ഷി ചിൻപിങ്ങിന് കോവിഡ്‌നയ തലവേദന; ജനം തെരുവിൽ, അത്യപൂർവ പ്രതിഷേധം നേരിട്ട് ചൈന

xi-jinping
ഷി ചിൻപിങ്
SHARE

അധികാരത്തിന്റെ മൂന്നാം ഊഴത്തിന്റെ തുടക്കം ഷി ചിൻപിങ്ങിന് പ്രശ്നപരമ്പരയോടെ. സിൻജിയാങ് മേഖലയിലെ വംശീയകലാപവേദിയായ ഉറുംഗിയിലെ അപ്പാർട്മെന്റ് ബ്ലോക്കിൽ 10 പേരു‍ടെ മരണത്തിനിടയാക്കിയ തീപിടിത്തം, ഷെങ്സുവിൽ ലോകത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണകേന്ദ്രത്തിലെ തൊഴിലാളിസമരം, കോവിഡ് ലോക്ഡൗണിൽ പൊറുതിമുട്ടിയ ജനം ഗുവാങ്സുവിലും ചെങ്ദുവിലും തെരുവിലിറങ്ങിയത്, ബെയ്ജിങ്, വുഹാൻ സർവകലാശാലാ ക്യാംപസുകളിൽ യൂറോപ്യൻ മോഡൽ പ്രതിഷേധം – ചൈനയിൽ അസാധാരണമായതാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്.

2009ലെ വംശീയകലാപത്തിൽ 184 പേർ കൊല്ലപ്പെട്ട ഉറുംഗിയിൽ 24നാണ് അപ്പാർട്മെന്റ് ബ്ലോക്കിൽ തീപിടിത്തമുണ്ടായത്. ഹു ജിന്റാവോ അന്നു കലാപത്തെ അടിച്ചമർത്തി എല്ലാം ‘ഭദ്ര’മാക്കി. ചൈനീസ് പാർട്ടി കോൺഗ്രസിനിടെ ഹു ജിന്റാവോയെ അധികാരത്തിന്റെ ഇടനാഴിയിൽനിന്ന് ഷി കൈപിടിച്ചിറക്കി ഒരു മാസം തികയും മുൻപേ, ഹു നേരിട്ടതിലും വലിയ പ്രതിസന്ധിയാണ് ഷി നേരിടുന്നത്. തീപിടിത്തത്തിൽ മരിച്ചവർക്ക് ആദരം അർപ്പിച്ച് ഉറുംഗിയിൽനിന്ന് 4000 കിലോമീറ്റർ അകലെ ഷാങ്ഹായിൽ നടന്ന സമാധാനപരമായ മെഴുകുതിരി പ്രദക്ഷിണത്തിൽനിന്നാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന്റെ അഗ്നി പടർന്നത്. ഷി ഭരണത്തിന്റെ ദുസ്സഹ നടപടികൾക്കെതിരെ ജനം തെരുവിലിറങ്ങി. ക്രൂരമായി അടിച്ചമർത്തിയിട്ടും പ്രതിഷേധ അലകൾ അടങ്ങുന്നില്ല.

ആനുകൂല്യങ്ങൾ വർധിപ്പിച്ചു നൽകിയിട്ടും ഷെങ്സുവിലെ ഐഫോൺ ഫാക്ടറിയിലെ തൊഴിലാളികളുടെ അസ്വസ്ഥത ശമിപ്പിക്കാനാകുന്നില്ല. ശൈത്യകാലം എത്തും മുൻപേ അവധി ആഘോഷത്തിനൊരുങ്ങിയ വിദ്യാർഥികളുടെ നിരാശ ക്യാംപസുകളിൽ പ്രകടമാണ്. കോവിഡ് നിയന്ത്രണങ്ങളിൽ അൽപം ഇളവു വരുത്തിയിട്ടും പ്രതിഷേധം തണുക്കുന്നില്ല. ശൈത്യകാലത്ത് കോവിഡ് വൈറസ് കൂടുതൽ മാരകമായ മാറ്റങ്ങൾക്കു വിധേയമാകുമെന്ന മുന്നറിയിപ്പു സർക്കാരിന് അവഗണിക്കാനുമാകുന്നില്ല.

പിടിച്ചെടുത്ത മൂന്നാം ഊഴം ഷിക്ക് എളുപ്പമാകില്ല. വിദേശ ശക്തികളെ പഴിച്ച് ഈ പ്രതിഷേധത്തിൽനിന്നു തലയൂരാനുള്ള ശ്രമവും ഫലിക്കുന്നില്ല. കോവിഡ് വൈറസിനു രൂപമാറ്റം സംഭവിക്കുന്നതുപോലെ പ്രതിഷേധം ഷിക്കും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കുമെതിരായ തരംഗമായി മാറുകയാണ്.

തെരുവിൽ ഏറ്റുമുട്ടി പ്രതിഷേധക്കാർ

ബെയ്ജിങ് ∙ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ചൈനയിലെങ്ങും പടരുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു. 22 നഗരങ്ങളിൽ പ്രതിഷേധക്കാർ നിയമം ലംഘിച്ച് തെരുവിലിറങ്ങി. 27 ഇടത്ത് വൻ പ്രതിഷേധ റാലി നടന്നു. വിദേശരാജ്യങ്ങളിലുള്ള ചൈനീസ് വംശജർ പ്രതിഷേധത്തെ പിന്തുണച്ചു പ്രചാരണം തുടങ്ങിയതും സർക്കാരിനു തലവേദനയായി. പ്രതിഷേധം ശമിപ്പിക്കുന്നതിനായി എല്ലാവർക്കും നാലാം ഡോസ് വാക്സീൻ നൽകി നിയന്ത്രണങ്ങളിൽ ഇളവു നൽകാൻ നീക്കമുണ്ട്.

English Summary: Protest in china continues

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS