‘ പിങ്ക് തരംഗം’ കൊളംബിയ കടന്ന് ബ്രസീലിലേക്ക്

latin-america
ഗുസ്താവോ പെദ്രോ, ഫ്രാൻസിയ മാർക്കേസ്
SHARE

ഭരണമാറ്റത്തിന്റെ ഇടതുകാറ്റ് 2018 ജൂലൈയിൽ മെക്സിക്കോയിൽ നിന്നായിരുന്നു ലാറ്റിനമേരിക്കയിലേക്ക് വീശിത്തുടങ്ങിയത്. പിന്നിട്ട നാലുവർഷം കൊണ്ട്, കാലങ്ങളായി തുടർന്നുവന്ന ഏഴു ഭരണകൂടങ്ങളെ ചുഴറ്റിയെറിഞ്ഞ് അത് കൊളംബിയയിൽ എത്തി നിൽക്കുകയാണ്. ലാറ്റിനമേരിക്കയിലാകമാനം ചലനം സൃഷ്ടിച്ച കാറ്റ് വരുന്ന ഒക്ടോബറിൽ ബ്രസീലിലേക്കു കൂടി വീശിയടിക്കുന്നതോടെ ശക്തി കുറയാനാണ് സാധ്യതയെന്ന് പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകർ. 

പല പേരുകളിൽ അറിയപ്പെടുമ്പോഴും പൊതുവായ ഇടതു സ്വഭാവം പുലർത്തിപ്പോരുന്ന പാർട്ടികൾ വിവിധ രാഷ്ട്രങ്ങളിൽ വരുത്തിയ ഭരണമാറ്റം ഗൗരവമായി ചർച്ചയിലേക്കു വന്നത് 2021 ഡിസംബർ 21ന് ചിലെയിൽ ഗബ്രിയേൽ ബോറിക് അധികാരത്തിൽ വന്നതോടെയാണ്. 2019 ഒക്ടോബറിൽ അർജന്റീനയിലും 2020 ഒക്ടോബറിൽ ബൊളീവിയയിലും 2021 ജൂലൈയിൽ പെറുവിലും നവംബറിൽ നിക്കരാഗ്വയിലും ഹോണ്ടുറാസിലും വീശിയ, ‘പിങ്ക് തരംഗം’ എന്ന പേരിൽ അറിയപ്പെട്ട ഇടത്തോട്ടുള്ള ഭരണച്ചുഴലി ചിലെ കൊണ്ട് അടങ്ങുമെന്നായിരുന്നു നിരീക്ഷകരിൽ ഭൂരിഭാഗവും കരുതിയത്. മാറ്റത്തിന് കൊളംബിയയിൽ മേയ് 29ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പ് കാര്യമായി പ്രതികരിക്കാതിരുന്നതോടെ ആ ചിന്ത കൂടുതൽ ബലപ്പെടുകയും ചെയ്തു. 

എന്നാൽ രണ്ടാംഘട്ട വോട്ടെടുപ്പിൽ കാര്യങ്ങൾ അടിമുടി മാറുന്ന കാഴ്ചയായിരുന്നു പിന്നീടുണ്ടായത്. ഇടതു സ്വഭാവം സൂക്ഷിക്കുന്ന 20 സംഘടനകളുടെ കൂട്ടായ്മയായ ‘ഹിസ്റ്റോറിക്കൽ പാക്ട്’ എന്ന സംഘടനയുടെ തേരിലേറി ഹ്യുമൻ കൊളംബിയയുടെ നേതാവ് ഗുസ്താവോ പെദ്രോ 50.48 ശതമാനം വോട്ടുകൾ നേടി എതിർ സ്ഥാനാ‍ർഥി റൊഡാൽഫോ ഹെർനാൻഡസിനെ തറപറ്റിച്ച് കൊളംബിയയുടെ ആദ്യ ഇടതുപക്ഷക്കാരനായ പ്രസിഡന്റായി. ഗറില്ല പ്രസ്ഥാനമായ എം 19യുടെ ആദ്യകാല നേതാവും പിന്നീട് ഹ്യുമൻ കൊളംബിയ എന്ന രാഷ്ട്രീയ കക്ഷിയുടെ തലവനുമായി മാറിയ ഗുസ്താവോ പെദ്രോയുടെ രണ്ടാംഘട്ട വോട്ടെടുപ്പിലെ മുന്നേറ്റത്തിന് ആക്കം കൂട്ടിയത് കൊളംബിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെയും കമ്യൂണിന്റെയും ഉറച്ച പിന്തുണയായിരുന്നു.

ലാറ്റിനമേരിക്കയിൽ വലുപ്പം കൊണ്ട് മൂന്നാമതും സുദീർഘമായ ജനാധിപത്യചരിത്രമുള്ള രാജ്യവുമായ കൊളംബിയ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മറ്റൊരു ചരിത്രത്തിനും കൂടി വഴിതുറന്നു. കറുത്ത വർഗക്കാരിയും ആഫ്രോ– അമേരിക്കൻ വംശജയുമായ ഫ്രാൻസിയ മാർക്കേസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം. പോരാട്ടങ്ങളുടെ നീണ്ട ചരിത്രം പിന്നിട്ട ശേഷമുള്ള രാഷ്ട്രീയ പ്രവേശമാണ് പുതിയ പ്രസിഡന്റിന്റേതും വൈസ് പ്രസിഡന്റിന്റേതും. ഖനിത്തൊഴിലാളി കുടുംബങ്ങളിൽ നിന്നാണ് ഇരുവരുടേയും വരവ്. 

