ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ അടുത്ത പ്രധാനമന്ത്രിയാകാൻ മുൻധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകും വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. സാമ്പത്തിക നയങ്ങളിൽ ഇരുവരും മുഖാമുഖം ഏറ്റുമുട്ടിയ ആദ്യ ടിവി സംവാദത്തിനുശേഷം നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ സുനകിനാണു നേരിയ മുൻതൂക്കം – സംവാദത്തിൽ മികച്ച പ്രകടനം സുനകിന്റേതായിരുന്നുവെന്ന് 39% പേർ രേഖപ്പെടുത്തി. ട്രസിനു 38% വോട്ട് കിട്ടി. അതേസമയം, കൺസർവേറ്റീവ് പാർട്ടിയിലെ വോട്ടർമാരിൽ ട്രസിനെ 47% പിന്തുണച്ചു; സുനകിനെ 38 ശതമാനവും. പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ വോട്ടർമാർ സുനകാണ് മെച്ചമെന്നു വിലയിരുത്തി. 1032 ബ്രിട്ടിഷ് പൗരന്മാർക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ മൊത്തം ഫലം കണക്കാക്കുമ്പോൾ ഇരുവർക്കുമിടയിൽ ഒരു ശതമാനം മാത്രമാണു വ്യത്യാസം.

ടിവി സംവാദത്തിൽ ഇരുവരും സാമ്പത്തിക, നികുതി നയങ്ങളുടെ പേരിലാണ് ഏറ്റുമുട്ടിയത്. നികുതിയിളവുകൾക്കായുള്ള ട്രസിന്റെ നയങ്ങൾ രാജ്യത്തെ ദുരിതത്തിലേക്കു നയിക്കുമെന്ന് സുനക് വാദിച്ചു. മറ്റൊരു രാജ്യവും ഇത്രയേറെ നികുതിഭാരം അടിച്ചേൽപിക്കുന്നില്ലെന്നും ഭാവിവളർച്ചയ്ക്ക് സുനകിനു പദ്ധതിയില്ലെന്നും ട്രസ് തിരിച്ചടിച്ചു.

1.80 ലക്ഷം കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടത്തുന്ന വോട്ടെടുപ്പിലൂടെയാണു രണ്ടു പേരിലൊരാളെ പുതിയ നേതാവായി തിരഞ്ഞെടുക്കുക. സെപ്റ്റംബർ 5നു വിജയിയെ പ്രഖ്യാപിക്കും.

English Summary: Rishi Sunak and Liz Truss campaign for UK prime minister election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com