ADVERTISEMENT

ഓസ്‌ലോ ∙ അയൽ രാജ്യങ്ങളായ ബെലാറൂസ്, റഷ്യ, യുക്രെയ്ൻ എന്നിവിടങ്ങളിലേക്കു സമാധാന നൊബേൽ പുരസ്കാരം പങ്കുവച്ചുപോകുമ്പോൾ, ആ രാജ്യങ്ങളിലെ ജനാധിപത്യവിരുദ്ധ പ്രക്ഷോഭങ്ങളെ ലോകം കൂടുതൽ ഗൗരവത്തോടെയും ആശങ്കയോടെയും കാണുന്നു. ഭരണകൂട വ‌ിമർശനങ്ങളുടെ പേരിൽ വിചാരണയില്ലാതെ തടവിൽ കഴിയുന്ന ഏൽസ് ബിയാലിയാറ്റ്സ്കി പുരസ്കാരം ഏറ്റുവാങ്ങാൻ മോചിതനാകുമോ എന്നു വ്യക്തമല്ല. പക്ഷേ, പുരസ്കാരം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കു കൂടുതൽ ശക്തി പകരും.

ഏൽസ് ബിയാലിയാറ്റ്സ്കി

1980 കളുടെ മധ്യത്തിൽ ജനാധിപത്യ പോരാട്ടങ്ങൾക്കു നേതൃത്വം നൽകി രംഗത്തുവന്ന അഭിഭാഷകനാണ് ഏൽസ് ബിയാലിയാറ്റ്സ്കി. പ്രസിഡന്റിന് അമിതാധികാരം നൽകുന്ന ഭരണഘടനാ ഭേദഗതിയ്ക്കെതിരെ 1996 ൽ വിയാസ്ന (വസന്തം) എന്ന സംഘടന സ്ഥാപിച്ച് കൂടുതൽ ശ്രദ്ധ നേടി. രാഷ്ട്രീയത്തടവുകാർക്കെതിരെയുള്ള ഭരണകൂട പീഡനത്തിനെതിരെ ഒരു മുന്നേറ്റമായി ഇതു വളർന്നപ്പോൾ 2011 ൽ ഇദ്ദേഹത്തെ ജയിലിൽ അടച്ചു. 2014 ൽ പുറത്തിറങ്ങിയെങ്കിലും ഭരണകൂടത്തെ വിമർശിക്കുന്നതു തുടർന്നപ്പോൾ 2020 ൽ വീണ്ടും തടവിലാക്കി. 

മെമ്മോറിയൽ

മുൻ സോവിയറ്റ് യൂണിയനിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമർത്തൽ കണ്ടു മനംമടുത്ത മനുഷ്യാവകാശ പ്രവർത്തകരാണ് 1987 ൽ ‘മെമ്മോറിയൽ’ സ്ഥാപിച്ചത്. സമാധാന നൊബേൽ മുൻ ജേതാവ് ആന്ദ്രേ സഖാറോവ് ഉൾപ്പെടെയുള്ളവരായിരുന്നു അതിനു പിന്നിൽ.  റഷ്യയിലെ രാഷ്ട്രീയ അടിച്ചമർത്തലുകളെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും വിവരങ്ങൾ സമാഹരിച്ച മെമ്മോറിയൽ ഈ മേഖലയിലെ ആധികാരിക ശബ്ദമായി. സ്റ്റാലിന്റെ കാലത്ത് ക്രൂരമായി കൊലചെയ്യപ്പെട്ട 7 ലക്ഷത്തോളം പേരുടെ വിവരങ്ങൾ ഇവർ സമാഹരിച്ചു. 2021 ഡിസംബറിൽ സംഘടന പിരിച്ചുവിടാനും വിവരശേഖരണ കേന്ദ്രം അടച്ചുപൂട്ടാനും പുട്ടിൻ ഉത്തരവിട്ടെങ്കിലും ഇപ്പോഴും രഹസ്യമായി പ്രവർത്തനം തുടരുന്നു.

സെന്റർ ഫോർ സിവിൽ ലിബർട്ടീസ്

2007 ൽ കീവിൽ സ്ഥാപിതമായ സംഘടന. യുക്രെയ്നിനെ സമ്പൂർണ ജനാധിപത്യരാജ്യമാക്കി മാറ്റാൻ സർക്കാരിനുമേൽ നിരന്തര സമ്മർദം ചെലുത്തി. രാജ്യാന്തര ക്രിമിനൽ കോടതിയുടെ പ്രവർത്തനം രാജ്യം അംഗീകരിച്ച് അഫിലിയേഷൻ നേടണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു ശേഷം അധിനിവേശ രാജ്യത്തിന്റെ യുദ്ധക്രൂരതകൾ പുറത്തുകൊണ്ടുവരുന്നതിലായി സംഘടനയുടെ ശ്രദ്ധ. ഇവ സമാഹരിക്കാനും രേഖപ്പെടുത്താനുമുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കയാണ്.

പിറന്നാൾ ദിനത്തിൽ പുട്ടിന് ‘ഷോക്ക്’

രാജ്യത്തെ ഭരണകൂട ഭീകരതയ്ക്കെതിരെ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ‘മെമ്മോറിയൽ’ പിരിച്ചുവിടാൻ ഉത്തരവിട്ട റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ 70–ാം പിറന്നാളാഘോഷവേളയിൽ തന്നെ സംഘടനയ്ക്ക് സമാധാന നൊബേൽ ലഭിക്കുന്നത് കൗതുകമായി. യുദ്ധനടപടികൾക്കിടയിലും രാജ്യത്ത് പിറന്നാളാഘോഷം നടന്നു. റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ കിറിൽ പാത്രിയാർക്കീസ് ഉൾപ്പെടെയുള്ളവർ ആശംസകൾ നേർന്നു.

Content Highlight: Nobel peace prize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com