ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിലെങ്ങും ഗർഭഛിദ്രത്തിന് നിയമസാധുത നൽകിയ 1973 ലെ റോ വേഴ്സസ് വെയ്ഡ് കേസിലെ വിധി സുപ്രീം കോടതി റദ്ദാക്കി. യാഥാസ്ഥിതികർക്ക് ഭൂരിപക്ഷമുള്ള കോടതി 5–4 ഭൂരിപക്ഷ വിധിയാണ് പുറപ്പെടുവിച്ചത്. ഗർഭഛിദ്രം നടത്താൻ സ്ത്രീകൾക്കുള്ള ഭരണഘടനാപരമായ അവകാശം അംഗീകരിക്കുന്ന വിധി ആയിരുന്നു 1973 ലേത്. ഭരണഘടനയിൽ ഗർഭഛിദ്രം നടത്താവുന്ന സമയം വ്യക്തമാക്കാത്തതിനാൽ 28 ആഴ്ച വരെയുള്ള ഗർഭഛിദ്രം അനുവദിച്ചിരുന്നു. 15 ആഴ്ചകൾക്കുശേഷമുള്ള ഗർഭഛിദ്രം നിരോധിക്കുന്ന മിസിസിപ്പിയിലെ നിയമം കോടതി 6–3 ഭൂരിപക്ഷവിധിയിൽ അംഗീകരിച്ചു. 

ഇത്തരത്തിലുള്ള വിധി വന്നേക്കുമെന്ന് കഴിഞ്ഞ മേയിൽ വാർത്ത പുറത്തുവന്നത് യുഎസിലെങ്ങും വിവാദമായിരുന്നു. തെറ്റായ വിധി ആയിരുന്നു റോ വേഴ്സസ് വെയ്ഡ് എന്ന് ജസ്റ്റിസ് സാമുവൽ അലിറ്റോ പറഞ്ഞു. 1973 ൽ ഈ വിധി വന്ന ശേഷം യുഎസിൽ ഗർഭഛിദ്രം ഏറെ വർധിച്ചിരുന്നു.

ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാണെന്ന വിധി റദ്ദാക്കിയതോടെ അതു നിരോധിക്കുന്ന നിയമം സംസ്ഥാനങ്ങൾക്ക് ഉണ്ടാക്കാനാവും. മിസിസിപ്പി ഉൾപ്പെടെ 13 സംസ്ഥാനങ്ങൾ ഇതിനു നിയമം ഉണ്ടാക്കിയിട്ടുണ്ട്. യാഥാസ്ഥിതികരും റിപ്പബ്ലിക്കൻ പാർട്ടിയും ഗർഭഛിദ്രം നിരോധിക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു. വിവിധ മതവിഭാഗങ്ങളുടെയും സന്നദ്ധസംഘടനകളുടെയും പ്രവർത്തകർ വിധി കേൾക്കാൻ കോടതിയിലെത്തി. യുഎസിനെ 150 വർഷം പിന്നോട്ടടിക്കുന്ന തീരുമാനമാണിതെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. രാജ്യത്തിനും ജുഡീഷ്യറിക്കും ഇതൊരു ദുർദിനമാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: Supreme Court overturns Roe v. Wade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com