യുക്രെയ്നിനും മാൾഡോവയ്ക്കും ഇയു കാൻഡിഡേറ്റ് പദവി

european-union
SHARE

ബ്രസൽസ് ∙ യുക്രെയ്നിനും മാൾഡോവയ്ക്കും യൂറോപ്യൻ യൂണിയൻ (ഇയു) കാൻഡിഡേറ്റ് അംഗത്വം നൽകി. പൂർണ അംഗത്വത്തിനുള്ള നടപടിക്രമങ്ങൾ ഇതോടെ ആരംഭിച്ചു. 

ഇയുവിലെ 27 രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കിൾ ആണ് പ്രഖ്യാപനം നടത്തിയത്. എന്നാൽ, പൂർണ അംഗത്വം ലഭിക്കണമെങ്കിൽ വർഷങ്ങൾ നീളുന്ന നടപടിക്രമങ്ങൾ ബാക്കിയുണ്ട്. ഇതിന് നിയമവ്യവസ്ഥയും സാമ്പത്തിക സംവിധാനങ്ങളും സമഗ്രമായി പരിഷ്ക്കരിക്കേണ്ടിവരും.

യുക്രെയ്നിന്റെ ഭാവി യൂറോപ്യൻ യൂണിയനൊപ്പമാണെന്നായിരുന്നു കാൻഡിഡേറ്റ് പദവിയോടുള്ള പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ പ്രതികരണം. 

അംഗത്വം ലഭിക്കാനുള്ള സാധ്യത തെളിഞ്ഞതോടെ യുക്രെയ്ൻ യൂറോപ്യൻ യൂണിയന്റെ ‘ലൈഫ്’ പരിസ്ഥിതി പദ്ധതിയിൽ ചേർന്നു. യുദ്ധാനന്തര യുക്രെയ്നിന്റെ പുനർനിർമാണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും യൂറോപ്യൻ യൂണിയനിൽ നിന്നു ധനസഹായവും വിഭവങ്ങളും ലഭിക്കാൻ ഇതു വഴിയൊരുക്കും. 

ശൈലി മാറ്റി റഷ്യ; ഏറ്റുമുട്ടൽ രൂക്ഷം

ആദ്യഘട്ടത്തിലെ പിഴവുകളിൽ നിന്നു പഠിച്ച റഷ്യൻ സൈന്യം ആക്രമണശൈലി മാറ്റിയതോടെ വിവിധ മേഖലകളിൽ ഏറ്റുമുട്ടൽ രൂക്ഷമായി. ആഴ്ചകളായി ശക്തമായ പോരാട്ടം നടക്കുന്ന സെവെറോഡോണെട്സ്കിൽ നിന്ന് യുക്രെയ്ൻ സൈന്യത്തെ പിൻവലിക്കുന്നതായി ലുഹാൻസ്ക് ഗവർണർ അറിയിച്ചു. 

പൂർണമായി തകർന്നടിഞ്ഞ നഗരത്തിലെ സൈനികസാന്നിധ്യം അർഥശൂന്യമായതിനാലാണ് പിന്മാറ്റമെന്നാണു വിശദീകരണം. അതേസമയം, തെക്കൻ യുക്രെയ്നിൽ ലിസിചാൻസ്കിനു സമീപമുള്ള തന്ത്രപ്രധാന ജില്ലയായ ഹിർസ്കെ റഷ്യൻ സൈന്യം പിടിച്ചെടുത്തു.

ഖേഴ്സണിൽ കാർ ബോംബ്

റഷ്യൻ സൈന്യം പിടിച്ചെടുത്ത ഖേഴ്സനിലെ അനുകൂല ഭരണസംവിധാനത്തിലെ ഉന്നതൻ ദിമിത്രി സാവ്‌ലുചെൻകോ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. യുക്രെയ്ൻ സൈന്യത്തിന്റെ അറിവോടെയാണ് സ്ഫോടനം നടന്നതെന്ന് ഖേഴ്സനിലെ ഗവർണർ ആരോപിച്ചു. റഷ്യൻ നിയന്ത്രണത്തിലുള്ള ക്രൈമിയയോടു ചേർന്നുകിടക്കുന്ന ഖേഴ്സൻ ആക്രമണത്തിന്റെ ആദ്യ ആഴ്ചയിൽത്തന്നെ അവർ നിയന്ത്രണത്തിലായിരുന്നു.

English Summary: Grant EU candidate status to Ukraine and Moldova

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS