ADVERTISEMENT

ടെഹ്റാൻ ∙ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർവിരുദ്ധ പ്രക്ഷോഭം രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചു. 9 ദിവസം പിന്നിട്ട പ്രതിഷേധത്തിൽ സുരക്ഷാസൈനികർ അടക്കം 41 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ ടിവി അറിയിച്ചു.

അതേസമയം അമിനിയെ മരണം സംബന്ധിച്ച അന്വേഷണത്തിന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉത്തരവിട്ടു. നിലവിൽ നടക്കുന്നതു ജനകീയ പ്രക്ഷോഭമല്ല, രാജ്യത്തിനെതിരെയുള്ള കലാപമാണെന്നും പ്രസിഡന്റ് പറഞ്ഞു. യുഎസിലെ കസ്റ്റഡി മരണം ചൂണ്ടിക്കാട്ടി വിഷയത്തിൽ യുഎൻ അടക്കമുള്ളവർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും കുറ്റപ്പെടുത്തി.

ബ്രിട്ടൻ, നോർവേ എന്നീ രാജ്യങ്ങളുടെ അംബാസഡർമാരെ വിളിച്ചുവരുത്തി ഇറാൻ പ്രതിഷേധം അറിയിച്ചതായി വിദേശ മന്ത്രാലയം വ്യക്തമാക്കി. ലണ്ടൻ ആസ്ഥാനമായ പേർഷ്യൻ ഭാഷയിലുള്ള മാധ്യമങ്ങളിലെ വാർത്തകൾ സംഘർഷാന്തരീക്ഷം വളർത്തിയെന്നാരോപിച്ചാണിത്. പാർലമെന്റ് സ്പീക്കർ പ്രക്ഷോഭത്തിന് ട്വിറ്ററിലൂടെ പിന്തുണ പ്രഖ്യാപിച്ചതാണ് നോർവേയ്ക്കെതിരെ തിരിയാൻ കാരണം. ഇതിനിടെ സർക്കാർ അനുകൂലികളും പ്രക്ഷോഭകർക്കെതിരെ തെരുവിലിറങ്ങിയിട്ടുണ്ട്.

കുർദുകൾക്കു ഭൂരിപക്ഷമുള്ള വടക്ക് പടിഞ്ഞാറൻ മേഖലകളിലാണു പ്രക്ഷോഭം ഏറ്റവും രൂക്ഷം. മേഖലയിലെ ഓഷൻവീഹ് നഗരം പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നു കുർദു മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കി. 

English Summary: Iran start investigation on women custody death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com