ADVERTISEMENT

ഓസ്റ്റിൻ∙ യുഎസിലെ ടെക്സസ് സംസ്‌ഥാനത്തെ യുവാൽഡി പട്ടണത്തിലുള്ള റോബ് എലമെന്ററി സ്കൂളിൽ 18 വയസ്സുള്ള അക്രമി സാൽവദോർ റാമോസ് നടത്തിയ വെടിവയ്പിൽ 2,3,4 ക്ലാസുകളിൽ പഠിക്കുന്ന 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെ‌ട്ടു. നാലാം ക്ലാസിലെ ടീച്ചറായ ഈവ മിറാലസാണ് കൊല്ലപ്പെട്ട അധ്യാപകരിലൊരാൾ. 7 മുതൽ 10 വയസ്സ് വരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികൾ. യുഎസിൽ ഈ വർഷം നടന്ന 27–ാമത്തെ സ്കൂൾ വെടിവയ്പാണ് ഇത്. 

ടെക്സസിലെ സാൻ അന്റോണിയോ നഗരത്തിൽ നിന്ന് 130 കിലോമീറ്റർ അകലെയായാണ് യുവാൽഡി പട്ടണം. സ്കൂളിനു സമീപമേഖലയിൽ താമസിച്ചിരുന്ന റാമോസ് ഇന്നലെ തന്റെ മുത്തശ്ശിയെയാണ് ആദ്യം വെടിവച്ചത്. ഇവർ ഗുരുതരാവസ്ഥയിലാണ്. ഇതിനു ശേഷം കടന്നുകളഞ്ഞ റാമോസ് സ്കൂളിലേക്ക് കാർ ഇടിച്ചുകയറ്റി. തുടർന്ന് പുറത്തിറങ്ങിയ ശേഷമായിരുന്നു കൂട്ടക്കൊല. കൈത്തോക്കും സെമി ഓട്ടമാറ്റിക് റൈഫിളും ശരീരത്തിൽ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും ഇയാൾക്കുണ്ടായിരുന്നു. പിന്നാലെയെത്തിയ പൊലീസ് സേന ഒടുവിൽ അക്രമിയെ വെടിവച്ചുകൊന്നു.

അക്രമത്തിന് പ്രേരണയായതെന്തെന്ന് വെളിവായിട്ടില്ലെന്നും മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്നും അധികൃതർ പറയുന്നു. 2012നു ശേഷം യുഎസിലെ ഏറ്റവും ദാരുണമായ സ്കൂൾ വെടിവയ്പാണ് ഇത്. മരിച്ചവരോട് ആദരസൂചകമായി ശനിയാഴ്ച വരെ യുഎസ് പതാക പകുതി താഴ്ത്തിക്കെട്ടാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചു. 

തോക്കുലോബിക്കെതിരെ അണി നിരക്കൂ: ബൈഡൻ

വൈകാരികമായി പ്രതികരിച്ച ജോ ബൈഡൻ യുഎസിലെ കരുത്തുറ്റ തോക്കു ലോബിക്കെതിരെ അണി നിരക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. തോക്കുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ബൈഡൻ സർക്കാരിനുമേൽ റോബ് സ്കൂൾ വെടിവയ്പ് സമ്മർദ്ദമേറ്റിയിട്ടുണ്ട്. 10 ദിവസങ്ങൾക്ക് മുൻപ് ന്യൂയോർക്കിലെ ബഫലോയിലുള്ള സൂപ്പർമാർക്കറ്റിൽ 18 വയസ്സുകാരൻ നടത്തിയ വെടിവയ്പിൽ 10 പേർ മരിച്ചിരുന്നു.

English Summary: Firing in US school

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com