ഡോൺബാസിലെ ശക്തികേന്ദ്രങ്ങൾ വളഞ്ഞ് റഷ്യ; വിട്ടുകൊടുക്കില്ലെന്ന് യുക്രെയ്ൻ

UKRAINE-RUSSIA-CONFLICT
യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ റഷ്യൻ ആക്രമണത്തിൽ തകർന്ന വീടിനുമുന്നിൽ വയോധിക. ചിത്രം: എഎഫ്പി
SHARE

കീവ് ∙ കിഴക്കൻ മേഖലയിലെ ഡോൺബാസിൽ റഷ്യയുടെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ, ഏതെങ്കിലും പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നതിനോ വെടിനിർത്തലിനോ ഉള്ള സാധ്യത യുക്രെയ്ൻ തള്ളി. നാളെ റഷ്യൻ ആക്രമണം മൂന്നു മാസം പിന്നിടുകയാണ്.

റഷ്യൻ അനുകൂല വിമതർക്കു സ്വാധീനമുള്ള ഡോൺബാസിൽ യുക്രെയ്ൻ സേനയുടെ ശക്തികേന്ദ്രമായ സീവറോഡോണെറ്റ്സ്ക് നഗരം റഷ്യ നാലുവശത്തുനിന്നും വളഞ്ഞു. ഡോൺബാസിൽ സ്ഥിതി അതീവ പ്രയാസകരമാണെന്നും കൂടുതൽ ആയുധങ്ങൾ നൽകണമെന്നും പാശ്ചാത്യശക്തികളോട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ൻ 4000 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരുന്നു. യുക്രെയ്ൻ ജനതയ്ക്കു മാത്രമാണു രാജ്യത്തിന്റെ ഭാവി നിശ്ചയിക്കാൻ അവകാശമെന്നു യുക്രെയ്ൻ പാർലമെന്റിൽ പോളണ്ട് പ്രസിഡന്റ് ആന്ദ്രേ ഡുഡ പറഞ്ഞു. യുദ്ധം ആരംഭിച്ചശേഷം പാർലമെന്റ് സന്ദർശിക്കുന്ന ആദ്യ വിദേശ നേതാവാണ്.

ഡോൺബാസിലെ പ്രവിശ്യയായ ലുഹാൻസ്കിലെ ഇരട്ടനഗരങ്ങളായ സീവിയറോഡോണെറ്റ്സ്കിലും ലിസികാൻസ്കിലും ആണു ഇപ്പോൾ റഷ്യൻ ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്. യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലുള്ള ഈ മേഖല കീഴടക്കിയാൽ ഡോൺബാസ് പൂർണമായി റഷ്യയുടെ പിടിയിലാകും. മരിയുപോൾ കീഴടക്കിയതോടെ ക്രൈമിയ ഉപദ്വീപിലേക്കുള്ള ഏക കരമാർഗം റഷ്യയ്ക്കു സ്വന്തമായിട്ടുണ്ട്. ഇന്നലെ ആയുധങ്ങൾ സൂക്ഷിച്ചിട്ടുള്ള 13 യുക്രെയ്ൻ സൈനിക കേന്ദ്രങ്ങൾക്കു നേരെ വ്യോമാക്രമണം നടത്തിയെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതിനിടെ, ഫിൻലൻഡിന്റെയും സ്വീഡന്റെയും നേതാക്കളുമായി തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ ഫോണിൽ ചർച്ച നടത്തി. കുർദിഷ് വിമതർക്കു പിന്തുണ നൽകുന്നുവെന്ന പേരിൽ ഇരുരാജ്യങ്ങളുടെയും നാറ്റോ പ്രവേശനം തുർക്കി എതിർക്കുന്ന സാഹചര്യത്തിലായിരുന്നു സംഭാഷണം.

English Summary: Fighting in Donbas continues

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA