യുഎസിലെ സൂപ്പർമാർക്കറ്റിൽ പതിനെട്ട് വയസ്സുകാരൻ 10 പേരെ വെടിവച്ചുകൊന്നു

Buffalo Supermarket Shooting
ന്യൂയോർക്കിലെ ബഫലോയിൽ പതിനെട്ടു വയസ്സുകാരൻ വെടിവയ്പ് നടത്തിയ സൂപ്പർമാർക്കറ്റിനു മുന്നിൽ, കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നവർ. ചിത്രം: എപി
SHARE

ന്യൂയോർക്ക് ∙ ആഫ്രോ അമേരിക്കൻ വംശജർ ഏറെയുള്ള പ്രദേശത്തെ സൂപ്പർമാർക്കറ്റിൽ വെള്ളക്കാരനായ പതിനെട്ടു വയസ്സുകാരൻ നടത്തിയ വെടിവയ്പിൽ 10 മരണം. മൂന്നു പേർക്കു പരുക്കേറ്റു. വെടിവയ്പു നടത്തിയ പേയ്റ്റൻ ജെൻഡ്രൊൻ പൊലീസെത്തിയപ്പോൾ ജീവനൊടുക്കാൻ ശ്രമം നടത്തിയെങ്കിലും ഒടുവിൽ കീഴടങ്ങി.

ശനിയാഴ്ച ഉച്ച തിരിഞ്ഞു 2.30നു ന്യൂയോർക്കിലെ ബഫലോയിലുള്ള ടോപ്സ് ഫ്രണ്ട്‌ലി സൂപ്പർമാർക്കറ്റിലാണ് യുഎസിനെ നടുക്കിയ വംശീയ അതിക്രമം. വെടിയുണ്ടയേൽക്കാതിരിക്കാനുള്ള കവചവുമണിഞ്ഞ് പട്ടാള വേഷത്തിലെത്തിയ ജെൻഡ്രൊൻ ഹെ‍ൽമറ്റിൽ ഘടിപ്പിച്ച ക്യാമറ വഴി ആക്രമണം സമൂഹമാധ്യമത്തിൽ ലൈവ് സ്ട്രീം ചെയ്യുന്നുമുണ്ടായിരുന്നു. 2 മിനിറ്റ് ആയപ്പോഴേയ്ക്കും പ്ലാറ്റ്ഫോമായ ‘ട്വിച്ച്’ ഇടപെട്ടു സ്ട്രീമിങ് നിർത്തി. അക്രമിയുടെ കയ്യിലുണ്ടായിരുന്ന മൂന്നു തോക്കുകളും നിയമാനുസൃതം വാങ്ങിയവയായിരുന്നു. യുഎസിൽ മറ്റു വംശക്കാരുടെ എണ്ണം കൂടി വെള്ളക്കാർ ന്യൂനപക്ഷമാകുന്നതിലുള്ള ആശങ്ക പങ്കുവയ്ക്കുന്ന 180 പേജ് വിജ്ഞാപനവും ആക്രമണത്തിനുള്ള തയാറെടുപ്പു വിവരങ്ങളും ഓൺലൈനിൽ പങ്കുവച്ചിരുന്നതായി കണ്ടെത്തി. കൂട്ടക്കൊലയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു.

അക്രമിയെ കോടതിയിൽ ഹാജരാക്കി കുറ്റം ചുമത്തി. പെൻസിൽവേനിയ സംസ്ഥാന അതിർത്തിയോടു ചേർന്നുള്ള കോൺക്ലിനിൽ താമസിക്കുന്ന ജെൻഡ്രൊൻ അവിടെനിന്നു 320 കിലോമീറ്റർ ദൂരം വാഹനമോടിച്ചെത്തിയാണ് ബഫലോയിൽ വെടിവയ്പു നടത്തിയത്. കടയ്ക്കു മുന്നിൽ വാഹനം നിർത്തി, പുറത്തുണ്ടായിരുന്ന നാലു പേരെയാണ് ആദ്യം വെടിവച്ചത്. ഇതിൽ 3 പേർ മരിച്ചു. കടയ്ക്കുള്ളിലേക്കു കയറുമ്പോൾ, മുൻ പൊലീസുകാരനായ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ വെടിവച്ചെങ്കിലും അക്രമിയുടെ ബുളളറ്റ്പ്രൂഫ് കുപ്പായത്തിലാണു കൊണ്ടത്. തൊട്ടുപിന്നാലെ ഇദ്ദേഹത്തെ വെടിവച്ചു കൊന്ന ശേഷം അക്രമി കടയ്ക്കുള്ളിലുണ്ടായിരുന്നവർക്കു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ 13 പേരിൽ 2 പേരൊഴിച്ച് ബാക്കിയെല്ലാം ആഫ്രോ അമേരിക്കൻ വംശജരാണ്. 3 പേർ കടയിലെ ജീവനക്കാർ. ബഫലോ പട്ടണമധ്യത്തിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലയാണിത്. സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ആരൺ സോൾട്ടർ ജൂനിയറിന്റേതൊഴിച്ച് കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. ഇവർ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയവരാണ്.

English Summary: 10 dead in mass shooting at US supermarket

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS