ADVERTISEMENT

ന്യൂയോർക്ക്∙ ദാരുണമായ റോബ് എലമെന്ററി സ്കൂൾ വെടിവയ്പിനു ശേഷം രാജ്യത്തെ തോക്കുലോബിയെ നിയന്ത്രിക്കണമെന്ന ആവശ്യം കടുക്കുകയാണ്. സാധാരണക്കാർ തോക്കുകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് ശക്തമായ നിയമങ്ങൾ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്.

1968ൽ യുഎസ് പാസാക്കിയ ഗൺ കൺട്രോൾ ആക്ട് പ്രകാരം 18 വയസ്സു കഴിഞ്ഞാൽ കൈത്തോക്കോ ചെറുതോക്കോ വാങ്ങാം. യുഎസ് ഭരണഘടനയുടെ രണ്ടാം ഭേദഗതി പ്രകാരം തോക്ക് കൈവശം വയ്‌ക്കുന്നതു പൗരന്മാരുടെ സംരക്ഷിത അവകാശങ്ങളിലൊന്നാണ്. അമേരിക്കക്കാരിൽ മൂന്നിലൊന്നിലേറെ പേരും സ്വന്തമായി തോക്കുള്ളവരാണ്.

തീരാത്ത വെടിവയ്പുകൾ

യുഎസിൽ ഈ വർഷം ഇതുവരെ പലയിടങ്ങളിലായി 202 വെടിവയ്പുണ്ടായി.221 പേർ ഈ സംഭവങ്ങളിലായി മരിച്ചു. പത്തു ദിവസങ്ങൾക്ക് മുൻപ് നടന്ന ബഫലോയിലെ വെടിവയ്പിനു മുൻപ് ഏപ്രിൽ 17 നു പിറ്റ്സ്ബർഗിൽ നിശാപാർട്ടിയിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടിരുന്നു. ഒട്ടേറെ പേർക്കു പരുക്കേറ്റു. ഏപ്രിൽ 11ന് വിലോബ്രൂക്കിൽ കാറിനുള്ളിൽ നിന്ന് അജ്ഞാതർ നടത്തിയ വെടിവയ്പിൽ 2 പേർ മരിച്ചു. ഏപ്രിൽ 10ന് അയോവയിലെ സിഡർ റാപിഡ്സിലെ നിശാക്ലബിൽ നടന്ന വെടിവയ്പിൽ 2 പേർ മരിച്ചു. ഏപ്രിൽ 3നു കലിഫോർണിയയുടെ തലസ്ഥാനമായ സാക്രമന്റോയിൽ ഉണ്ടായ വെടിവയ്പിൽ 6 പേർ മരിച്ചു.

തോക്കുകളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കൂട്ടക്കൊല എന്തിന്?

ഓസ്റ്റിൻ (ടെക്സസ്)∙ റോബ് എലമെന്ററി സ്കൂളിൽ കൂട്ടക്കൊല നടത്തിയ സാൽവദോർ റാമോസ് മറ്റൊരു സ്കൂളിൽ ഹൈസ്കൂൾ വിദ്യാ‍ർഥിയായിരുന്നു. ഇയാൾ എന്തിനാണ് കൃത്യം ചെയ്തതെന്നതു സംബന്ധിച്ചു സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംസാര തടസ്സമുണ്ടായിരുന്ന റാമോസ് ഇതിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടിരുന്നു. സംഘർഷഭരിതമായ കുടുംബപശ്ചാത്തലമാണ് അക്രമിക്കുണ്ടായിരുന്നതെന്നും പറയപ്പെടുന്നു.