ഗുസ്താവോ പെദ്രോ
ഗുസ്താവോ പെദ്രോ.

അതിദരിദ്രമായ ചുറ്റുപാടിൽനിന്ന് രക്ഷതേടി കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലേക്ക് വർഷങ്ങൾക്കു മുൻപ് കുടിയേറിയതാണ് പെദ്രോയുടെ കുടുംബം. കൊളംബിയയുടെ തെക്കു പടിഞ്ഞാറൻ പ്രവിശ്യയായ സുവാരസിലാണ് ഫ്രാൻസിയയുടെ ജനനം. പ്രദേശത്തെ മറ്റു കുട്ടികളെപ്പോലെ പ്രാഥമിക വിദ്യാഭ്യാസം നേടേണ്ട പ്രായത്തിൽ അമ്മയോടൊപ്പം ഖനികളിൽ സഹായിയായി ജോലിക്കു പോയിത്തുടങ്ങി ഫ്രാൻസിയയും. ഖനിയിലെ ജോലിവിട്ട് പിന്നീട് വീട്ടു ജോലിക്കാരിയായി. ഇതിനിടെ 16 ാം വയസ്സിൽ, അവിവാഹിതയായിരിക്കെ രണ്ടു കുട്ടികൾക്ക് ജന്മം നൽകി. കറുത്ത വംശജയെന്ന നിലയിലും സാമൂഹികമായ പിന്നാക്കാവസ്ഥയും കാരണം കൊടിയ അവഗണനയാണ് ഫ്രാൻസിയ നേരിട്ടത്. മോശം സാഹചര്യത്തിൽ നിന്നുള്ള മോചനത്തിന് പഠനമാണു മാർഗമെന്നു തിരിച്ചറിഞ്ഞ ഫ്രാൻസിയ പിന്നീട് വിദ്യാഭ്യാസം ചെയ്ത് അഭിഭാഷകയായി. 

2014ൽ ഒവെജാസ് നദിക്കരയിലെ അനധികൃത സ്വർണഖനനത്തിനെതിരെ സ്ത്രീകളെ സംഘടിപ്പിച്ചു കൊണ്ട് സമരരംഗത്ത് എത്തിയ ഫ്രാൻസിയ പിന്നീട് ‘ഐ ആം ബിക്കോസ് വി..’ എന്ന പേരിൽ, പാർശ്വവൽക്കരിച്ച ജനസമൂഹത്തിനായുള്ള പോരാട്ടം ശക്തമാക്കി. അരികുവൽക്കരിക്കപ്പെട്ടവരോട് സംഘടിക്കുവാൻ ഫ്രാൻസിയ നൽകിയ ആഹ്വാനം സ്ത്രീകളാണ് കൂടുതലായി ഏറ്റെടുത്തത്. ഒന്നാംഘട്ട പ്രസിഡന്റ് വോട്ടെടുപ്പിൽ 20 ശതമാനം വോട്ട് നേടിയ ഫ്രാൻസിയ ,രണ്ടാം ഘട്ടത്തിൽ പെദ്രോയ്ക്കു പിന്തുണ നൽകിക്കൊണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാറുകയായിരുന്നു. ‘പിങ്ക് തരംഗം’ ഒകടോബറിലെ ബ്രസീലിയൻ തിരഞ്ഞെടുപ്പിൽ വർക്കേഴ്സ് പാർട്ടി നേതാവ് ലൂല ഡിസൽവയെ എത്ര കണ്ടു പിന്തുണയ്ക്കുമെന്ന് കാക്കുകയാണ് ലോകം.

ലാറ്റിനമേരിക്കയിലെ ഭരണമാറ്റം ഇങ്ങനെ:

1, മെക്സിക്കോ– 2018 ജൂലൈ 2

ജുന്തോസ് ഹരമോസ് ഹിസ്റ്റോറിയൻ നേതാവ് ആന്ദ്രേസ് ബ്രദോർ

2, അർജന്റീന– 2019 ഒക്ടോബർ 28

പെറണിസ്റ്റ് പാർട്ടി നേതാവ് ആൽബർട്ടോ ഫെർണാണ്ടസ്

3, ബൊളീവിയ– 2020 ഒക്ടോബർ 19

മൂവ്മെന്റ് ഫോർ സോഷ്യലിസം നേതാവ് ലൂയി ആർസ് കറ്റക്കോറ

4, പെറു– 2021 ജൂലൈ14

ഫ്രീ പെറു നാഷനൽ പൊളിറ്റിക്കൽ പാർട്ടി നേതാവ് പെട്രോ കാസ്റ്റിയോ

5, നിക്കരാഗ്വ– 2021 നവംബർ 8

സന്തനിസ്റ്റ ഫ്രണ്ട് ഫോർ നാഷനൽ ലിബറേഷൻ നേതാവ് ഡാനിയേൽ ഒർടെഗ

6, ഹോണ്ടുറാസ്– 2021 നവംബർ29

ലിബറൽ പാർട്ടി തലവ ഷിയ മാരോ കാസ്ട്രോ

7, ചിലെ– 2021 ഡിസംബർ 21

സോഷ്യൽ കൺവേർജൻസ് പാർട്ടി നേതാവ് ഗബ്രിയേൽ ബോറിക്.

English Summary: Latin America's new 'pink tide' gains pace as Colombia shifts left; Brazil up next

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS