ADVERTISEMENT

ടെഹ്റാൻ ∙ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത പെൺകുട്ടി മരിച്ചതിനെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്റർനെറ്റ് ബന്ധം വിഛേദിക്കുകയും സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടും ജനക്കൂട്ടത്തെ നിശ്ശബ്ദരാക്കാൻ കഴിയാതെ വലഞ്ഞതോടെ ഭരണകൂടം ബദൽ പ്രക്ഷോഭകരെ രംഗത്തിറക്കി. രാജ്യസുരക്ഷയെ മുൻനിർത്തി ‘ശത്രുക്കളെ നേരിടു’മെന്ന കടുത്ത മുന്നറിയിപ്പ് ഇറാൻ സൈന്യവും നൽകിയിട്ടുണ്ട്. 

കസ്റ്റഡിയിൽ മരിച്ച യുവതി മഹ്സ അമിനിയുടെ (22) സംസ്കാരത്തിനു പിന്നാലെ കഴിഞ്ഞ ശനിയാഴ്ച മുതലാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. 11 പേർ ഇതേവരെ മരിച്ചെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. 

തലസ്ഥാനമായ ടെഹ്റാനിൽ പ്രക്ഷോഭകർ പൊലീസ് വാഹനം കത്തിക്കുന്നതിന്റെയും പൊലീസ് വെടിവയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. വടക്കുപടിഞ്ഞാറൻ നഗരമായ നെയ്ഷാബറിൽ പൊലീസുകാരെ പ്രക്ഷോഭകർ തുരത്തി. ഹിജാബ് ഊരി അന്തരീക്ഷത്തിൽ വീശിക്കൊണ്ട് ‘സ്വാതന്ത്ര്യം’ എന്ന് വിളിക്കുന്ന വനിതകളുടെ ദൃശ്യങ്ങൾ ടെഹ്റാനിലും മഷാദിലും ദൃശ്യമായി. 

ഇസ്​ലാമിക ഭരണകൂടത്തെ ദു‍ർബലപ്പെടുത്താനാനുള്ള ഗൂഢതന്ത്രമാണിതെന്ന് സൈന്യം ആരോപിച്ചു. 280 പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രക്ഷോഭകർ ‘ഇസ്രയേൽ ഭടന്മാർ’ ആണെന്ന് സർക്കാരിനെ പിന്തുണച്ച് റാലി നടത്തിയവർ പറഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ മുദ്രാവാക്യങ്ങളും മുഴക്കി. ‘രാജ്യദ്രോഹികൾ’ക്ക് രഹസ്യാന്വേഷണ മന്ത്രി മഹ്മൂദ് അൽവിയും മുന്നറിയിപ്പ് നൽകി.

 

English Summary: Violent unrest continues in Iran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com