ADVERTISEMENT

മോസ്കോ ∙ യുക്രെയ്നിൽ യുദ്ധം കടുപ്പിക്കാൻ റഷ്യ സൈന്യസമാഹാരണം ആരംഭിച്ചതിനെ തുടർന്ന് രാജ്യം വിടാനുള്ള റഷ്യക്കാരുടെ തിരക്ക് വർധിച്ചു. വിമാനടിക്കറ്റ് വില പല മടങ്ങായി ഉയർന്നു. 18നും 65നും ഇടയിലുള്ളവർക്കു ടിക്കറ്റ് നൽകുന്നത് വിമാനക്കമ്പനികൾ നിർത്തി. ജോർജിയ, ഫിൻലൻഡ് അതിർത്തികളിൽ കരമാർഗം രക്ഷപ്പെടാൻ ശ്രമിക്കുന്നവരുടെ കിലോമീറ്ററുകൾ നീളുന്ന ക്യൂ രൂപപ്പെട്ടു. സൈന്യ സമാഹരണത്തിനെതിരെ രാജ്യത്തെ 38 നഗരങ്ങളിൽ പ്രതിഷേധം നടന്നു. 1300 പേർ അറസ്റ്റിലായി. രാജ്യം വിടുന്നതു സംബന്ധിച്ച വാർത്ത ഊതിപ്പെരുപ്പിച്ചതാണെന്ന് റഷ്യ പ്രതികരിച്ചു. 

സൈനിക നടപടി ആരംഭിച്ചശേഷം ഇതാദ്യമായി ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ പരസ്പരം കൈമാറി. മരിയുപോളിൽ അസോവാസ്റ്റൽ സ്റ്റീൽ പ്ലാന്റ് സംരക്ഷിക്കുന്നതിനിടെ പിടിയിലായ 10 വിദേശികൾ ഉൾപ്പെടെ 215 കമാൻഡർമാരെയും നേതാക്കന്മാരെയും റഷ്യ കൈമാറി. ഇതിൽ 200 പേരെ മോചിപ്പിച്ചത് ഡോണെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക് തലവനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത സുഹൃത്തുമായ വിമത നേതാവ് വിക്ടർ മെദ്‍വെദ്ചുക്കിനു പകരമായാണ്. മറ്റ് 55 റഷ്യൻ സൈനികരെയും വിമത നേതാക്കളെയും യുക്രെയ്ൻ കൈമാറി. റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി നല്ല അടുപ്പമുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തുർക്കി പ്രസിഡന്റ് തയീപ് എർദോഗനും നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് ഇതു സാധ്യമാക്കിയത്.

സാപൊറീഷ്യ നഗരത്തിൽ റഷ്യ 9 മിസൈലുകൾ പ്രയോഗിച്ചതായി പ്രാദേശിക ഗവർണർ ഒലക്സാണ്ടർ സ്റ്റാറൂക് അറിയിച്ചു. ഒരാൾ കൊല്ലപ്പെട്ടു. ആണവനിലയത്തിന് 50 കിലോമീറ്റർ അകലെയാണ് സാപൊറീഷ്യ നഗരം. മെലിറ്റോപോൾ നഗരത്തിൽ വ്യാപാരകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ 3 സൈനികർ കൊല്ലപ്പെട്ടു. ഇന്നാരംഭിക്കുന്ന ഹിതപരിശോധനയിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനുള്ള യുക്രെയ്നിന്റെ നീക്കമാണിതെന്ന് ആരോപണമുണ്ട്.

ഹിതപരിശോധന ഇന്ന് തുടങ്ങും

റഷ്യ അനുകൂല വിമതർക്ക് സ്വാധീനമുള്ള ഡോൺബാസ് മേഖലയെ റഷ്യയോടു കൂട്ടിച്ചേർക്കുന്നതിനു മുന്നോടിയായുള്ള ഹിതപരിശോധന ഇന്നാരംഭിക്കും. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ പ്രവിശ്യകളിലാണ് റഷ്യഅനുകൂല പ്രാദേശിക ഭരണകൂടങ്ങൾ 27 വരെ ഹിതപരിശോധന നടത്തുന്നത്. യുക്രെയ്നും പാശ്ചാത്യരാജ്യങ്ങളും ഇത് അംഗീകരിക്കുന്നില്ല. ഇതേസമയം, റഷ്യയ്ക്കു വേണ്ടി യുക്രെയ്നിൽ യുദ്ധത്തിനു പോകുന്നതിൽ നിന്ന് ഉസ്ബക്കിസ്ഥാൻ തങ്ങളുടെ പൗരന്മാരെ വിലക്കി. ഒട്ടേറെ ഉസ്ബെക്ക് പോരാളികളെ യുക്രെയ്ൻ തടവുകാരായി പിടിച്ചിരുന്നു. 

റഷ്യയെ ശിക്ഷിക്കണമെന്ന് യുഎന്നിൽ യുക്രെയ്ൻ

യുക്രെയ്നിൽ റഷ്യ നടത്തിയ യുദ്ധക്കുറ്റങ്ങൾ പ്രത്യേക ട്രൈബ്യൂണൽ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി യുഎൻ പൊതുസഭയിൽ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ ഒരു രാജ്യത്തിന്റെ പ്രദേശങ്ങൾ മറ്റൊരു രാജ്യം സ്വന്തമാക്കുന്നത് യുഎൻ ചാർട്ടറിന്റെ ലംഘനമാണെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

 

English Summary: Russians flee after news of draft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com