ADVERTISEMENT

കൊളംബോ ∙ ശ്രീലങ്കയുടെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ധനമന്ത്രിയുടെ അധികച്ചുമതല കൂടി വഹിക്കുമെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഓഫിസ് അറിയിച്ചു. അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന രാജ്യത്തെ കരകയറ്റുന്നതിന് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) വായ്പ നേടിയെടുക്കാൻ പരിചയസമ്പന്നനായ രാഷ്ട്രീയനേതാവായ വിക്രമസിംഗെയ്ക്കു കഴിയുമെന്ന പ്രതീക്ഷയിലാണിത്. ഐഎംഎഫുമായുള്ള ചർച്ചകൾ തുടരുകയാണ്. ആറാഴ്ചയ്ക്കുള്ളിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമെന്നും സർക്കാർ ചെലവുകൾ വെട്ടിക്കുറച്ച് ജനങ്ങളുടെ ദുരിതമകറ്റാൻ വിനിയോഗിക്കുമെന്നും വിക്രമസിംഗെ പറഞ്ഞു. 

ശ്രീലങ്ക സ്വതന്ത്രമായശേഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. വിലക്കയറ്റം 40 ശതമാനത്തോടടുക്കുന്നു. മരുന്നും ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും ഇറക്കുമതി ചെയ്യാൻ വിദേശനാണ്യം ഇല്ലാത്തതിനാൽ ക്ഷാമം അതിരൂക്ഷം. പ്രധാന വരുമാനമാർഗമായ വിനോദസഞ്ചാരമേഖല കോവിഡ് പ്രതിസന്ധിയിൽ തകർന്നടിഞ്ഞു. വിദേശകടം തിരിച്ചടവ് നിർത്തിവയ്ക്കേണ്ടി വന്നു. 

അയൽരാജ്യങ്ങളായ ഇന്ത്യയും ചൈനയുമായി നല്ല ബന്ധമുള്ള വിക്രമസിംഗെ പ്രധാനമന്ത്രി ആയിരുന്നപ്പോൾ 2016ൽ ഐഎംഎഫുമായി ചർച്ച നടത്തിയ പരിചയമുണ്ട്. പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത വിക്രമസിംഗെയ്ക്ക് പ്രതിപക്ഷ കക്ഷികളുടെയെല്ലാം പൂർണ പിന്തുണ ലഭിച്ചാലേ കടുത്ത നടപടികളുമായി മുന്നോട്ടുപോകാനാവൂ. 

English Summary: Sri Lanka's Prime Minister Ranil Wickremesinghe takes on crucial finance ministry portfolio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com