ADVERTISEMENT

സിഡ്നി ∙ ഓസ്ട്രേലിയയിൽ ഇടതു ലേബർ പാർട്ടിയുടെ പ്രധാനമന്ത്രിയായി ആന്തണി ആൽബനീസ് (59) ഇന്നു സത്യപ്രതിജ്ഞ ചെയ്യും. പരിസ്ഥിതി–കാലാവസ്ഥാമാറ്റം മുഖ്യവിഷയമാക്കിയ ഗ്രീൻസ് പാർട്ടിയും സ്വതന്ത്രരും നടത്തിയ മുന്നേറ്റമാണു ഒരു ദശകത്തോളം നീണ്ട കൺസർവേറ്റീവ് ലിബറൽ പാർട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ചത്.

നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ആൽബനീസ് പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഉച്ചകോടിയിലുണ്ട്.

പരിസ്ഥിതി കക്ഷിയായ ഗ്രീൻസും ലിംഗനീതി, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉന്നയിച്ചു സ്വതന്ത്രരായി മത്സരിച്ചു മുഖ്യധാരാ കക്ഷികളുടെ സ്ഥാനാർഥികളെ തോൽപിച്ച വനിതകളും ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലെ മൂന്നാം ശക്തിയാകും. ഇവരിൽനിന്നും സ്കോട്ട് മോറിസന്റെ ലിബറൽ പാർട്ടിക്കു നഗരമേഖലയിലാണു പ്രധാനമായും തിരിച്ചടിയേറ്റത്. പലയിടത്തും ലേബർ പാർട്ടിയുടെ വോട്ടുകളും സ്വതന്ത്രരും ഗ്രീൻസും കവർന്നു.

27 ലക്ഷം പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീരാൻ സമയമെടുക്കുമെന്നതിനാലാണ് ഫലപ്രഖ്യാപനം നീളുന്നത്. കോവിഡ് മൂലം ഒട്ടേറെ പേരാണു പോസ്റ്റൽ വോട്ടിലേക്കു തിരിഞ്ഞത്. 151 അംഗ പാർലമെന്റിൽ (ജനപ്രതിനിധി സഭ) കേവല ഭൂരിപക്ഷത്തിന് 76 സീറ്റ് വേണം. 70% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ലേബർ പാർട്ടിക്ക് 72 സീറ്റ് ലഭിച്ചു. ലിബറൽ സഖ്യത്തിന് 51. സ്വതന്ത്രരരും ഗ്രീൻസും 14 സീറ്റുകൾ നേടി. 14 സീറ്റുകളിലെ ഫലം കൂടി വരാനുണ്ട്. 

മുഴുവൻ ഫലവും വരുമ്പോൾ കേവലഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയാണു ലേബർ പാർട്ടിക്ക്. ത്രിശങ്കു സഭയാണെങ്കിൽ സ്വതന്ത്രരുടെ പിന്തുണയോടെയാവും ലേബർ പാർട്ടി ഭരിക്കുക.

English Summary: Australia Albanese to be sworn today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com