ടെഹ്റാൻ ∙ ഇറാനിൽ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരാളെക്കൂടി പരസ്യമായി തൂക്കിക്കൊന്നു. മജിദ്റെസ റഹ്നാവാദിനെ ടെഹ്റാനിൽ നിന്ന് 740 കിലോമീറ്റർ അകലെ മഷ്ഹാദ് നഗരത്തിലാണ് തൂക്കിലേറ്റിയത്. 2 സുരക്ഷാ ഭടന്മാരെ കുത്തിക്കൊല്ലുകയും 4 പേരെ പരുക്കേൽപ്പിക്കുകയും ചെയ്തതിനാണ് ശിക്ഷയെന്ന് മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നവംബർ 17ന് നടന്ന സംഭവത്തിന്റെ പേരിൽ നവംബർ 29നാണ് വധശിക്ഷ വിധിച്ചത്.
ശരിയായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരിൽ മതപ്പൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് വംശജയായ മഹ്സ അമിനി (22) സെപ്റ്റംബർ 16ന് മരിച്ചതിനെ തുടർന്നാണ് വനിതകളുടെ നേതൃത്വത്തിൽ ഇറാനിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
പ്രക്ഷോഭത്തിൽ പങ്കെടുത്ത മൊഹ്സെൻ ഷെക്കാരിയെ (23) 4 ദിവസം മുൻപ് തൂക്കിക്കൊന്നിരുന്നു. സുരക്ഷാജീവനക്കാരനെ ആക്രമിച്ചുവെന്നതാണ് ഷെക്കാരിക്കെതിരെയും ഉന്നയിച്ച കുറ്റം. അതേസമയം, രഹസ്യവിചാരണ നടത്തി 12 പേർക്കെങ്കിലും വധശിക്ഷ വിധിച്ചതായാണ് പൗരാവകാശ സംഘടനകൾ ആരോപിക്കുന്നത്. ഇവർക്ക് അഭിഭാഷകരുടെ സേവനവും നിഷേധിക്കുന്നു.
English Summary: Second Iranian detainee executed over alleged protest crime