ഒരു വർഷം മുൻപ് സമൂഹമാധ്യമങ്ങളിൽ താൻ വാങ്ങാൻ ആഗ്രഹിക്കുന്ന തോക്കുകളുടെ ചിത്രങ്ങൾ റാമോസ് പോസ്റ്റ് ചെയ്തിരുന്നു. 4 ദിവസങ്ങൾക്ക് മുൻപ് തന്റെ ഇൻസ്റ്റഗ്രാമിൽ 2 തോക്കുകളുടെ ചിത്രങ്ങളും റാമോസ് പങ്കുവച്ചിരുന്നു. തന്റെ പതിനെട്ടാം ജന്മദിനത്തിലാണ് ഇവ ഇയാൾ വാങ്ങിയത്. ഒരു ആക്രമണത്തെക്കുറിച്ചുള്ള സൂചനകളും ഇൻസ്റ്റഗ്രാമിൽ ഇയാൾ നൽകിയിരുന്നു.

സ്പാനിഷ് വംശപാരമ്പര്യമുള്ള ഹിസ്പാനിക് വംശജർ ജീവിക്കുന്ന സ്ഥലമാണ് യുവാൽഡി. താരതമ്യേന വരുമാനം കുറഞ്ഞ ജനതയാണ് ഇവിടെയുള്ളത്. സ്കൂളിൽ പഠിച്ചിരുന്ന കുട്ടികളിൽ കൂടുതലും മധ്യവർഗ തൊഴിലാളികളുടെ മക്കളായിരുന്നു.

15 വർഷങ്ങൾക്കിടയിലെ പ്രധാന വെടിവയ്പുകൾ

∙ 2007 ഏപ്രിൽ 16

വെർജീനിയ ടെക് സർവകലാശാലയിലെ വെടിവയ്‌പിൽ 33 പേർ മരിച്ചു.

∙ 2016 ജൂൺ 12

ഫ്ലോറിഡ ഓർലാൻഡോ നിശാക്ലബ്ബിലെ വെടിവയ്പിൽ 49 പേർ മരിച്ചു.

∙ 2017 ഒക്ടോബർ 1

ലാസ് വേഗസിൽ സംഗീതോത്സവത്തിനിടെ വെടിവയ്‌പ്. 60 പേർ മരിച്ചു. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പ്.

∙ 2017 നവംബർ 6

ടെക്സസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് പളളിയിൽ വെടിവയ്പിൽ 26 പേർ മരിച്ചു.

∙ 2019 ആഗസ്റ്റ് 3

ടെക്സസിലെ എൽ പാസോയിലെ വാൾമാർട്ട് സ്റ്റോറിൽ വെടിവയ്പിൽ 23 പേർ മരിച്ചു.

സ്കൂളുകൾ ചോരക്കളങ്ങൾ

യുഎസിലെ സ്കൂളുകൾ പലപ്പോഴും വെടിവയ്പുകളുടെ വേദിയായിട്ടുണ്ട്. കഴിഞ്ഞവർഷം 34 സ്കൂൾ വെടിവയ്പുകൾ നടന്നു.

സമീപകാലത്തെ പ്രധാന വെടിവയ്പുകൾ

∙ 2012 ഡിസംബർ 14

ന്യൂയോർക്ക് ന്യൂടൗണിലുള്ള സാൻഡി ഹൂക്ക് സ്‌കൂളിൽ വെടിവയ്പിൽ 20 പിഞ്ചു കുട്ടികൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്കൂൾ വെടിവയ്‌പാണ് ഇത്.

∙ 2018 ഫെബ്രുവരി 14

ഫ്ലോറിഡയിലെ പാർക്‌ലാൻഡ് മർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ കുട്ടികളടക്കം 17 പേർ, പുറത്താക്കപ്പെട്ട വിദ്യാർഥിയുടെ വെടിയേറ്റു മരിച്ചു.

∙ 2018 മെയ് 17

ടെക്സസ് സാന്താ ഫെ ഹൈസ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു.

∙ 2019 നവംബർ 14

ലൊസാഞ്ചലസിനു സമീപം സാന്റ ക്ലാരിറ്റയിലെ സൗഗസ് സ്കൂളിൽ ഏഷ്യൻ വംശജനായ കൗമാരക്കാരൻ നടത്തിയ വെടിവയ്പിൽ 2 വിദ്യാർഥികൾ മരിച്ചു.

English Summary: US under shock about gun fire in school

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com