ഓർമകൾ ഗർജിക്കുന്നു; ഇതാ ലുമുംബയുടെ പല്ലുകൾ

patrice-lumumba
1960 ഡിസംബറിൽ പാട്രിസ് ലുമുംബ വിഘടനവാദികളുടെ പിടിയിലായപ്പോൾ.
SHARE

ബ്രസൽസ് ∙ സ്പന്ദിക്കുന്ന സ്മരണകൾ കൈമാറി ബൽജിയം, ചരിത്രത്തിലെ ആ കൊടിയ തെറ്റ് തിരുത്തുന്നു. ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന കമ്യൂണിസ്റ്റ് നേതാവ് പാട്രിസ് ലുമുംബയുടെ ആകെയുള്ള ശേഷിപ്പായ 2 പല്ലുകൾ, മാതൃരാജ്യത്തിനു ബൽജിയം മടക്കി നൽകും. മധ്യ ആഫ്രിക്കയിലെ കൊടുംചൂഷണത്തിന്റെ പേരിൽ ഇപ്പോഴും തങ്ങളെ പഴിക്കുന്ന കോംഗോയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ബൽജിയത്തിന്റെ നടപടി.

പ്രത്യേക പേടകത്തിൽ അടക്കം ചെയ്ത പല്ലുകൾ, ബൽജിയത്തിന്റെയും ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെയും പ്രധാനമന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിലാവും ലുമുംബയുടെ ബന്ധുക്കൾക്കു കൈമാറുക. ലുമുംബയുടെ ബന്ധുക്കളെ ബൽജിയൻ രാജാവ് കിങ് ഫിലിപ് നേരിട്ടെത്തി സ്വീകരിക്കും. പിതാവിന്റെ പല്ല് കൈമാറാമെന്ന ബൽജിയത്തിന്റെ വാഗ്ദാനത്തെ ലുമുംബയുടെ മകൻ റോളണ്ട് സ്വാഗതം ചെയ്തു.

ആഫ്രിക്കയിലെ കോളനിവാഴ്ചയ്ക്കെതിരായ പോരാട്ടത്തിലൂടെ ഉദിച്ചുയർന്ന ലുമുംബ 1960ലാണ് കോംഗോയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. സ്വതന്ത്ര കോംഗോയിൽ ജനാധിപത്യ മാർഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയായിരുന്നു ലുമുംബ. 

1961ൽ വിഘടനവാദികളും ബൽജിയൻ കൂലിപ്പട്ടാളവും ചേർന്ന് അദ്ദേഹത്തെ വധിച്ചു. ജയിലിൽ അടച്ചു പീഡിപ്പിച്ച ശേഷം 35 വയസ്സ് മാത്രമുള്ള ലുമുംബയെ വെടിവച്ചുകൊല്ലുകയായിരുന്നു. തുടർന്നു ശരീരം വെട്ടിമുറിച്ച് കഷണങ്ങളാക്കി ആസിഡിൽ ലയിപ്പിച്ചു. 

കമ്യൂണിസ്റ്റ് നേതാവായ ലുമുംബയുടെ ജീവനെടുക്കാൻ അമേരിക്കൻ രസഹ്യാന്വേഷണ ഏജൻസിയായ സിഐഎയും അന്നു രംഗത്തുണ്ടായിരുന്നു. ലുമുംബ വധിക്കപ്പെട്ടതിന്റെ ധാർമിക ഉത്തരവാദിത്തം സംഭവം നടന്നു 4 പതിറ്റാണ്ടിനു ശേഷമാണു ബൽജിയം ഏറ്റെടുത്തത്. എന്നാൽ ആ കൊലപാതകത്തിനു പിന്നിലെ സാഹചര്യങ്ങൾ വെളിച്ചത്തുവരാൻ വീണ്ടും വർഷങ്ങൾ വേണ്ടിവന്നു.

ജർമൻ ടിവി 2000ൽ സംപ്രേഷണം ചെയ്ത ഹ്രസ്വചിത്രത്തിലൂടെ ബൽജിയൻ പൊലീസ് കമ്മിഷണറായിരുന്ന ജെറാർദ് സൊറ്റെയാണു ലുമുംബയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡിൽ ലയിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. 

തെളിവായി ലുമുംബയുടെ രണ്ടു പല്ലുകളും അദ്ദേഹം പ്രദർശിപ്പിച്ചു. ലുമുംബയുടെ സ്വർണപ്പല്ല് തന്റെ പക്കലുണ്ടെന്ന് സൊറ്റെയുടെ മകൾ അഭിമുഖത്തിൽ അവകാശപ്പെട്ടതോടെ 2016ൽ പരാതി ഉയർന്നു. ഇതേത്തുടർന്നാണു ലുമുംബയുടെ പല്ല് ബെൽജിയൻ അധികൃതർ പിടിച്ചെടുത്തത്.

che-guevara

വെട്ടിമാറ്റിയത് ചെയുടെ കൈകളും

വിപ്ലവ നക്ഷത്രം ഏണസ്റ്റോ ചെ ഗവാരയുടെ ഭൗതികാവശിഷ്ടങ്ങളും മരണാനന്തരം ക്യൂബയിലെ കുടുംബാംഗങ്ങൾക്ക് കൈമാറുകയായിരുന്നു. 1967 ഓക്ടോബർ 9 നാണ് ചെ യെ വധിച്ചത്. ബൊളീവിയയിലെ ഏകാധിപത്യ ഭരണകൂടം ചെ യുടെ രണ്ടു കൈകളും വെട്ടിമാറ്റിയാണ് തെക്കുകിഴക്കൻ ബൊളീവിയയിലെ വാലിഗ്രാൻഡ് വനത്തിനടുത്തുള്ള ഗ്രാമത്തിൽ ശരീരം മറവുചെയ്തത്. പിന്നീട് ഇവിടെ നിന്നു ലഭിച്ച അസ്ഥികൂടത്തിന് കൈകളില്ലായിരുന്നു. കോംഗോയിൽ ലുമുംബയും ചെയും ഒരുമിച്ചു പ്രവർത്തിച്ചിട്ടുമുണ്ട്.

English Summary: Belgium to return Patrice Lumumba's gold tooth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA