ADVERTISEMENT

വൈസൻഹോസ് (ജർമനി) ∙ യുക്രെയ്നിന് ആയുധങ്ങൾ നൽകുന്നതു തുടരാനും റഷ്യയ്ക്കെതിരായ സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കാനും ജി 7 രാജ്യങ്ങൾ തീരുമാനിച്ചു. യുക്രെയ്നിൽനിന്നുള്ള ഭക്ഷ്യധാന്യ കയറ്റുമതി തടസ്സം തുടർന്നാൽ ആഗോള ഭക്ഷ്യക്ഷാമം ആസന്നമാണെന്നും ബ്രിട്ടൻ, കാനഡ, ജർമനി, ഇറ്റലി, ജപ്പാൻ, യുഎസ്, യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ ത്രിദിന സമ്മേളനം മുന്നറിയിപ്പു നൽകി. ധാന്യ കയറ്റുമതി തടഞ്ഞുകൊണ്ടു റഷ്യ നടത്തുന്നതു ‘ഗോതമ്പ് യുദ്ധം’ ആണെന്നും ജി 7 ആരോപിച്ചു.

ധാന്യ കയറ്റുമതി ഉടൻ പുനരാരംഭിക്കാൻ വഴി കണ്ടെത്തുന്നില്ലെങ്കിൽ ആഫ്രിക്കയിലും മധ്യപൂർവദേശത്തും വരും മാസങ്ങളിൽ കടുത്ത ഭക്ഷ്യക്ഷാമമുണ്ടാകും. അടുത്ത വിളവെടുപ്പിനു മുൻപേ കെട്ടിക്കിടക്കുന്ന ധാന്യശേഖരം പുറത്തെത്തിക്കാനുള്ള നടപടികൾക്ക് ഉടൻ രൂപം നൽകുമെന്നു ജി 7 യോഗം വ്യക്തമാക്കി.

ആവശ്യമായ കാലത്തോളം യുക്രെയ്നിനുള്ള ആയുധവിതരണം തുടരുമെന്നു വ്യക്തമാക്കിയ യോഗം, റഷ്യയെ പിന്തുണയ്ക്കരുതെന്നു ചൈനയോട് അഭ്യർഥിച്ചു. എന്നാൽ റഷ്യൻ ഇന്ധന ഇറക്കുമതി വിലക്കാനുള്ള ശുപാർശയ്ക്ക് യൂറോപ്യൻ യൂണിയനിൽ പൊതു പിന്തുണ കിട്ടിയില്ല. ഹംഗറിയുടെ എതിർപ്പു മൂലമാണിത്.

അതേസമയം, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽനിന്ന് റഷ്യൻ സൈന്യത്തെ തുരത്തിയതായി യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു. ആഴ്ചകൾ നീണ്ട ശക്തമായ വ്യോമാക്രമണങ്ങൾക്കൊടുവിലാണു റഷ്യൻപിന്മാറ്റം. ഡോൺബാസ് അടക്കം വിവിധ മേഖലകളിൽ 100 യുക്രെയ്ൻ സൈനികരെ വധിച്ചതായി റഷ്യ അവകാശപ്പെട്ടു.

റഷ്യയുടെ നിയന്ത്രണത്തിലു‌‌‌‌‌‌‌‌‌‌‌‌‌‌ള്ള മരിയുപോളിൽ കുടുങ്ങിയ നൂറുകണക്കിനു മുറിവേറ്റ സൈനികരെ മോചിപ്പിക്കാൻ ചർച്ചകൾ തുടരുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അറിയിച്ചു.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com