ADVERTISEMENT

സ്റ്റോക്കോം ∙ റഷ്യയിലെ സൈബീരിയയിൽ ഗുഹയിൽ നിന്നു കണ്ടെത്തിയ 40,000 വർഷം പഴക്കമുള്ള വിരലിന്റെ എല്ല്. അതാണ് ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ ജേതാവ് സ്വാന്റെ പേബുവിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. ജനിതക പരിശോധനയ്ക്കുശേഷം അജ്ഞാതമായ ഒരു നരവംശത്തിന്റേതാണ് ആ എല്ലെന്ന് 2008 ൽ പേബു പ്രസ്താവിച്ചു. ഡെനിസോവ എന്ന നരവംശത്തെക്കുറിച്ച് ലോകം ആദ്യമായി അറിഞ്ഞ നിമിഷമായിരുന്നു അത്. മൺമറഞ്ഞ നിയാണ്ടർത്താൽ മനുഷ്യരുടെ ജനിതകഘടന ക്രോഡീകരിക്കാനും അദ്ദേഹത്തിനു സാധിച്ചു. അതുവഴി ആധുനിക മനുഷ്യന്റെയും നിയാണ്ടർത്താലുകളുടെയും ജനിതകവ്യത്യാസങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. 

നിയാണ്ടർത്താൽ ജീനുകൾ പ്രജനനം വഴി ചില ആധുനിക മനുഷ്യവംശങ്ങളിലേക്കു കൈമാറ്റം ചെയ്യപ്പെട്ടെന്നും അത് അവരുടെ പ്രതിരോധവ്യവസ്ഥയെ വരെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം തെളിയിച്ചു. നിയാണ്ടർത്താൽ ജീനുകളുള്ളവർക്ക് കോവിഡ് ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചത് ഇടക്കാലത്ത് ലോകശ്രദ്ധ നേടി. തന്റെ ഗവേഷണവിവരങ്ങൾ ഉൾപ്പെടുത്തി ‘നിയാണ്ടർത്താൽ മാൻ: ഇൻ സേർച് ഓഫ് ലോസ്റ്റ് ജീനോംസ്’ എന്ന ഗ്രന്ഥവും പേബു രചിച്ചിട്ടുണ്ട്.

നൊബേൽ പാരമ്പര്യം

സ്വാന്റെ പേബുവിന്റെ പിതാവായ സൂൻ കെ. ബെർഗ്സ്ട്രോമിനും 1982 ൽ വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചിരുന്നു. പ്രോസ്റ്റഗ്ലാൻഡിനുകളെക്കുറിച്ചുള്ള പഠനത്തിനായിരുന്നു ഇത്. ഇതിനു മുൻപ് മേരി ക്യൂറിയുടെയും പിയറി ക്യൂറിയുടെയും മകൾ ഐറീൻ ജോലിയോ ക്യൂറി (രസതന്ത്ര നൊബേൽ–1935) ഉൾപ്പെടെ 7 ജേതാക്കൾ നൊബേൽ കരസ്ഥമാക്കിയവരുടെ പിൻമുറക്കാരാണ്.

Content Highlights: Svante Paabo, Nobel Prize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com