ഇരച്ചെത്തി, പിടിച്ചടക്കി; ശ്രീലങ്കൻ പ്രസിഡന്റിന്റെ കൊട്ടാരം ‘ജനകീയ ഭരണത്തിൽ’

Mail This Article
കൊളംബോ ∙ സാമ്പത്തിക പ്രതിസന്ധിമൂലം മാസങ്ങളായി അരാജകത്വം നിലനിൽക്കുന്ന ശ്രീലങ്കയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ കൊട്ടാരവും ഓഫിസും ജനങ്ങൾ കയ്യേറി പിടിച്ചെടുത്തു. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കു തീയിട്ടു. വാഹനങ്ങൾ നശിപ്പിച്ചു.
ബുധനാഴ്ച രാജിവയ്ക്കുമെന്ന് ഗോട്ടബയ തന്നെ അറിയിച്ചതായി സ്പീക്കർ മഹിന്ദ അഭിവർധന രാത്രി വൈകി വിഡിയോ പ്രസ്താവനയിൽ പറഞ്ഞു. സമാധാനപരമായ അധികാരക്കൈമാറ്റം ഉറപ്പാക്കാനാണു പ്രസിഡന്റിന്റെ രാജി തീരുമാനമെന്നും ജനങ്ങൾ ശാന്തരാകണമെന്നും സ്പീക്കർ അഭ്യർഥിച്ചു.

‘രാജ്യമൊന്നാകെ കൊളംബോയിലേക്ക്’ എന്നു പേരിട്ട ബഹുജന കൂട്ടായ്മ ആഹ്വാനം ചെയ്ത റാലിയിൽ പതിനായിരങ്ങളാണ് ഇന്നലെ പകൽ രാജപക്സെയുടെ വസതിയിലേക്ക് ഇരച്ചെത്തിയത്. അതീവസുരക്ഷയുള്ള ഫോർട്ട് മേഖലയിലെ പൊലീസ് ബാരിക്കേഡുകൾ അടക്കമുള്ള തടസ്സങ്ങൾ മറികടന്നു മുന്നേറിയ ജനക്കൂട്ടം മണിക്കൂറുകളോളം പ്രസിഡന്റിന്റെ കൊട്ടാരം വളയുകയും തുടർന്ന് ഉള്ളിൽ പ്രവേശിക്കുകയുമായിരുന്നു. കാര്യമായ പ്രതിരോധമുണ്ടായില്ല. മുൻകരുതലെന്ന നിലയിൽ വെള്ളിയാഴ്ച രാത്രി തന്നെ രാജപക്സെയെ കൊട്ടാരത്തിൽനിന്നു സൈനികകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.
രാജിവയ്ക്കാൻ തയാറാണെന്നും സർവകക്ഷി സർക്കാർ രൂപീകരിക്കാമെന്നും പ്രധാനമന്ത്രി റനിൽ പ്രഖ്യാപിച്ചെങ്കിലും വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ വസതിയിലേക്കും ജനങ്ങൾ കയറിത്തുടങ്ങി. റനിലിനെയും നേരത്തെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. രാത്രിയോടെയാണു റനിലിന്റെ സ്വകാര്യ വസതിക്കു പ്രക്ഷോഭകർ തീയിട്ടത്. പ്രക്ഷോഭകരെ തുരത്താനുള്ള പൊലീസ് ശ്രമത്തിനിടെ മാധ്യമപ്രവർത്തകർക്കും മർദനമേറ്റു.

രാജപക്സെ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു സമരം ചെയ്യുകയാണ് 2 മാസത്തോളമായി പ്രക്ഷോഭകർ. ഏ പ്രിൽ മുതൽ ഓഫിസിനു മുന്നിൽ പ്രക്ഷോഭം നടക്കുന്നതിനാൽ വസതി തന്നെയാണ് രാജപക്സെ പ്രവർത്തനകേന്ദ്രമാക്കിയിരുന്നത്.
ശ്രീലങ്കൻ പതാക കയ്യിലേന്തിയ പ്രക്ഷോഭകർ കൊട്ടാരത്തിന്റെ വാതിലുകൾ തകർത്ത് ഉള്ളിൽ കയറുന്നതിന്റെ വിഡിയോകൾ ശ്രീലങ്കൻ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. കൊട്ടാരത്തിലെ നീന്തൽക്കുളത്തിൽ ജനങ്ങൾ കുളിക്കുന്നതും അടുക്കളയിൽ പാചകം ചെയ്യുന്നതുമെല്ലാം ഫെയ്സ്ബുക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ തൽസമയം വന്നിരുന്നു. ജനങ്ങൾ രാത്രിയും കൊട്ടാരത്തിൽ തുടരുകയാണ്.
സൈന്യത്തിനും പൊലീസിനും നിയന്ത്രിക്കാൻ കഴിയാത്തത്ര ആളുകളാണ് ‘പ്രസിഡന്റ് രാജിവയ്ക്കുക’ എന്ന മുദ്രാവാക്യവുമായി ഇരച്ചെത്തിയത്. ആകാശത്തേക്കു വെടിവച്ചു ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള ശ്രമവും വിജയിച്ചില്ല. പ്രസിഡന്റിന്റെ വസതിയിലേക്കുള്ള വഴികളിൽ കണ്ണീർവാതകം പ്രയോഗിച്ചതും ഫലം ചെയ്തില്ല. ട്രെയിനുകളിലും ബസുകളിലും ട്രക്കുകളിലും പ്രക്ഷോഭകർ കൊളംബോയിലേക്ക് എത്തിക്കൊണ്ടിരുന്നു. രാത്രിയും ജനപ്രവാഹം തുടരുകയാണ്.
ആളുകളെത്തുന്നതു തടയാൻ 7 ജില്ലകളിൽ വെള്ളിയാഴ്ച കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും പാർട്ടികളുടെയും അഭിഭാഷക, മനുഷ്യാവകാശ സംഘടനകളുടെയും പ്രതിഷേധം കാരണം പിൻവലിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങൾ തടയരുതെന്നു ശ്രീലങ്കയിലെ യുഎസ് അംബാസഡർ ജൂലി ചങ് ആവശ്യപ്പെട്ടിരുന്നു.
പ്രസിഡന്റ് എവിടെയെന്നത് അവ്യക്തം

പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജ്യം വിട്ടെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊളംബോ തുറമുഖത്തുനിന്നു 2 നാവിക കപ്പലുകളിലായി പുറപ്പെട്ടത് പ്രസിഡന്റും മറ്റുമാണെന്ന് അഭ്യൂഹമുണ്ട്. കപ്പലുകളിലേക്കു ബാഗുകൾ തിരക്കിട്ടു കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതേസമയം, കൊളംബോ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിഐപി വാഹനങ്ങളുടെ നിര എത്തുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഏതു മാർഗത്തിലൂടെയാണു പ്രസിഡന്റ് സ്ഥലംവിട്ടതെന്നും എവിടേയ്ക്കാണു പോയതെന്നും വ്യക്തമായിട്ടില്ല.
English Summary: Protesters enter Sri Lankan President's palace