ADVERTISEMENT

ജനീവ ∙ റഷ്യയുടെ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 നു ശേഷം യുക്രെയ്നിൽ 200 കുട്ടികൾ അടക്കം 4031 സാധാരണ പൗരന്മാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മിഷണറുടെ ഓഫിസ് അറിയിച്ചു. യഥാർഥ മരണ സംഖ്യ ഇതിലും ഉയർന്നതാവാം. വ്യോമാക്രമണത്തിലൂടെയും പീരങ്കയാക്രമണത്തിലൂടെയോ ഉണ്ടായ ഉഗ്ര സ്ഫോടനങ്ങളിലാണ് ഏറെപ്പേരും കൊല്ലപ്പെട്ടതെന്ന് യുഎൻ പറഞ്ഞു. എന്നാൽ, റഷ്യൻ ആക്രമണത്തിലാണോ നാലായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടത് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കിഴക്കൻ യുക്രെയ്നിൽ റഷ്യൻ സൈന്യം വളഞ്ഞ സീവിയറൊഡോണെറ്റ്സ്ക് നഗരത്തിൽ രൂക്ഷയുദ്ധം തുടരുകയാണ്. റഷ്യൻ ഷെല്ലാക്രമണത്തിൽ 90 ശതമാനവും തകർന്ന നിലയിലാണ്. റെയിൽവേ ഹബ് പട്ടണമായ ലിമൻ റഷ്യൻ സേന പിടിച്ചെടുത്തതായി യുക്രെയ്ൻ സ്ഥിരീകരിച്ചു. ഒട്ടേറെ ജനങ്ങൾ കുടുങ്ങിയിട്ടുണ്ട്. യുക്രെയ്നിനുവേണ്ടി വിമാനവേധ സ്റ്റിംഗർ മിസൈലുകൾ വാങ്ങാനായി യുഎസ് സേന 68.7 കോടി ഡോളറിന്റെ കരാർ ഒപ്പിട്ടു.

30,31 തീയതികളിൽ യൂറോപ്യൻ യൂണിയൻ ഉച്ചകോടി നടക്കാനിരിക്കെ, ഇന്ധന വിതരണം പുനരരാംഭിക്കാൻ ഈ രാജ്യങ്ങൾ റഷ്യയുമായി ചർച്ച തുടങ്ങി. റൂബിളിൽ തന്നെ പണം നൽകണമെന്നാവശ്യപ്പെട്ട് കപ്പൽ വഴിയുള്ള ഇന്ധനവിതരണമാണു റഷ്യ നിർത്തിയത്. എന്നാൽ, പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതിവാതകവിതരണം തുടരുന്നുണ്ട്. ഹംഗറിയും ജർമനിയുമാണ് ഇതിന്റെ മുഖ്യ ഗുണഭോക്താക്കൾ. 

നോർഡ് സ്ട്രീം 1 പൈപ്പ് ലൈൻ വഴി റഷ്യൻ വാതകം വാങ്ങുന്നതു നിർത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്ന് യുക്രെയ്ൻ ആവശ്യപ്പെട്ടു. യുക്രെയ്ൻ ആക്രമണത്തിന്റെ പേരിൽ നോർഡ് സ്ട്രീം 2 പൈപ്പ് ലൈൻ പദ്ധതി ജർമനി നേരത്തേ നിർത്തിയിരുന്നു.

അതിനിടെ, സമാധാന ചർച്ചയ്ക്കു തയാറാണെന്നു റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തന്നോടു പറഞ്ഞതായി ഓസ്ട്രിയയുടെ ചാൻസലർ കാൾ നെഹാമർ പറഞ്ഞു. ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം 45 മിനിറ്റ് നീണ്ടു.

ഫിൻലൻഡും സ്വീഡനും തുർക്കിയുമായി നടത്തിയ അനുരഞ്ജന ചർച്ചകൾ എങ്ങുമെത്തിയില്ല. ഇരുരാജ്യങ്ങളും നാറ്റോയിൽ ചേരുന്നതിനെ തുർക്കി എതിർക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾ ആരംഭിച്ചത്.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com