ADVERTISEMENT

ന്യൂയോർക്ക് ∙ കത്തിക്കുത്തേറ്റ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ (75) നില ഗുരുതരമായി തുടരുന്നു. കഴുത്തിനും കരളിനും മാരകമായി പരുക്കേറ്റ അദ്ദേഹം വെന്റിലേറ്ററിലാണ്. ന്യൂയോർക്കിലെ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രസംഗിക്കാനെത്തിയ റുഷ്ദിയെ കുത്തിപ്പരുക്കേൽപിച്ച യുവാവ് ന്യൂജഴ്സി സ്വദേശിയായ ഹാദി മതാർ (24) ആണെന്നു തിരിച്ചറിഞ്ഞു. ഇയാൾ തനിച്ചാണു കൃത്യം ചെയ്തെന്നാണു പൊലീസ് നിഗമനം. വിശദമായ അന്വേഷണത്തിന് യുഎസ് കേന്ദ്ര ഏജൻസിയായ എഫ്ബിഐയും രംഗത്തുണ്ട്. സംഭവസ്ഥലത്തുനിന്നു കണ്ടെടുത്ത ഇയാളുടെ ബാക് ‌പാക്കും ഫോണും അടക്കമുള്ളവ വിശദമായി പരിശോധിക്കും.

പെൻസിൽവേനിയയിലെ ആശുപത്രിയിലാണു റുഷ്ദിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. ‘റുഷ്ദി സംസാരിക്കാൻ കഴിയാത്ത നിലയിലാണ്. ഒരു കണ്ണിനു കാഴ്ച നഷ്ടമായേക്കാം. കയ്യിൽ ആഴത്തിൽ മുറിവുണ്ട്. കുത്തേറ്റ് കരൾ തകർന്നു.’–എഴുത്തുകാരന്റെ ബുക്ക് ഏജന്റായ ആൻഡ്രൂ വൈലി അറിയിച്ചു.

അറസ്റ്റിലായ യുവാവ് ഇറാൻ സൈന്യമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോറിന്റെ ആരാധകനാണെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളുടെ ഫെയ്സ്ബുക് പേജ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം, എന്നാൽ, ഇറാനുമായി നേരിട്ടു ബന്ധമില്ലെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. മതാറുടെ സെൽഫോൺ മെസേജിങ് ആപ്പിൽ കൊല്ലപ്പെട്ട ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയുടെ ചിത്രം കണ്ടെത്തിയതായും എൻബിസി റിപ്പോർട്ടിലുണ്ട്.

‘സേറ്റാനിക് വേഴ്സസ്’ എന്ന റുഷ്ദിയുടെ നോവലിൽ മതനിന്ദ ആരോപിച്ച് അദ്ദേഹത്തെ വധിക്കാൻ 1989 ൽ ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിച്ചിരുന്നു. വധഭീഷണിയെത്തുടർന്ന് 10 വർഷത്തോളം ഒളിവിൽ കഴിഞ്ഞ റുഷ്ദി, സമീപവർഷങ്ങളിലാണു പൊതുജീവിതത്തിലേക്കു തിരിച്ചെത്തിയത്.

English Summary: Salman Rushdie On Ventilator, May Lose An Eye After Attack: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com