ADVERTISEMENT

കൊളംബോ ∙ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജിക്കായി രാജ്യമൊട്ടാകെ പ്രക്ഷോഭം തുടരുമ്പോൾ അദ്ദേഹത്തിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തുകളഞ്ഞുകൊണ്ടും പ്രസിഡന്റിനെയും മന്ത്രിസഭയെയും പാർലമെന്റിന്റെ നിയന്ത്രണത്തിലാക്കിക്കൊണ്ടും ശ്രീലങ്കയിൽ ഭരണഘടനാ ഭേദഗതി പാസാക്കി. സർവാധികാരങ്ങളും പ്രസിഡന്റിനു നൽകുന്ന 20–ാം ഭേദഗതിയിലൂടെ വരുത്തിയ മാറ്റങ്ങൾ റദ്ദാക്കുന്നതാണ് പുതിയ ഭേദഗതി. 

ഇപ്പോഴത്തെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിൽ 2015 ൽ കൊണ്ടുവന്ന 19–ാം ഭേദഗതിയിൽ പരമാധികാരം പാർലമെന്റിനായിരുന്നു. അതിനെ മറികടക്കാനാണ് 2020 ൽ രാജപക്സെ 20–ാം ഭേദഗതി കൊണ്ടുവന്നത്. 

അതേസമയം, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഓഫിസിലേക്കുള്ള വഴിയടച്ചു സമരം ചെയ്ത ബുദ്ധസന്യാസിമാരും സ്ത്രീകളും ഉൾപ്പെടെ 21 പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. 

പ്രസിഡന്റ് രാജപക്സെയുടെ 73–ാം ജന്മദിനമായ ഇന്നലെ ദുഃഖാചരണം നടത്താൻ സമരക്കാർ ആഹ്വാനം ചെയ്തിരുന്നു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ഏപ്രിൽ 9നു തുടങ്ങിയ സമരമാണ് കൂടുതൽ‌ ജനപങ്കാളിത്തത്തോടെ ഇപ്പോഴും തുടരുന്നത്. 

ഇന്ധനക്ഷാമം രൂക്ഷമായതോടെ വാഹനഗതാഗതം കുറയ്ക്കുന്നതിനായി സർക്കാർ അവശ്യസേവനങ്ങളൊഴികെ എല്ലാം റദ്ദാക്കി. 

വിദ്യാഭ്യാസസ്ഥാപനങ്ങളും അവശ്യവിഭാഗങ്ങൾ ഒഴികെയുള്ള സർക്കാർ ഓഫിസുകളും 2 ആഴ്ചത്തേക്ക് അടച്ചു. 

11 അംഗ ഐഎംഎഫ് സംഘമെത്തി

∙ സാമ്പത്തികപ്രതിസന്ധിക്കും കടക്കെണിക്കും പരിഹാരം കാണാനുള്ള ചർച്ചകൾക്കായി രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) 11 അംഗ പ്രതിനിധിസംഘം ശ്രീലങ്കയിലെത്തി ചർച്ചകൾ ആരംഭിച്ചു. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. 

രാജ്യാന്തര കടങ്ങൾ പുനഃക്രമീകരിക്കാനും 300 കോടി ഡോളറിന്റെ പുതിയ വായ്പ തേടാനുമാണ് ഐഎംഎഫുമായുള്ള ചർച്ച. സബ്സിഡികൾ നിർത്തലാക്കിയും നികുതിപിരിവ് കാര്യക്ഷമമാക്കിയുമുള്ള പരിഷ്കാരങ്ങളാകും ഐഎംഎഫ് നിർദേശിക്കുക. 

അതേസമയം, ഐഎംഎഫ് സംഘവുമായി ചർച്ചയ്ക്കു പുറപ്പെട്ട ധനകാര്യ സെക്രട്ടറിയെ സമരക്കാർ ധനമന്ത്രാലയത്തിനു മുന്നിൽ തടഞ്ഞുവച്ചത് സംഘർഷാവസ്ഥയുണ്ടാക്കി.

English Summary: Constitution amendment in Srilanka to control president  Gotabaya Rajapaksa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com