യുദ്ധക്കുറ്റം: റഷ്യൻ സൈനികന് യുക്രെയ്നിൽ ജീവപര്യന്തം തടവ്

HIGHLIGHTS
  • റഷ്യൻ വ്യോമാക്രമണത്തിൽ കിർണീവിൽ 87 മരണം
ukraine-azovstal
തകർന്ന്, തുരുമ്പെടുത്ത്... യുക്രെയ്നിലെ തെക്കൻ തുറമുഖ നഗരമായ മരിയുപോളിലുള്ള അസോവ്സ്റ്റാൽ സ്റ്റീൽപ്ലാന്റ് റഷ്യൻ ആക്രമണത്തിൽ തകർന്നനിലയിൽ. മരിയുപോൾ പിടിച്ചടക്കാനുള്ള റഷ്യൻ ശ്രമങ്ങൾക്കെതിരെയുള്ള വലിയ പ്രതിരോധത്തിനു വേദിയായിരുന്നു ഈ സ്റ്റീൽപ്ലാന്റ്. ചിത്രം: റോയിട്ടേഴ്സ്
SHARE

കീവ് ∙ നിരായുധനായ പൗരനെ വധിച്ചതിനു റഷ്യൻ സൈനികനെ ജീവപര്യന്തം തടവിനു യുക്രെയ്ൻ കോടതി ശിക്ഷിച്ചു. റഷ്യ ആക്രമണം തുടങ്ങിയ ശേഷമുള്ള ആദ്യ യുദ്ധക്കുറ്റ വിചാരണയാണിത്. 

ഫെബ്രുവരി 28 നു വടക്കുകിഴക്കൻ യുക്രെയ്നിലെ ചുപഖീവ്ക ഗ്രാമത്തിൽ ഒലെക്‌സാൻഡർ ഷെലിപോവ് (62) എന്നയാളെ വെടിവച്ചുകൊന്ന കേസിലാണു വദിം ഷിഷിമറിൻ (21) എന്ന റഷ്യൻ ടാങ്ക് കമാൻഡറെ ശിക്ഷിച്ചത്. കഴിഞ്ഞയാഴ്ചയാണു വിചാരണ ആരംഭിച്ചത്. കോടതിവിധിയോടു റഷ്യ പ്രതികരിച്ചിട്ടില്ല. 

russia-soldier
യുക്രെയ്ൻ പൗരനെ വധിച്ചതിനു ജീവപര്യന്തം തടവുശിക്ഷ ലഭിച്ച റഷ്യൻ സൈനികൻ വദിം ഷിഷിമറിൻ കീവിലെ കോടതിയിൽ വിധി കേൾക്കുന്നു. ചിത്രം: റോയിട്ടേഴ്സ്

ഇതേസമയം, യുക്രെയ്ൻ ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സംഘടനയിലെ റഷ്യയുടെ സ്ഥിരം പ്രതിനിധി ബോറിസ് ബോൺദരേവ് രാജിവച്ചു. ജനീവയിൽ ജോലി ചെയ്യുന്ന അദ്ദേഹം സമൂഹമാധ്യമത്തിലൂടെയാണു ഇക്കാര്യം പുറത്തുവിട്ടത്. 

സൈനിക ബാരക്കുകൾക്കു നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ സ്ഥിരീകരിച്ചു. ഒറ്റ ആക്രമണത്തിൽ യുക്രെയ്ൻ നേരിട്ട ഏറ്റവും വലിയ ആശനാശമാണിത്. മേയ് 17ന് നടന്ന ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പറഞ്ഞത്. കിർണീവ് മേഖലയിലെ ഡെസ്നയിൽ സൈനികപരിശീലനകേന്ദ്രത്തിലാണു റഷ്യയുടെ മിസൈലുകൾ പതിച്ചത്. 87 മൃതദേഹങ്ങളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു പുറത്തെടുത്തതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അറിയിച്ചു. 

ലുഹാൻസ്കിലെ സീവിയറോഡോണെറ്റ്സ്കിൽ റഷ്യയുടെ മുന്നേറ്റം തടഞ്ഞതായി യുക്രെയ്ൻ അവകാശപ്പെട്ടു. റഷ്യൻ സേന ഇവിടെ നിന്നു പിൻവാങ്ങുന്നതായാണു റിപ്പോർട്ട്. റഷ്യ പിടിച്ചെടുത്ത മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കുനിർമാണ ഫാക്ടറി മേഖലയിൽനിന്ന് കുഴിബോംബുകൾ നീക്കം ചെയ്യാൻ തുടങ്ങി. യുക്രെയ്ൻ സൈന്യം കുഴിച്ചിട്ട 100 സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയെന്നു റഷ്യ അറിയിച്ചു. 

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA