ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: 15 മരണം

Israel airstrike
പ്രതീകാത്മക ചിത്രം
SHARE

ജറുസലം ∙ ഗാസയിൽ ജനവാസകേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഇസ്‌ലാമിക് ജിഹാദിന്റെ മുതിർന്ന നേതാവ് തൈസീർ അൽ ജാബരി അടക്കം 15 പേർ കൊല്ലപ്പെട്ടു. 110 പേർക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ 5 വയസ്സുകാരിയും ഉൾപ്പെടുന്നു. 

ഗാസയിലെ ബഹുനില കെട്ടിടം ലക്ഷ്യമിട്ടാണു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഇസ്രയേൽ മിന്നലാക്രമണം നടത്തിയത്. വ്യോമാക്രമണത്തിനു മുൻപുള്ള മുന്നറിയിപ്പു സൈറൺ ഉണ്ടായില്ല. തിരിച്ചടിയായി ഇസ്രയേൽ പട്ടണങ്ങളെ ലക്ഷ്യമിട്ട് ഇസ്‌ലാമിക് ജിഹാദ് പ്രവർത്തകർ റോക്കറ്റുകൾ തൊടുത്തതോടെ മേഖല വീണ്ടും സംഘർഷഭരിതമായി. 

രണ്ടാം ദിവസവും ആക്രമണം തുടരുകയാണ്. ഇന്നലെ ഇസ്രയേൽ ആക്രമണത്തിൽ 5 ബഹുനില കെട്ടിടങ്ങളാണു തകർന്നത്. തിരിച്ചടിയായി 160 റോക്കറ്റുകൾ ഇസ്രയേലിൽ പതിച്ചു. ഇസ്രയേൽ പട്ടണമായ മോദീനിലും റോക്കറ്റുകൾ പതിച്ചെങ്കിലും ആളപായമില്ലെന്നാണു റിപ്പോർട്ട്. 

ഗാസയുടെ ഭരണം നിയന്ത്രിക്കുന്ന ഹമാസ് കൂടി ഇസ്രയേലിനെതിരെ രംഗത്തിറങ്ങിയാൽ സ്ഥിതി വഷളാകുമെന്ന ആശങ്ക ഉയർന്നു. സമാധാനശ്രമങ്ങളുമായി ഐക്യരാഷ്ട്ര സംഘടനയും ഖത്തറും രംഗത്തിറങ്ങിയിട്ടുണ്ട്. ‌‌ 

ഇറാന്റെ പിന്തുണയുള്ള സംഘടനയാണ് ഇസ്‌ലാമിക് ജിഹാദ്. അധിനിവേശ വെസ്റ്റ് ബാങ്കിൽനിന്ന് സംഘടനയുടെ മുതിർന്ന നേതാവിനെ ഈയാഴ്ച ഇസ്രയേൽ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണു കൂടുതൽ നേതാക്കളെ ലക്ഷ്യമിട്ടു ഗാസയിൽ ബോംബിട്ടത്. ഇന്നലെ രാത്രി 19 പ്രവർത്തകർ കൂടി വെസ്റ്റ്ബാങ്കിൽ അറസ്റ്റിലായി. 

നാവിക ഉപരോധം നേരിടുന്ന ഗാസ മുനമ്പിൽ ഭക്ഷ്യവസ്തുക്കളും ഇന്ധനവും ഇസ്രയേലിൽനിന്നും ഈജിപ്തിൽനിന്നുമാണു എത്തുന്നത്. ഗാസയിലേക്കുള്ള ഡീസൽവിതരണം നിർത്തിവച്ചശേഷമാണു വെള്ളിയാഴ്ച ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതോടെ ഏക വൈദ്യുതിനിലയത്തിന്റെ പ്രവർത്തനം നിലച്ചു. 2021 മേയിൽ 11 ദിവസം നീണ്ട ഇസ്രയേൽ–ഹമാസ് യുദ്ധത്തിൽ 250 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 13 ഇസ്രയേൽകാരും. 

English Summary: Israel air strike in gaza

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}