ADVERTISEMENT

കീവ് ∙ യുക്രെയ്നിലെ 4 പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർക്കുന്ന നിയമത്തിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഒപ്പുവച്ചു. ഇതോടെ റഷ്യൻ അധിനിവേശ മേഖലകളായ കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, തെക്കുള്ള സാപൊറീഷ്യ, ഹേഴ്സൻ പ്രവിശ്യകൾ റഷ്യയുടേതാക്കുന്ന നടപടി പൂർത്തിയായി. നടപടിക്ക് റഷ്യൻ പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ അനുമതി നൽകിയിരുന്നു. 

2014 ൽ പിടിച്ചെടുത്ത ക്രൈമിയ ഉൾപ്പെടെ യുക്രെയ്നിന്റെ 22% ഭാഗം ഇപ്പോൾ റഷ്യയുടേതായി. ഈ നടപടി അംഗീകരിക്കില്ലെന്ന് യുക്രെയ്നും പാശ്ചാത്യരാജ്യങ്ങളും അറിയിച്ചു. റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ മുഴുവൻ തിരിച്ചുപിടിക്കുംവരെ ആക്രമണം തുടരുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവർത്തിച്ചു. 

ഇതേസമയം, റഷ്യ കൂട്ടിച്ചേർത്ത പ്രദേശങ്ങളിൽ പലയിടത്തും യുക്രെയ്ൻ വൻമുന്നേറ്റം നടത്തി. ഒട്ടേറെ പ്രദേശങ്ങളിൽ നിന്ന് റഷ്യൻ സേന പിൻവാങ്ങി. റഷ്യ സ്വന്തമാക്കിയ 4 പ്രവിശ്യകളിലെയും ഒട്ടേറെ പട്ടണങ്ങളിൽ യുക്രെയ്ൻ പതാക പാറുന്നതിന്റെ ചിത്രം അവരുടെ സൈന്യം പുറത്തുവിട്ടു. മുന്നേറ്റം ചെറുക്കാൻ റഷ്യ ഇറാൻ നിർമിത ഡ്രോണുകൾ ഉൾപ്പെടെ കൂടുതൽ വിനാശകരമായ ആയുധങ്ങൾ ഉപയോഗിച്ചതായി യുക്രെയ്ൻ അറിയിച്ചു. ഇന്നലെ മാത്രം 6 ഡ്രോണുകൾ വെടിവച്ചിട്ടു. 

സമാധാനത്തിന് സഹായിക്കാമെന്ന് സെലൻസ്കിയോട് മോദി

ന്യൂഡൽഹി ∙ യുക്രെയ്നിലെ സംഘർഷത്തിനു സൈനികപരിഹാരം ഇല്ലെന്നും നയതന്ത്ര പരിഹാരത്തിനു ശ്രമിക്കണമെന്നും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി. സാപൊറീഷ്യ ആണവകേന്ദ്രത്തിനു സമീപം സംഘർഷം രൂക്ഷമാകുന്നത് വിനാശകരമാണെന്ന് മോദി ഓർമിപ്പിച്ചു. ഇരുരാജ്യങ്ങളും യുഎൻ ചാർട്ടറും രാജ്യാന്തര നിയമങ്ങളും മാനിച്ച് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നും സമാധാനചർച്ചകളിൽ സഹായിക്കാൻ ഇന്ത്യ തയാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു. 

English Summary: Vladimir Putin formalises annexation of occupied territory in Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com