പൂട്ടിയിട്ടാൽ പൊട്ടിത്തെറിക്കും; ചൈനയിൽ പ്രതിഷേധശബ്ദം, ഷിക്കെതിരെ മുദ്രാവാക്യവുമായി പ്രകടനം

china-protest
ചൈനയിലെ ബെയ്ജിങ്ങിൽ സർക്കാരിന്റെ കോവിഡ് നയത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ. ചിത്രം: എഎഫ്പി
SHARE

ബെയ്ജിങ് ∙ ചൈന സർക്കാരിന്റെ കോവിഡ് ലോക്ഡൗണിനെതിരെ രാജ്യത്തു ജനകീയ പ്രതിഷേധം. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഷിൻജിയാങ് പ്രവിശ്യയിൽ ലോക്ഡൗണിനിടെ 10 പേർ ഫ്ലാറ്റിലെ അഗ്നിബാധയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ആരംഭിച്ച പ്രതിഷേധം മറ്റു മേഖലകളിലേക്കും പടർന്നു.

ഷിൻജിയാങ് പ്രവിശ്യാ തലസ്ഥാനമായ ഉറുംഖി നഗരത്തിൽ 3 മാസമായി തുടരുന്ന ലോക്ഡൗണിൽ സഹികെട്ടാണു ജനം തെരുവിലിറങ്ങിയത്. ചൈനീസ് സർക്കാരിന്റെ അടിച്ചമർത്തൽ നടപടി നേരിടുന്ന ഉയിഗുർ മുസ്‌ലിംകളും ഇവിടെ പ്രതിഷേധത്തിനിറങ്ങി. പിന്നാലെ വെള്ളിയാഴ്ച അധികൃതർ കർശന നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയിരുന്നു. സർക്കാർ വിരുദ്ധ സമരങ്ങൾ കേട്ടിട്ടില്ലാത്ത ചൈനയിൽ ഷാങ്‌ഹായ് ഉൾപ്പെടെ വൻ നഗരങ്ങളിൽ ശനിയാഴ്ച വൈകിട്ടു നടന്ന ലോക്ഡൗൺ വിരുദ്ധ പ്രതിഷേധത്തിൽ ആയിരങ്ങളാണു പങ്കെടുത്തത്.

ഷാങ്‌ഹായ് നഗരത്തിൽ നടന്ന പ്രകടനത്തി‍ൽ പ്രസിഡന്റ് ഷി ചിൻപിങ് രാജിവയ്ക്കണമെന്നു മുദ്രാവാക്യങ്ങളുയർന്നു. സമരക്കാർക്കു നേരെ സേന കുരുമുളുക് സ്പ്രേ പ്രയോഗിച്ചു. ഒട്ടേറെപ്പേർ അറസ്റ്റിലായി. ബെയ്ജിങ്ങിലും ലോക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന സാഹചര്യത്തിൽ വിവിധ സർവകലാശാലാ വിദ്യാർഥികളും തെരുവിലിറങ്ങി.

ഞായറാഴ്ച രാജ്യമൊട്ടാകെ 40,000 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ ക്ലസ്റ്ററുകൾ കണ്ടെത്താൻ വ്യാപകമായ പരിശോധനകൾ ആരംഭിച്ചു. കോവിഡ് തടയാനായി അനിശ്ചിതമായ സമ്പൂർണ അടച്ചിടലാണു ചൈനയിലെ നയം. ഈ സമയം പുറത്തിറങ്ങാനോ ജോലിക്കു പോകാനോ വിലക്കുണ്ട്.

പ്രസിഡന്റിനെതിരെയുള്ള പരസ്യ പ്രതിഷേധം ചൈനയിലെ അധികാരകേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ബെയ്ജിങ്ങിലും നാൻജിങ്ങിലും യൂണിവേഴ്സിറ്റികളിലേയ്ക്കു പ്രതിഷേധ സമരം വ്യാപിച്ചത് വിദ്യാർഥി സമരത്തിന്റെ തിക്താനുഭവങ്ങൾക്കു സാക്ഷ്യം വഹിച്ച  ചൈനയെ അമ്പരപ്പിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളാണ് ഉറുംഖിയിൽ ഫ്ലാറ്റിലെ അഗ്നിബാധയിൽ മരണസംഖ്യ ഉയർത്തിയെന്ന വാദം സർക്കാർ നിഷേധിച്ചെങ്കിലും നഗരത്തിലെ കോവിഡ് നിയന്ത്രണങ്ങൾ ഉടനെ തന്നെ നീക്കം ചെയ്യാൻ ഉത്തരവിട്ടു.

പ്രതിഷേധ സമരക്കാർ ശൂന്യമായ ബാനറുകളും ഫ്ലാറ്റിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് പൂക്കളുമായാണു പലയിടത്തും എത്തിയത്.കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത വൂഹാൻ നഗരത്തിലും പ്രതിഷേധ റാലി നടന്നു. റാലിയുടെ ചിത്രങ്ങൾ സാമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതു സർക്കാരിനു മറ്റൊരു തലവേദനയായി.

English Summary: Protest in China over covid restrictions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS