ADVERTISEMENT

ബ്രിട്ടിഷ് ചരിത്രത്തിലെ ഒരു യുഗം തന്നെയാണ് എലിസബത്ത് രാജ്ഞിക്കൊപ്പം കടന്നുപോകുന്നത്. സമർപ്പണത്തിന്റെയും അന്തസ്സിന്റെയും കുലീനതയുടെയും വലിയൊരു പാരമ്പര്യം അവർ ബാക്കിവച്ചിട്ടുണ്ട്. ആ വിയോഗത്തിൽ ലോകമെങ്ങും നിറയുന്ന ആദരാഞ്ജലികൾ തന്നെ അതിനു തെളിവ്.

അവർ‌ രാഷ്ട്രമേധാവിയായിരുന്ന 7 പതിറ്റാണ്ടിനിടെ ബ്രിട്ടിഷ് സാമ്രാജ്യം ഇല്ലാതാവുകയും ലോകരാഷ്ട്രീയത്തിൽ ബ്രിട്ടന്റെ സ്ഥാനം കുറയുകയും ചെയ്തുവെന്നതു ശരി തന്നെ. എന്നിട്ടും ലോകനേതാക്കളിൽ ഏറ്റവും അംഗീകരിക്കപ്പെട്ടവരിൽ ഒരാളായി തുടരാൻ അവർക്കു കഴിഞ്ഞു. തന്റെ കാലത്തെ ഏതാണ്ട് എല്ലാ ലോകനേതാക്കളുമായും അവർ ഇടപഴകിയിട്ടുണ്ട്. ബ്രിട്ടിഷ് സർക്കാരിന്റെ മാർഗനിർദേശങ്ങൾ അസാധാരണമായ കർത്തവ്യബോധത്തോടെ പാലിക്കാൻ അവർ എപ്പോഴും ശ്രദ്ധിച്ചു. ഇന്ത്യയിലേക്കുള്ള അവരുടെ 3 സന്ദർശനങ്ങളും (1961, 83, 97) വാർത്താപ്രാധാന്യം നേടിയിരുന്നു.

2014ൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായി ഞാൻ നിയമിക്കപ്പെട്ടപ്പോൾ, രാഷ്ട്രപതിയിൽ നിന്നുള്ള നിയമന ഉത്തരവുമായി ബക്കിങ് ഹാം കൊട്ടാരത്തിൽ രാജ്ഞിയെ സന്ദർശിക്കാൻ അവസരം ലഭിച്ചു. എന്നോടൊപ്പം പത്നിയും ഉണ്ടായിരുന്നു. ഹ്രസ്വമെങ്കിലും ഉന്മേഷകരമായിരുന്നു ആ കൂടിക്കാഴ്ച. കൊട്ടാരത്തിലെ കർശനമായ ചിട്ടവട്ടങ്ങൾക്കപ്പുറം, ഞങ്ങളുടെ കൂടിക്കാഴ്ചയെ ആഹ്ലാദകരമായ അനുഭവമാക്കാൻ രാജ്ഞിയുടെ നർമബോധം സഹായകമായി.

ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് അവർക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു. ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തോട് അവർ എക്കാലത്തും അഗാധമായ പ്രതിബദ്ധത പുലർത്തി. ആ ബന്ധം കൂടുതൽ ദൃഢമാക്കാൻ അവർ ആഗ്രഹിച്ചു. കോളനിവാഴ്ചക്കാലത്തെക്കുറിച്ചു മിഥ്യാധാരണകളൊന്നും അവർ വച്ചുപുലർത്തിയില്ല.

പാരമ്പര്യത്തിൽ അടിയുറച്ചു വിശ്വസിക്കുമ്പോഴും പരിഷ്കരണങ്ങളോട് അവർ അകൽച്ച കാണിച്ചില്ല. ബ്രിട്ടിഷ് രാജ്ഞിയെന്ന നിലയിൽ ആംഗ്ലിക്കൻ ക്രൈസ്തവ സഭയിൽ അവർക്കുണ്ടായിരുന്ന, ‘വിശ്വാസ സംരക്ഷക’യുടെ പദവി ഗൗരവത്തോടെ തന്നെയാണു കണ്ടതെങ്കിലും മതസംബന്ധമായ വാദവിവാദങ്ങളിൽ അവർ ഇടപെടുകയോ പക്ഷംചേരുകയോ ചെയ്തില്ല.

വിഭിന്ന സംസ്കാരങ്ങളും വിഭിന്ന വംശങ്ങളും ചേർന്നൊരു സമൂഹമായി ബ്രിട്ടൻ രൂപാന്തരപ്പെട്ടത് അവരുടെ കാലത്താണ്. രാജവംശവും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും കാലത്തിനനുസൃതമായി മാറേണ്ടതുണ്ടെന്ന് അവർക്കു ബോധ്യമുണ്ടായിരുന്നു. അതിനു ശ്രമിക്കുകയും ചെയ്തു. വ്യത്യസ്ത മതങ്ങൾ‌ തമ്മിലുള്ള സംവാദങ്ങളെ അവർ സ്വാഗതം ചെയ്തു. സഭയുടെ ഔദ്യോഗിക ചടങ്ങുകളിൽ ഹിന്ദു, സിഖ്, മുസ്‌ലിം, ജൂത, ബുദ്ധ, സൗരാഷ്ട്ര മതങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചിരുന്നു.

രാജ്ഞിയുടെ മക്കളുടെ ജീവിതത്തിലെ ദുരന്തങ്ങളും പ്രയാസങ്ങളും വലിയ വാർത്തകളായിരുന്നു. എങ്കിലും സ്വന്തം ജീവിതത്തിൽ കുടുംബമൂല്യങ്ങളെ എന്നും ഉയർത്തിപ്പിടിക്കാൻ അവർ ശ്രദ്ധിച്ചു. ഫിലിപ്പ് രാജകുമാരനുമായി അവരുടെ ദാമ്പത്യം 73 വർഷത്തിലധികമാണു നീണ്ടു നിന്നത്. ഭർത്താവിന്റെ വിയോഗം അവരെ ശരിക്കും തളർത്തിയിരുന്നു.

ഇക്കഴിഞ്ഞ മാർച്ച് 29ന്, ഭർത്താവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ ആലപിക്കേണ്ട സംഗീതവും വരികളും അവർ നേരിട്ടു തന്നെയാണു തിരഞ്ഞെടുത്തത് എന്ന് അടുത്തിടെ ലണ്ടൻ സന്ദർശനവേളയിൽ ആരോ എന്നോടു പറഞ്ഞതായി ഓർക്കുന്നു. അതിശയകരമെന്നു പറയട്ടെ, ഭർത്താവിന്റെ ഓർമകൾക്കു സമർപ്പിക്കാൻ എലിസബത്ത് രാജ്ഞി തിരഞ്ഞെടുത്തതിൽ ജോഹാൻ സെബാസ്റ്റ്യൻ ബാക്ക് ഈണം പകർന്ന ഈ പ്രശസ്ത വരികളുമുണ്ടായിരുന്നു:

‘നീ എന്നോടൊപ്പമുണ്ടെങ്കിൽ,

മരണത്തിലേക്ക്, വിശ്രമത്തിലേക്ക്,

ഞാൻ സന്തോഷത്തോടെ പോകും.

എന്റെ വിശ്വസ്തമായ മിഴികൾ എന്നെന്നേക്കുമായി അടയ്ക്കുന്നത്

നിന്റെ, പ്രിയപ്പെട്ട, സുന്ദര കരങ്ങളായിരുന്നെങ്കിൽ...

എങ്കിൽ എന്റെ അന്ത്യം എത്ര 

ആഹ്ലാദകരമായിരിക്കും...’

(ലണ്ടനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മിഷണറാണ് ലേഖകൻ)

Content Highlight: Queen Elizabeth II

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com