ADVERTISEMENT

ഹർകീവ് ∙ വടക്കുകിഴക്കൻ യുക്രെയ്ൻ നഗരമായ ഹർകീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ 4 മരണം. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. സുരക്ഷാ ഷെൽട്ടറിലേക്കു മാറാൻ നഗരഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളിൽ ഹർകീവിൽ വലിയ പോരാട്ടം നടന്നിരുന്നെങ്കിലും റഷ്യൻ സേന ഡോൺബാസിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയും യുക്രെയ്ൻ സൈന്യം നിലയുറപ്പിക്കുകയും ചെയ്തതോടെ ഹർകീവ് കഴിഞ്ഞ കുറച്ചുനാളുകളായി സമാധാനം കൈവരിച്ചിരുന്നു.

ഇതിനിടെ, കിഴക്കൻ യുക്രെയ്നിലെ റഷ്യൻ അനുകൂല വിമത മേഖലയായ ഡോൺബാസിൽ റഷ്യ നാൽപതിലേറെ സ്ഥലങ്ങളിൽ ഷെല്ലാക്രമണം നടത്തി. മേഖലയിലുള്ള സീവിയറൊഡോണെറ്റ്സ്, ലൈസിഷാൻസ്ക് എന്നീ നഗരങ്ങൾ വളയാൻ ശ്രമം തുടരുന്നു. ഇവ വീണാൽ ഡോൺബാസിലെ ലുഹാൻസ്ക് പ്രവിശ്യ റഷ്യൻ കരങ്ങളിലാകും. ഈ നഗരങ്ങളിലേക്കുള്ള തന്ത്രപ്രധാനമായ ഹൈവേ, റഷ്യ കുറച്ചുനേരം നിയന്ത്രണത്തിലാക്കിയെങ്കിലും യുക്രെയ്ൻ തിരിച്ചുപിടിച്ചു. 

ഡോൺബാസിൽ ഇതുവരെ 8000 ൽ അധികം യുക്രെയ്ൻകാരെ യുദ്ധക്കുറ്റവാളികളായി പിടിച്ചെന്ന് റഷ്യൻ വൃത്തങ്ങൾ പറഞ്ഞു. മരിയുപോളിലും ലൈസിഷാൻസ്കിലും കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തി. നൂറുകണക്കിനു മൃതശരീരങ്ങൾ ഇവയിലുണ്ട്.

1248-kramatorsk
കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ റഷ്യൻ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിനു മുന്നിലിരിക്കുന്ന ബാലൻ(Photo by ARIS MESSINIS / AFP)

യുക്രെയ്നിൽ നിന്നു ധാന്യ നീക്കം സുഗമമാക്കാൻ ഇടനാഴിയൊരുക്കുന്നതിനായി തുർക്കി, റഷ്യയും യുക്രെയ്നുമായി നടത്തുന്ന ചർച്ചകൾ തുടരുകയാണ്. കരിങ്കടൽ തുറമുഖങ്ങൾ പ്രവർത്തിക്കാതായതോടെ ലക്ഷക്കണക്കിനു ടൺ ധാന്യങ്ങൾ കെട്ടിക്കിടക്കുന്നത് ആഗോള ഭക്ഷ്യക്ഷാമത്തിനു വഴിയൊരുക്കിയിട്ടുണ്ട്.

1248-ukrainian-servicemen
ഡോൺബാസ് മേഖലയിൽ യുക്രെയ്‍ൻ സൈനികൻ (Photo by ARIS MESSINIS / AFP)

ഇതിനിടെ, ബെലാറൂസ്–യുക്രെയ്ൻ അതിർത്തിയിലെ തെക്കൻ മേഖലയിൽ പ്രത്യേക സൈനിക കമാൻഡ് രൂപീകരിക്കാൻ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോ നിർദേശം നൽകി. സൈനികസേവനത്തിനു ചേരാനുള്ള ഉയർന്ന പ്രായപരിധി റഷ്യ താൽക്കാലികമായി റദ്ദാക്കി.

English Summary: Russian forces attack 40 towns in Donbas - Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com