ആമസോൺ വനത്തിലെ ഏകാകി യാത്രയായി

Mail This Article
സാവോ പോളോ ∙ പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവിഭാഗത്തിലെ അവസാന കണ്ണിയായി 3 ദശാബ്ദത്തോളം ബ്രസീലിലെ ആമസോൺ വനത്തിൽ തനിച്ചു ജീവിച്ച മനുഷ്യൻ വിടപറഞ്ഞു. 60 വയസ്സ് കണക്കാക്കുന്നു. സ്വാഭാവിക മരണമാണെന്നാണു നിഗമനം.
റൊണ്ടോണിയയിൽ ബൊളീവിയൻ അതിർത്തിയോടു ചേർന്ന കൊടുംകാട്ടിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. താമസിച്ചിരുന്ന പുൽകുടിലിനു സമീപത്തായി 23ന് ഗോത്രവർഗ സംരക്ഷണ ഏജൻസി പ്രവർത്തകനാണു മൃതദേഹം കണ്ടെത്തിയത്. 30–40 ദിവസത്തെ പഴക്കമുണ്ടായിരുന്നു.
ഈ ഗോത്രവിഭാഗത്തിലെ ശേഷിച്ച 6 പേർ 1995 ൽ കാട്ടിൽ അതിക്രമിച്ചു കടന്നവരുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. 1996 ലാണ് ഇയാളുടെ സാന്നിധ്യം അധികൃതർ കണ്ടെത്തിയത്. തുടർന്ന് ഈ പ്രദേശം സംരക്ഷിത മേഖലയാക്കി. വേട്ടയാടുന്നതിനും ഒളിക്കുന്നതിനുമായി ഇയാൾ കാട്ടിൽ പലയിടത്തും വലിയ കുഴികൾ തീർത്തിരുന്നു.
2018 ലാണ് അവസാനമായി ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ബ്രസീലിലെ വനമേഖലയിൽ ഇരുനൂറിൽപരം ഇത്തരം ഗോത്രവിഭാഗങ്ങളുണ്ട്. പലതും വംശനാശ ഭീഷണിയിലാണ്.
English Summary: Amazon Tribesman Dubbed "World's Loneliest Man" Found Dead in Brazil