കാലാവസ്ഥാ ദുരന്തം: നഷ്ടപരിഹാരനിധി വരുന്നു

cop-27-egypt-2022
SHARE

ഷറം അൽ ഷെയ്ഖ് (ഈജിപ്ത്) ∙ ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന വികസ്വര രാജ്യങ്ങൾക്കുവേണ്ടി നഷ്ടപരിഹാരനിധി രൂപീകരിക്കാനുള്ള സുപ്രധാന തീരുമാനത്തോടെ ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഉച്ചകോടി (സിഒപി 27) സമാപിച്ചു. കാലാവസ്ഥാ ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ 30 വർഷമായി ആവശ്യപ്പെട്ടിരുന്നതാണിത്. ‌ എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്ന കൽക്കരി, പെട്രോളിയം ഉൾപ്പെടെ എല്ലാ ഫോസിൽ ഇന്ധനങ്ങളുടെയും ഉപയോഗം 2025ന് അകം പടിപടിയായി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യത്തിന് കരാറിൽ ഇടം കിട്ടിയില്ല. ഗ്ലാസ്ഗോ ഉച്ചകോടിയിലെ പ്രധാന ഊന്നൽ ഇക്കാര്യത്തിലായിരുന്നു.

വൻതോതിൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്ന വികസിത രാജ്യങ്ങളും വൻകിട കമ്പനികളും തത്തുല്യമായ നഷ്ടപരിഹാരം നൽകണമെന്ന ശുപാർശയോടും പല രാജ്യങ്ങളും യോജിച്ചില്ല. ഇക്കാര്യത്തിൽ ഏകാഭിപ്രായത്തിൽ എത്താനാകാത്തതിനാൽ വെള്ളിയാഴ്ച സമാപിക്കേണ്ട ഉച്ചകോടി ഒരുദിവസം കൂടി നീട്ടുകയായിരുന്നു. നഷ്ടപരിഹാരനിധി രൂപീകരണം സംബന്ധിച്ച കൂടുതൽ ചർച്ചകൾ വരും വർഷം ദുബായിൽ നടക്കുന്ന ഉച്ചകോടി ചർച്ച ചെയ്യും. തുടക്കത്തിൽ വികസിത രാജ്യങ്ങളിൽനിന്നും രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ പോലുള്ള പൊതു സ്രോതസ്സുകളിൽനിന്നുമുള്ള സംഭാവനകൾ സ്വീകരിക്കാനാണു തീരുമാനം.

ഇന്ത്യയും ബ്രസീലും അടങ്ങുന്ന ജി77 രാജ്യങ്ങളുടെ കൂട്ടായ്മയാണ് വികസിത രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ മുന്നോട്ടുവച്ചത്. ഇതു നിയമപരമായ ബാധ്യതയാകുമെന്നു ചൂണ്ടിക്കാട്ടി യുഎസ് ആണ് പ്രധാനമായും എതിർത്തത്.

ശരാശരി ആഗോള താപനില വ്യവസായവൽക്കരണ കാലത്തിനു മുൻപുള്ളതിനെക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് കുറയ്ക്കുകയെന്ന ആവശ്യം സജീവമായി നിലനിർത്താൻ ശ്രമിക്കുമ്പോഴും 2 ഡിഗ്രി സെൽഷ്യസ് കുറയ്ക്കുകയെന്ന പാരിസ് ഉച്ചകോടിയിലെ പ്രഖ്യാപനമാണ് ഈ ഉച്ചകോടിയും ആവർത്തിച്ചത്. ഇതേസമയം, ഫോസിൽ ഇന്ധനങ്ങളെല്ലാം പടിപടിയായി കുറയ്ക്കണമെന്ന ഇന്ത്യയുടെ നിർദേശം യൂറോപ്യൻ യൂണിയനും യുഎസും ഉൾപ്പെടെ പിന്താങ്ങിയിട്ടും അന്തിമ പ്രമേയത്തിൽ ഇടംപിടിച്ചില്ല.

2025നു മുൻപ് കാർബൺ ബഹിർഗമനം പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തിൽനിന്നു കരാർ പിന്നാക്കം പോയതായി വ്യാപക വിമർശനമുയർന്നു. ‘വലിയ മുറിവിലെ ചെറിയ പ്ലാസ്റ്റർ’ എന്നാണു കരാറിനെ പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് വിശേഷിപ്പിച്ചത്.

ഇതു ചരിത്രം: ഇന്ത്യ

ന്യൂഡൽഹി ∙ നഷ്‌ടപരിഹാര നിധി രൂപീകരിക്കാനുള്ള യുഎൻ കാലാവസ്ഥാ ഉച്ചകോടിയിലെ ധാരണയെ ചരിത്രപരം എന്നു വിശേഷിപ്പിച്ച ഇന്ത്യ, ലോകം വളരെക്കാലമായി ഇതിനായി കാത്തിരിക്കുകയായിരുന്നു എന്നു ചൂണ്ടിക്കാട്ടി. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള ഉത്തരവാദിത്തം ചെറുകിട കർഷകരുടെ തലയിൽ വയ്ക്കരുതെന്ന് ആവശ്യപ്പെട്ട കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, കാർഷിക – ഭക്ഷ്യസുരക്ഷാ മേഖലകളിൽ കാലാവസ്ഥാ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. നഷ്ടപരിഹാരനിധി രൂപീകരണം, കൽക്കരി ഉപയോഗം പടിപടിയായി കുറയ്ക്കൽ എന്നീ ഇന്ത്യയുടെ രണ്ടു നിർദേശങ്ങളും ഉച്ചകോടിയുടെ കരടുരേഖയിൽ ഇടം നേടി. വെള്ളിയാഴ്ച തയാറാക്കിയ ആദ്യ കരടുരേഖയിൽ ഇത് ഉണ്ടായിരുന്നില്ല.

Content Highlight: Climate Change Conference

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA