റഷ്യയുടെ കനത്ത വ്യോമാക്രമണം; ഡോൺബാസ് നരകമായെന്ന് യുക്രെയ്ൻ പ്രസിഡന്റ്

ukraine-tank
മറക്കാതിരിക്കാൻ: യുക്രെയ്ൻ തലസ്ഥനമായ കീവിൽ നടന്ന ഏറ്റുമുട്ടലിനിടെ തകർത്ത റഷ്യൻ ടാങ്ക്, യുദ്ധസ്മാരകമായി സൂക്ഷിക്കാൻ നഗരത്തിലേക്കു കൊണ്ടുവന്നപ്പോൾ. ചിത്രം: എപി
SHARE

കീവ് ∙ ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരാൻ ശ്രമിക്കുന്നതിനു പ്രതികാരമെന്നോണം യുക്രെയ്നിൽ റഷ്യ ആക്രമണം ശക്തിപ്പെടുത്തി. ഡോൺബാസ് മേഖലയിൽ ആകാശത്തുനിന്നും കരയിൽ നിന്നും അതിശക്തമായ ആക്രമണമാണ് ഇന്നലെ റഷ്യ നടത്തിയത്. വ്യാപകമായി ജനവാസകേന്ദ്രങ്ങൾ തകർക്കപ്പെടുകയും പൗരന്മാർ കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്ന് ഡോൺബാസ് നരകമായെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. സീവീറോഡോണെട്സ്കിൽ ഓരോ വീടും നശിപ്പിക്കുന്നവിധം കനത്ത ഷെല്ലാക്രമണമാണ് നടന്നത്. എത്ര പേർ മരിച്ചുവെന്നു പോലും കണക്കെടുക്കാൻ കഴിഞ്ഞിട്ടില്ല. 

റഷ്യൻ അനുകൂലികൾ നിയന്ത്രിക്കുന്ന ലുഹാൻസ്ക് ഉടൻ തന്നെ പിടിച്ചെടുക്കുമെന്ന് റഷ്യ ഇതിനിടെ അവകാശപ്പെട്ടു. ഏറ്റവും രൂക്ഷമായ ആക്രമണം നടന്ന മരിയുപോളിൽ നിന്ന് ഗുരുതരമായി പരുക്കേറ്റ സൈനികരെ നീക്കി. മറ്റുള്ളവരുടെ സ്ഥിതിയെന്തായെന്ന് വ്യക്തമായിട്ടില്ല. 1700 പേർ കീഴടങ്ങിയെന്നാണ് സൂചന. 2000 പേർ കീഴടങ്ങിയെന്നു റഷ്യ അവകാശപ്പെടുന്നു. 

ഇതിനിടെ യുക്രെയ്നിനു കൂടുതൽ സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് പാശ്ചാത്യരാജ്യങ്ങൾ. 950 കോടി ഡോളറിന്റെ സഹായം കൂടി നൽകാൻ ജി7 രാജ്യങ്ങൾ തീരുമാനിച്ചു. 4000 കോടി ഡോളറിന്റെ സഹായം യുഎസ് അനുവദിച്ചു. യൂറോപ്യൻ യൂണിയൻ 950 കോടി ഡോളറിന്റെ വായ്പ നൽകും. യുക്രെയ്നിലേക്കുള്ള ഭക്ഷ്യസഹായം തടയുന്ന റഷ്യയുടെ പടക്കപ്പലുകൾ തകർക്കുന്നതിനായി മിസൈലുകൾ നൽകാനും യുഎസ് നീക്കം തുടങ്ങി. ജർമനി യുദ്ധടാങ്കുകളും ഹവിറ്റ്സർ തോക്കുകളും നൽകും. 

യുക്രെയ്നിൽ നിന്ന് പലായനം ചെയ്ത 60 ലക്ഷം പേരും രാജ്യത്തിനകത്ത് ഭവനരഹിതരാക്കപ്പെട്ട 80 ലക്ഷം പേരും അടക്കം ലോകത്ത് ആകെ അഭയാർഥികളുടെ എണ്ണം 8.4 കോടി കടന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന അഭയാർഥി കമ്മിഷൻ വ്യക്തമാക്കി. 

English Summary: Russia intensifies Ukraine offensive

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA