ തിരിഞ്ഞേക്കാമെന്ന ഭീതിയിൽ ഫിൻലൻഡ് നാറ്റോ അംഗത്വത്തിന് അപേക്ഷിക്കാൻ തയാറെടുക്കുന്നു. ഈ നീക്കത്തിൽ ക്ഷുഭിതരായ റഷ്യ കിഴക്കൻ യുക്രെയ്നിൽ ഭീതിതമായ ആക്രമണം നടത്തി. റഷ്യയുടെ പിടിയിൽ നിന്ന് കൂടുതൽ പ്രദേശങ്ങൾ മോചിപ്പിച്ച് യുക്രെയ്ൻ തിരിച്ചടിച്ചു. മുൻനിരയിലെ റഷ്യൻ സൈനികർക്ക് ആയുധങ്ങളും മറ്റും എത്തിക്കുന്നത് തടസ്സപ്പെടുത്തി. 

താമസിയാതെ നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന ഫിൻലൻഡിന്റെ പ്രഖ്യാപനത്തെ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് സ്വാഗതം ചെയ്തു. റഷ്യയുമായി 1300 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഫിൻലൻഡ് യുക്രെയ്നിനെക്കാൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സ്വീഡനും നാറ്റോ അംഗമാകാനുള്ള താൽപര്യം അറിയിച്ചിട്ടുണ്ട്. ശീതയുദ്ധകാലത്തിനുശേഷം യൂറോപ്പിന്റെ സുരക്ഷാ ഭൂപടത്തിൽ വൻമാറ്റമുണ്ടാക്കുന്ന നീക്കമാണിത്.

ഫിൻലൻഡ് നാറ്റോയുടെ ഭാഗമാകുന്നത് റഷ്യയ്ക്ക് വൻ ഭീഷണിയാണെന്നും ഉചിതമായ നടപടി വൈകാതെ ഉണ്ടാകുമെന്നും റഷ്യയുടെ പ്രതിരോധ മന്ത്രാലയ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. നോർഡിക് രാജ്യങ്ങളായ ഫിൻലൻഡിനെയും സ്വീഡനെയും റഷ്യ ആക്രമിച്ചാൽ ഉടൻ സഹായത്തിനെത്തുമെന്ന് ബ്രിട്ടൻ അറിയിച്ചു. 

ഡോൺബാസിൽ റഷ്യ ആക്രമണം കടുപ്പിച്ചു. മരിയുപോളിലും കനത്ത ആക്രമണം തുടരുന്നു. ചെർണിഹീവിൽ കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. ഹർകീവിൽ അധിനിവേശത്തിന്റെ തുടക്കം മുതൽ റഷ്യയുടെ നിയന്ത്രണത്തിലായിരുന്ന ചില പ്രദേശങ്ങൾ യുക്രെയ്ൻ തിരിച്ചുപിടിച്ചു. കീവിൽ പിടികൂടിയ ഒരു റഷ്യൻ സൈനികനെ യുദ്ധക്കുറ്റങ്ങൾക്കു വിചാരണ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. 

ഇതേസമയം, യുഎൻ രക്ഷാസമിതിയിൽ ഉത്തര കൊറിയയ്ക്കെതിരായ ഉപരോധത്തെച്ചൊല്ലി യുഎസ് റഷ്യയും ചൈനയുമായി ഏറ്റുമുട്ടി. യുഎസ് പുതിയ ഉപരോധ പ്രമേയം കൊണ്ടുവന്നാൽ വീറ്റോ ചെയ്യുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു.

English Summary: Finland to join NATO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com