ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ കത്തോലിക്കാ സഭയിൽ സുവിശേഷ പ്രഘോഷണം അൽമായരുടെയും ഉത്തരവാദിത്തമാക്കുന്ന അപ്പസ്തോലിക രേഖ ‘പ്രേഡീക്കേറ്റ് ഇവാൻജലിയം’ പന്തക്കുസ്ത ദിനമായ ഇന്നലെ നിലവിൽവന്നു. സഭയിൽ വൻമാറ്റങ്ങൾക്കു തുടക്കമിടുന്ന ഭരണരേഖയാണിത്. വനിതകൾ ഉൾപ്പെടെ മാമോദീസ സ്വീകരിച്ച എല്ലാ കത്തോലിക്കർക്കും ഭരണ വകുപ്പുകളുടെ നേതൃസ്ഥാനത്തിന് അവകാശം നൽകുന്നതോടെ സഭാ ഭരണത്തിൽ എല്ലാവരുടെയും പങ്കാളിത്തം യാഥാർഥ്യമാകുകയാണ്. 

 മിഷനറി ദൗത്യത്തിന് പ്രാധാന്യവും രൂപതകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും ലഭിക്കും. ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റതിന്റെ ഒൻപതാം വാർഷികദിനമായ കഴിഞ്ഞ മാർച്ച് 19നാണ് പുതിയ രേഖ പുറത്തിറക്കിയത്.

ഇതേസമയം, ഫ്രാൻസിസ് മാർപാപ്പ സ്ഥാനത്യാഗം ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. സെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പയുടെ തിരുനാളിൽ പങ്കെടുക്കാ‍ൻ വരുന്ന ഓഗസ്റ്റ് 28ന് മധ്യ ഇറ്റലിയിലെ നഗരമായ ലാക്വില സന്ദർശിക്കുമെന്ന് മാർപാപ്പ അറിയിച്ചതോടെയാണിത്. ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കു മുൻപ് സ്ഥാനത്യാഗം ചെയ്തയാളാണ് സെലസ്റ്റിൻ മാർപാപ്പ. ഈയിടെ പ്രഖ്യാപിച്ച 21 കർദിനാൾമാരുടെ സ്ഥാനാരോഹണ ചടങ്ങ് ഓഗസ്റ്റ് 27നാണ്. അതിനുശേഷം കർദിനാൾമാരുമായി സഭയിലെ ഭരണപരമായ മാറ്റങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുമെന്നും അറിയിച്ചിരുന്നു.

കാൽമുട്ടിലെ വേദനയുൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുള്ള 85കാരനായ ഫ്രാൻസിസ് മാർപാപ്പ സഥാനമൊഴിയുമെന്ന സൂചന നൽകിയിരുന്നു.

 ഓഗസ്റ്റിൽ ഇറ്റലി അവധി ആഘോഷിക്കുന്ന സമയത്ത് കർദിനാൾമാരുടെ സ്ഥാനാരോഹണവും മറ്റും പുതിയ മാർപാപ്പയുടെ വരവിനു കളമൊരുക്കുന്നതായും പറയുന്നു. സഭയിൽ ഒട്ടേറെ മാറ്റങ്ങൾക്കു തുടക്കമിട്ട ഫ്രാൻസിസ് മാർപാപ്പയുടെ നയങ്ങളുടെ പിന്തുടർച്ച ഉണ്ടാകുമെന്നാണു സൂചന.

English Summary: Pope Francis promulgates Apostolic Constitution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com