സർക്കാർ തണലിൽ വളർന്നു; ഓസ്ട്രേലിയയെ ഇനി ആൽബോ നയിക്കും

HIGHLIGHTS
  • ലേബർ പാർട്ടിയിലെ പ്രായോഗികവാദത്തിന്റെ വക്താവ്
Anthony Albanese, Scott Morrison
(1) ഓസ്ട്രേലിയയിൽ പ്രധാനമന്ത്രിയാകുന്ന ആന്തണി ആൽബനീസ് സിഡ്നിയിൽ വോട്ടു ചെയ്തശേഷം വളർത്തുനായ ടോടോയെ ഓമനിക്കുന്നു. ചിത്രം:എപി (2) സ്കോട്ട് മോറിസൻ
SHARE

കാൻബറ ∙ സിഡ്‌നിയിലെ സർക്കാർ ഹൗസിങ് കോളനിയിൽ, അമ്മയുടെ പെൻഷന്റെ തണലിൽ വളർന്ന ആന്തണി ആൽബനീസ് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയാകുന്നത് അനുഭവങ്ങൾ പകർന്ന കരുത്തോടെയാണ്. ഭൂതകാലമാണ് തന്നെ രൂപപ്പെടുത്തിയതെന്ന് എപ്പോഴും ഓർക്കുന്ന ആൽബോ, 12 വയസ്സുമുതൽ താൻ രാഷ്ട്രീയത്തിലുണ്ടെന്ന് അഭിമാനത്തോടെ പറയും.

വാടക വർധനയ്ക്ക് ഇടവരുത്തുമായിരുന്ന പ്രാദേശിക ഭരണകൂട നീക്കത്തിനെതിരെ സഹതാമസക്കാർക്കൊപ്പം നടത്തിയ ‘റെന്റ് സ്ട്രൈക്ക്’ ആയിരുന്നു ആ ഇടപെടൽ. പൗരൻമാരുടെ ജീവിതത്തിൽ ഭരണകൂടത്തിന്റെ സാധ്യതകളെക്കുറിച്ച് തന്നെ പഠിപ്പിച്ചത് ആ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി വീടുവയ്ക്കുന്നവർക്ക് സാമ്പത്തിക സഹായം, കുഞ്ഞുങ്ങളുടെയും വയോധികരുടെയും സംരക്ഷണം എന്നിവ തിരഞ്ഞെടുപ്പ് ക്യാംപെയ്‌നിൽ ലേബർ പാർട്ടിയുടെ മുഖ്യവാഗ്‌ദാനങ്ങളായതിന്റെ കാരണവും മറ്റൊന്നല്ല.

‘സിംഗിൾ മദർ’ ആയിരുന്നു അമ്മ മര്യാൻ എല്ലെരി. ഐറിഷ് വംശജ. അച്ഛൻ ഇറ്റലിക്കാരനായ കാർലോ ആൽബനീസ് താൻ കുഞ്ഞായിരിക്കുമ്പോഴേ അപകടത്തിൽ മരിച്ചുവെന്നാണു പറഞ്ഞിരുന്നത്. യാഥാസ്ഥിതിക ചുറ്റുപാടുകളിൽ മകന്റെ ഭാവിയോർത്തായിരുന്നു അത്. ഒടുവിൽ, 14–ാം വയസ്സിൽ മകനോട് അമ്മ അക്കാര്യം വെളിപ്പെടുത്തി: അച്ഛൻ ജീവിച്ചിരിപ്പുണ്ട്!

മര്യാനും കാർലോയും വിവാഹിതരായിരുന്നില്ല. ക്രൂസ് കപ്പലിലെ ജീവനക്കാരനായിരുന്ന കാർലോയെ 1962ൽ ഒരു യാത്രയ്ക്കിടെയാണു പരിചയപ്പെട്ടത്. വൻകരകൾ താണ്ടിയ യാത്ര കഴിഞ്ഞ് സിഡ്‌നിയിലേക്കു മടങ്ങുമ്പോൾ അവർ ഗർഭിണിയായിരുന്നു. 2016ൽ പുറത്തിറങ്ങിയ ആത്മകഥ ‘ആൽബനീസ്: ടെല്ലിങ് ഇറ്റ് സ്ട്രെയ്റ്റി’ൽ ആന്തണി തന്നെ ഇക്കാര്യങ്ങൾ തുറന്നെഴുതി.

1963 മാർച്ച് രണ്ടിന് മര്യാൻ ആൽബോയ്ക്കു ജന്മം നൽകി. കടുത്ത സന്ധിവാത രോഗിയായിരുന്ന അമ്മയുടെ മരണശേഷം 2002ലാണ് അദ്ദേഹം അച്ഛനെ തേടിയിറങ്ങിയത്. ദക്ഷിണ ഇറ്റലിയിലെ ബാർലെറ്റയിൽ 2009ൽ അവർ ആദ്യമായി കണ്ടുമുട്ടുമ്പോൾ, മകൻ ഓസ്ട്രേലിയയുടെ ഗതാഗത മന്ത്രിയായിരുന്നു.

ലേബർ പാർട്ടി ഒടുവിൽ അധികാരത്തിലേറിയപ്പോൾ ആന്തണി മന്ത്രിസഭയിലുണ്ടായിരുന്നു. അവസാന മൂന്നുമാസം ഉപപ്രധാനമന്ത്രിയുമായി. ഗഫ് വിറ്റ്‌ലാമിനു ശേഷമുള്ള ഏറ്റവും തീവ്ര ഇടതുപക്ഷ നേതാവ് എന്നാണ് ആൽബനീസ് വിശേഷിപ്പിക്കപ്പെടുന്നത്. 1975ൽ വിറ്റ്‌ലാം പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കിയ സൗജന്യ സർവകലാശാല വിദ്യാഭ്യാസ പദ്ധതിയിലൂടെയാണ് സിഡ്‌നി സർവകലാശാലയിൽനിന്ന് ആൽബനീസ് ബിരുദം നേടിയതും!

സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ഉയർന്ന മിനിമം വേതനം തുടങ്ങിയ ജനക്ഷേമ നയങ്ങളിലൂന്നിയ രാഷ്ട്രീയം പിന്തുടരുന്ന അദ്ദേഹം സമീപകാലത്തു കാലാവസ്ഥ വ്യതിയാനം ചെറുക്കുന്ന നയങ്ങളെയും അനുകൂലിച്ചു.

പാർട്ടിയിലെ പ്രായോഗികവാദത്തിന്റെ വക്താവായും അറിയപ്പെടുന്ന ആൽബോ സമീപകാലത്തു നടത്തിയ ‘മേക്ക് ഓവർ’ ശ്രദ്ധ നേടിയിരുന്നു. വസ്ത്രധാരണത്തിൽ കൂടുതൽ ഫാഷനബിളായതു കൂടാതെ 18 കിലോഗ്രാം തൂക്കവും കുറച്ചു. വോട്ടർമാരെ ആകർഷിക്കാനാണ് ഇതെന്നായിരുന്നു എതിർ പ്രചാരണം.

English Summary: Australian prime minister Scott Morrison concedes defeat in election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS