യുക്രെയ്ൻ – റഷ്യ യുദ്ധത്തിന് നാളെ 4 മാസം; കിഴക്കൻ ഗ്രാമങ്ങൾ റഷ്യയുടെ പിടിയിൽ

HIGHLIGHTS
  • ഹർകീവിൽ 15 മരണം; അഭയാർഥികൾ 77 ലക്ഷം കടന്നു
ukraine-building
കല്ലുകൾ ബാക്കി... യുക്രെയ്ൻ തലസ്ഥാനം കീവിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ, വ്യാവസായിക കെട്ടിടം പൂർണമായി തകർന്നപ്പോൾ. ചിത്രം: എഎഫ്പി
SHARE

കീവ് ∙ കിഴക്കൻ യുക്രെയ്നിൽ കൂടുതൽ ഗ്രാമങ്ങൾ കീഴടക്കി റഷ്യയുടെ മുന്നേറ്റം. ലുഹാൻസ്ക് മേഖലയിലെ ലിസിചാൻസ്കിനും സീവിയെറോഡോണെറ്റ്സ്കിനും സമീപത്തെ ജനവാസകേന്ദ്രങ്ങളെല്ലാം റഷ്യൻ സേന പിടിച്ചു. ഹർകീവിൽ കഴിഞ്ഞ 2 ദിവസങ്ങളിലായി 15 പേർ റഷ്യൻ ആക്രമണത്തിൽ മരിച്ചു. 

തെക്കൻ നഗരമായ മൈക്കലയേവിൽ മിസൈൽ ആക്രമണത്തിൽ സ്കൂളുകളും വീടുകളും തകർന്ന് പരുക്കേറ്റവരിൽ ഒരാൾ മരിച്ചു. 7 മിസൈലുകളാണു നഗരത്തിൽ വിവിധയിടങ്ങളിൽ പതിച്ചത്. 

യുക്രെയ്ൻ – റഷ്യ യുദ്ധം നാളെ 120–ാം ദിവസത്തിലേക്കു കടക്കും. ആണവയുദ്ധം തടയുന്നതിനാണു റഷ്യയുടെ മുൻഗണനയെന്ന് ഉപ വിദേശകാര്യമന്ത്രി സെർഗെയ് റയബകോവ് പറഞ്ഞു. ലുഹാൻസ്ക് ഉൾപ്പെട്ട ഡോൺബാസ് മേഖലയിലേക്ക് കൂടുതൽ സേനയെ വിന്യസിക്കാ‍ൻ റഷ്യ തയാറെടുക്കുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടി യുകെ പ്രതിരോധമന്ത്രാലയം പറയുന്നു. സ്വതന്ത്രമേഖലയായി സ്വയം പ്രഖ്യാപിച്ച ഡോണെറ്റ്സ്കിൽ പിടിയിലായ 2 അമേരിക്കക്കാരുടെ മോചനം സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്. 

ഇതിനിടെ, റഷ്യയിലെ ആയുധസംഭരണശാലയിലുണ്ടായ സ്ഫോടനത്തിൽ 4 പേർ മരിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന ഷെല്ലുകളിലൊന്നു പൊട്ടിത്തെറിക്കുകയായിരുന്നു. യുക്രെയ്നുമായുളള അതിർത്തിയിൽനിന്ന് 8 കിലോമീറ്റർ അകലെ റഷ്യയുടെ എണ്ണശുദ്ധീകരണ ശാലയിൽ തീപിടിത്തമുണ്ടായി. യുക്രെയ്നിൽനിന്നുള്ള ഡ്രോൺ ആക്രമണമാണെന്ന് റഷ്യ ആരോപിച്ചു. 

യുദ്ധം മൂലം യുക്രെയ്ൻ വിട്ട് അഭയാർഥികളായിത്തീർന്നവരുടെ എണ്ണം 77 ലക്ഷം കടന്നു. പോളണ്ടിൽ മാത്രം 40 ലക്ഷത്തിലേറെപ്പേർ അഭയം തേടി. 12 ലക്ഷം പേർ റഷ്യയിലേക്കു പോയി. രാജ്യംവിട്ട അഭയാർഥികളിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA