ഇസ്‌ലാമാബാദ് ∙ പ്രധാനമന്ത്രിയുടെ വസതിയിലെ സംഭാഷണങ്ങൾ ചോർന്ന സംഭവത്തിൽ പാക്കിസ്ഥാൻ ഇന്റലിജൻസ് ബ്യൂറോ (ഐബി) അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെയും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും സംഭാഷണങ്ങളുടെ ശബ്ദരേഖകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഫോൺ സംസാരവും ഓഫിസിലെ മുഖാമുഖ ചർച്ചകളുമടക്കം വൻ ഓഡിയോ ശേഖരം ഒരു ഹാക്കർ ഇന്റർനെറ്റിൽ വിൽപനയ്ക്കിട്ടതിനെത്തുടർന്നാണു സമൂഹമാധ്യമങ്ങളിലെത്തിയത്.
ഷഹബാസ് ഷരീഫും പ്രിൻസിപ്പൽ സെക്രട്ടറി തൗഖീർ ഷായും തമ്മിലുള്ള സംഭാഷണമാണ് ഇതിലൊന്ന്. ഇന്ത്യയിൽനിന്ന് യന്ത്രഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നതിനു മരുമകൻ റഹീൽ മുനീറിനു സൗകര്യമൊരുക്കണമെന്ന് പിഎംഎൽ–എൻ നേതാവ് മറിയം നവാസ് ആവശ്യപ്പെട്ടുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പറയുന്നതാണ് ഓഡിയോയിലുള്ളത്. എന്നാൽ, ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി വിവാദമുണ്ടാക്കുമെന്നും ഇക്കാര്യം മറിയത്തോടു സംസാരിക്കാമെന്നും ഷരീഫ് മറുപടി പറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിൽ സംഭാഷണം ചോർത്താനുള്ള ഉപകരണം ആരോ സ്ഥാപിച്ചിരുന്നുവെന്ന് സംശയമുയർന്നതോടെ സുരക്ഷാവീഴ്ച ഗുരുതരമാണെന്ന നിഗമനത്തിലാണ് ഐബി. പ്രതിപക്ഷവും ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തി.
English Summary: Audio from pakistan prime minister house leaked