അന്ന് പെലോസി ടിയനൻമെൻ സ്ക്വയറിൽ; ഇന്ന് തയ്‌വാനിൽ; ചൈനയുടെ രോഷം എന്തുകൊണ്ട്?

nancy-pelosi-6
തയ്‌വാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്ന യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി.
SHARE

തായ്പെയ് ∙ ചൈനയുടെ കലിതുള്ളലും വിരട്ടലും വകവയ്ക്കാതെ, യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തയ്​വാൻ സന്ദർശനം പൂർത്തിയാക്കി. തയ്​വാനെ ഒറ്റപ്പെടുത്തില്ലെന്ന് അവർ ഉറപ്പ് നൽകി. യുഎസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച ചൈന, തയ്​വാനിൽ നിന്നുള്ള ഏതാനും കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ടാണ് തിരിച്ചടിച്ചത്. 

ചൈനയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് 25 വർഷത്തിനു ശേഷം രാജ്യത്തെത്തിയ അമേരിക്കൻ ഉന്നതതല സംഘത്തിന് തയ്​വാൻ ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. പ്രസിഡന്റ് സായ് ഇങ്​വെനുമായുള്ള കൂടിക്കാഴ്ചയിൽ  തയ്​വാനിലെ ജനാധിപത്യത്തിന് അമേരിക്കയുടെ പിന്തുണ അറിയിക്കാനാണ് താൻ എത്തിയതെന്ന് പെലോസി വ്യക്തമാക്കി. ലോകത്തെ ഏറ്റവും സ്വതന്ത്രമായ സമൂഹമാണ് തയ്​വാനിലേതെന്ന് പാർലമെന്റിനെ അഭിസംബോധന ചെയ്യവെ അവർ വിശേഷിപ്പിച്ചു. തയ്​വാനിലെയും മറ്റു രാജ്യങ്ങളിലെയും ജനാധിപത്യം സംരക്ഷിക്കണമെന്നത് അമേരിക്കയുടെ ഉറച്ച നിലപാടാണെന്നും വ്യക്തമാക്കി.   

ടിയനൻമെൻ സ്ക്വയർ സംഭവത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട ലാങ് വിങ് കീയെയും അടുത്തിടെ ചൈന മോചിപ്പിച്ച തയ്​വാനിലെ ആക്ടിവിസ്റ്റിനെയും നാൻസി പെലോസി സന്ദർശിച്ചതും ചൈനയെ വിറളിപിടിപ്പിച്ചു. ചൈനയിലെ നേതാക്കൾക്കെതിരെ എഴുതിയ പുസ്തകത്തിന്റെ പേരിൽ 2015 ൽ ലാങ് വിങ്ങിനെ 8 മാസം തടവിലിട്ടിരുന്നു. 

രാജ്യത്തിന്റെ ഭാഗമായ തയ്​വാനിൽ അമേരിക്കൻ ഉന്നതതല സംഘം നടത്തിയ സന്ദർശനത്തെ പരമാധികാരത്തോടുള്ള വെല്ലുവിളിയായാണ് ചൈന കാണുന്നത്. ചൈനയിലെ സമൂഹമാധ്യമങ്ങൾ നാൻസി പെലോസിയെ അതിനിശിതമായി വിമർശിച്ചു. സന്ദർശനം മേഖലയിലെ സമാധാനം തകർക്കുമെന്ന് ചൈനീസ് വിദേശമന്ത്രാലയം പറഞ്ഞു. പെലോസിയുടേത് സ്വന്തം നിലയിലുള്ള സന്ദർശനമാണെന്നും സർക്കാരുമായി അതിനു ബന്ധമില്ലെന്നുമാണ് യുഎസ് നിലപാട്. തയ്​വാനുമായി അമേരിക്കയ്ക്ക് നയതന്ത്രബന്ധമില്ല. 

അതേസമയം, പ്രതിരോധിക്കാനുള്ള തയ്​വാന്റെ അവകാശത്തിന് പിന്തുണ നൽകണമെന്നത് അമേരിക്കൻ നിയമമാണ്. പെലോസിയുടെ സന്ദർശനം സംഘർഷം സൃഷ്ടിക്കേണ്ട കാര്യമില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. 21 ചൈനീസ് യുദ്ധവിമാനങ്ങൾ അതിർത്തി കടന്നെത്തിയതായും തുറമുഖങ്ങളെ ഭീഷണിയുടെ നിഴലിലാക്കിയെന്നും തയ്​വാൻ ആരോപിച്ചു. 

പെലോസിയുടെ സന്ദർശനത്തെ തുടർന്നുണ്ടായ ചൈനയുടെ രോഷത്തിന്റെ ഗൗരവം കുറച്ചുകാണരുതെന്നാണ് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചത്. ചൈനയെ കുത്തിനോവിക്കാൻ വേണ്ടിയുള്ളതായിരുന്നു സന്ദർശനമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി പറഞ്ഞു. സന്ദർശനത്തിനു ശേഷം പെലോസിയും അഞ്ചംഗ കോൺഗ്രസ് സംഘവും ദക്ഷിണ കൊറിയയിലേക്കു പോയി. 

ചൈനയുടെ രോഷം എന്തുകൊണ്ട്?

ചൈനയിലെ മനുഷ്യാവകാശ ധ്വംസനങ്ങളോട് എക്കാലവും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് നാൻസി പെലോസി. 1989 ലെ കൂട്ടക്കൊല കഴിഞ്ഞ് 2 വർഷത്തിനു ശേഷം ടിയനൻമെൻ സ്ക്വയറിലെത്തിയ പെലോസി ചെറിയൊരു ബാനർ പിടിച്ചുനിന്ന് പ്രതിഷേധിച്ചിരുന്നു. ലോകമെമ്പാടുമുള്ള ജനാധിപത്യ പ്രസ്ഥാനങ്ങളോട് അനുഭാവവും കൂറും പ്രഖ്യാപിക്കുന്ന നേതാവാണ് പെലോസി. യുക്രെയ്ൻ തലസ്ഥാനമായ കീവിലും പ്രതിനിധി സംഘവുമായി അവർ എത്തി. 

1949 ൽ രണ്ടായി പിരിഞ്ഞ ശേഷവും തങ്ങളുടെ ഭാഗമായാണ് തയ്​വാനെ ചൈന കാണുന്നത്. തയ്​വാനിലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് പെലോസിയുടെ സന്ദർശനം ഊർജം നൽകുമെന്നാണ് ചൈനയുടെ ആശങ്ക. 

‘ഏക ചൈന’ എന്ന പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിന്റെ ലംഘനമായാണ് പെലോസിയുടെ സന്ദർശനത്തെ ചൈന കാണുന്നത്. ‘ജനാധിപത്യം വേണോ ഏകാധിപത്യം വേണോ’ എന്ന തിരഞ്ഞെടുപ്പാണ് ലോകത്തിനു മുന്നിലുള്ളതെന്ന പെലോസിയുടെ പ്രഖ്യാപനം കമ്യൂണിസ്റ്റ് ഏകാധിപത്യം നിലനിൽക്കുന്ന ചൈനയ്ക്ക് അലോസരമുണ്ടാക്കുന്നത് സ്വാഭാവികം മാത്രം.

English Summary: Nancy Pelosi full of praise, support for Taiwan during visit that infuriated China

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}