ലണ്ടൻ∙ അടുത്തവർഷം മേയ് 6ന് ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവായി കീരീടധാരണം ചെയ്യപ്പെടുമ്പോൾ ഉപയോഗിക്കുക വിഖ്യാതമായ സെന്റ് എഡ്വേഡ്സ് കിരീടം. ബ്രിട്ടിഷ് രാജ ആഭരണങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്ന ഈ കിരീടം, അതു സൂക്ഷിക്കുന്ന ടവർ ഓഫ് ലണ്ടൻ കോട്ടയിൽ നിന്നു മാറ്റി. ചാൾസിന്റെ ശിരസ്സിനനുസരിച്ച് ഇതിന്റെ വലുപ്പത്തിൽ മാറ്റം വരുത്താനുള്ള ജോലി ഉടൻ തുടങ്ങും.
1661ൽ ചാൾസ് രണ്ടാമന്റെ രാജ്യാഭിഷേകത്തിനാണ് ഈ കിരീടം ആദ്യമായി ഉപയോഗിച്ചത്. അതിനു മുൻപുള്ള രാജാക്കാൻമാരും രാജ്ഞിമാരും മെഡീവൽ ക്രൗണാണു കിരീടധാരണത്തിനു വച്ചിരുന്നത്. എന്നാൽ ബ്രിട്ടിഷ് ആഭ്യന്തര യുദ്ധത്തിനു ശേഷം 1649ൽ അധികാരത്തിൽ വന്ന ഒലിവർ ക്രോംവെല്ലിന്റെ പാർലമെന്ററി സമിതി രാജമേധാവിത്വം നിരോധിക്കുകയും ഈ കിരീടം ഉരുക്കി നശിപ്പിക്കുകയും ചെയ്തു. തുടർന്ന് ചാൾസ് രണ്ടാമനിലൂടെയാണു രാജത്വം ബ്രിട്ടനിൽ തിരികെയെത്തിയത്.
ചാൾസ് രണ്ടാമന്റെ കിരീടധാരണത്തിനു ശേഷം രണ്ടു നൂറ്റാണ്ടിലധികം ഉപയോഗിക്കാതിരുന്ന സെന്റ് എഡ്വേഡ്സ് കിരീടം 1911ൽ ജോർജ് അഞ്ചാമന്റെ കിരീടധാരണത്തിലാണു പിന്നീട് ഉപയോഗിച്ചത്. 1953ൽ കിരീടധാരണവേളയിൽ എലിസബത്ത് രാജ്ഞി ശിരസ്സിൽ വച്ചതും ഇതേ കിരീടമാണ്.
22 കാരറ്റ് സ്വർണത്തിൽ നിർമിച്ച കിരീടത്തിൽ 444 രത്നങ്ങളുണ്ട്. 12 പവിഴങ്ങൾ, 7 വൈഡൂര്യങ്ങൾ, 6 മരതകങ്ങൾ, 37 പുഷ്യരാഗങ്ങൾ, ഒരു മാണിക്യം തുടങ്ങിയവ ഉൾപ്പെടും.
English Summary: St. Edward's crown to be used at King Charles' coronation