ADVERTISEMENT

വാഷിങ്ടൻ ∙ കുപ്രസിദ്ധ ആയുധ വ്യാപാരി വിക്ടർ ബൗട്ടിനെ റഷ്യയ്ക്കു വിട്ടുകൊടുത്ത് യുഎസ് റഷ്യയിൽ തടവിലായിരുന്ന ബാസ്കറ്റ്ബോൾ സൂപ്പർതാരം ബ്രിട്നി ഗ്രൈനറെ മോചിപ്പിച്ചു. ഇരുരാജ്യങ്ങളിലും ജയിലിലായിരുന്ന ഇവരെ ദുബായിൽ കൈമാറി അതതു രാജ്യങ്ങളിലേക്കു കൊണ്ടുപോയി. യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിൽ ഉന്നതതല ഇടപെടലിനെ തുടർന്നാണ് ഇതു സാധ്യമായത്. 

രണ്ടു തവണ ഒളിംപിക് സ്വർണ മെഡൽ നേടിയ യുഎസ് ടീം അംഗവും വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ഫീനിക്സ് മെർക്കുറി ടീമിലെ സൂപ്പർ താരവുമായ ബ്രിട്നിയെ ലഹരിപദാർഥം കൈവശം വച്ചതിന് റഷ്യൻ അധികൃതർ ഫെബ്രുവരി 17ന് മോസ്കോ വിമാനത്താവളത്തിൽ അറസ്റ്റുചെയ്യുകയായിരുന്നു. അബദ്ധത്തിൽ സംഭവിച്ചതാണെന്ന ബ്രിട്നിയുടെ വാദം തള്ളി റഷ്യൻ കോടതി 9 വർഷം തടവിന് ശിക്ഷിച്ചു. അവരെ മോചിപ്പിക്കുന്നതിന് ആരാധകരുടെ മുറവിളി ശക്തമായതോടെ യുഎസ് ഭരണകൂടം ഉന്നതതല ശ്രമം തുടങ്ങി. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലവ്‍റോവിനെ നേരിട്ടു വിളിച്ച് ബ്രിട്നിയുടെ മോചനത്തിനു വഴിയൊരുക്കി. 

യുഎസിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ ആയുധങ്ങൾ അനധികൃതമായി വിറ്റ മുൻ റഷ്യൻ സൈനികനും ‘മരണ വ്യാപാരി’ എന്നും ലോകം തേടുന്ന ഏറ്റവും വലിയ കുറ്റവാളിയെന്നും പേരുകേട്ട ആയുധക്കച്ചവടക്കാരൻ വിക്ടർ ബൗട്ടിനെ 2008 ൽ തായ്‍ലൻഡിൽ വച്ച് യുഎസ് അധികൃതർ പിടികൂടുകയായിരുന്നു. 2012 ൽ യുഎസ് കോടതി ബൗട്ടിന് 25 വർഷം ജയിൽശിക്ഷ വിധിച്ചു. ബൗട്ട് നിരപരാധിയാണെന്നും ശിക്ഷ അനീതിയാണെന്നുമായിരുന്നു റഷ്യയുടെ നിലപാട്. ബൗട്ടിന്റെ ജീവചരിത്രം ആസ്പദമാക്കി നിർമിച്ച ‘ലോർഡ് ഓഫ് വാർ’ എന്ന ഹോളിവുഡ് ചിത്രം സുപ്പർഹിറ്റായിരുന്നു. 

English Summary: WNBA star freed in US - Russia prisoner swap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com