ADVERTISEMENT

കീവ് ∙ യുക്രെയ്നിലെ ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർക്കുന്നതിനുള്ള ഹിതപരിശോധന ആരംഭിച്ചു. റഷ്യയെ അനുകൂലിക്കുന്ന പ്രാദേശിക വിമത ഭരണകൂടം നടത്തുന്ന ഹിതപരിശോധന നിയമപിന്തുണയില്ലാത്ത സൂത്രവിദ്യയാണെന്ന് യുക്രെയ്നും പാശ്ചാത്യ രാജ്യങ്ങളും വിശേഷിപ്പിച്ചു.

ഹിതപരിശോധന തീരുന്ന അടുത്ത ചൊവ്വ വരെ ഈ പ്രദേശങ്ങളിലുള്ളവർ മറ്റിടങ്ങളിലേക്കു പോകുന്നതിനു അധികൃതർ വിലക്ക് ഏർപ്പെടുത്തി. റഷ്യൻ പട്ടാളം വീടുകയറി വോട്ടുചെയ്യാൻ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്. റഷ്യയെ അനുകൂലിക്കാത്തവർ യുദ്ധം ആരംഭിച്ചപ്പോൾ തന്നെ ഇവിടെ നിന്ന് പലായനം ചെയ്തിരുന്നു. റഷ്യയിലുള്ള യുക്രെയ്ൻ അഭയാർഥികൾക്കിടയിലും ഹിതപരിശോധന ആരംഭിച്ചിട്ടുണ്ട്.  

ഇത്തവണത്തെ സൈനിക നടപടിയിലൂടെ റഷ്യൻ‍ സേന നിയന്ത്രണത്തിലാക്കിയവയാണ് ഡോൺബാസ് മേഖലയിലെ ഈ പ്രവിശ്യകൾ. കഴിഞ്ഞ ആഴ്ചകളിൽ യുക്രെയ്ൻ സേന ഇവിടെ ഒട്ടേറെ പ്രദേശങ്ങൾ തിരിച്ചുപിടിച്ചതോടെയാണ് ഉടൻ ഹിതപരിശോധന തുടങ്ങാൻ റഷ്യ തീരുമാനിച്ചത്. റഷ്യയോടു കൂട്ടിച്ചേർക്കപ്പെടുന്ന ഈ പ്രദേശങ്ങളിലെ ഏതാക്രമണവും റഷ്യയ്ക്കെതിരായ ആക്രമണമായി കണ്ട് തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഇതേസമയം, സാപൊറീഷ്യയിലെ മെലിറ്റോപോൾ നഗരത്തിൽ റഷ്യ കനത്ത ഷെല്ലാക്രമണം നടത്തി. ഡോണെറ്റ്സ്കിൽ യുക്രെയ്ൻ സേന ആക്രമണം ശക്തമാക്കി. 

കീവിൽ ‘മാന്യന്മാരുടെ ഭരണം’ സ്ഥാപിക്കാനാണ് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുക്രെയ്നിനെ ആക്രമിച്ചതെന്നും ഒരാഴ്ചയ്ക്കുള്ളിൽ ലക്ഷ്യം സാധിച്ചു മടങ്ങാനുള്ള പദ്ധതി പാളിയെന്നും ഇറ്റലിയിലെ മുൻ പ്രധാനമന്ത്രിയും പുട്ടിന്റെ സുഹൃത്തുമായ സിൽവിയോ ബെർലുസ്കോണി പറഞ്ഞു.

 

മെക്സിക്കോയുടെ നിർദേശം ഗുട്ടെറസ്, മാർപാപ്പ, മോദി മുൻകയ്യെടുക്കണം 

ന്യൂയോർക്ക് ∙ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഫ്രാൻസിസ്‍ മാർപാപ്പ, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുൾപ്പെടുന്ന സമിതി രൂപീകരിച്ച് യുക്രെയ്ൻ–റഷ്യ സംഘർഷം അവസാനിപ്പിക്കാൻ ശ്രമിക്കണമെന്ന് രക്ഷാസമിതിയിൽ മെക്സിക്കോ നിർദേശിച്ചു. സമാധാനത്തിനായി രാജ്യാന്തരസമൂഹം മുന്നിട്ടിറങ്ങേണ്ട സമയമാണിതെന്നും മെക്സിക്കോ വിദേശകാര്യ മന്ത്രി ലൂയി ഏബ്രാഡ കസോബൻ പറഞ്ഞു. 

ശാശ്വത സമാധാനത്തിന് ഇരുകക്ഷികളുമായി നയതന്ത്ര ചർച്ചയ്ക്ക് സമിതി മധ്യസ്ഥത വഹിക്കണമെന്നാണ് ആവശ്യം. സമർഖണ്ഡിൽ എസ്‍സിഒ സമ്മേളനത്തിനിടെ ‘യുദ്ധത്തിനുള്ള സമയമല്ലിത്’ എന്ന് മോദി പുട്ടിനോടു പറഞ്ഞത് യുഎസും ഫ്രാൻസും ഉൾപ്പെടെ ലോകരാജ്യങ്ങൾ സ്വാഗതം ചെയ്തിരുന്നു. യുഎൻ നിയോഗിച്ച മനുഷ്യാവകാശ കമ്മിഷൻ യുക്രെയ്നിൽ നടന്ന യുദ്ധക്കുറ്റങ്ങൾ സംബന്ധിച്ച് നൽകിയ റിപ്പോർട്ട് രക്ഷാസമിതി ചർച്ച ചെയ്തു.

 

English Summary: Russia begins referendum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com