ടെഹ്റാൻ ∙ ഇറാനിലെ ഹിജാബ് പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചെസ് താരം സാറ കദം (25) ഹിജാബ് ധരിക്കാതെ മത്സരത്തിൽ പങ്കെടുത്തു. കസഖ്സ്ഥാനിൽ നടക്കുന്ന ഫിഡെ ലോക ചെസ് ചാംപ്യൻഷിപ്പിൽ സാറ ശിരോവസ്ത്രം ധരിക്കാതെ മത്സരിക്കുന്ന ചിത്രം ഇറാനിലെ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. സാറ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. രാജ്യാന്തര തലത്തിൽ 804 റാങ്ക് ആണ് സാറയ്ക്കുള്ളത്.
ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി (22) മരിച്ചതിനെ തുടർന്ന് വനിതകളുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രക്ഷോഭം 100 ദിവസം പിന്നിട്ടു.
അതിനിടെ, രാജ്യാന്തര ഫുട്ബോൾ താരം അലി ദേയിയുടെ (53) ഭാര്യയും മകളും രാജ്യം വിടുന്നത് ഇറാൻ തടഞ്ഞു. പ്രക്ഷോഭത്തെ പിന്തുണച്ച വ്യക്തിയാണ് അലി ദേയി.
ദുബായിൽ തന്നോടൊപ്പം ചേരാൻ ടെഹ്റാനിൽ നിന്ന് ഇവർ കയറിയ വിമാനം ഇറാന്റെ ഭാഗമായ കിഷ് ദ്വീപിലിറക്കുകയും ഇരുവരെയും വിമാനത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി അലി ദേയി പറഞ്ഞു.
പ്രക്ഷോഭകരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്ന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ടെഹ്റാനിൽ പറഞ്ഞു. മുൻപും കായികതാരങ്ങളാണ് പ്രക്ഷോഭത്തെ പരസ്യമായി പിന്തുണച്ചത്. ഒക്ടോബറിൽ ദക്ഷിണ കൊറിയയിൽ നടന്ന കായികമേളയിൽ ക്ലൈംബിങ് വിഭാഗത്തിൽ എൽനാസ് റെഖാബി (33) ശിരോവസ്ത്രം ധരിക്കാതെ പങ്കെടുത്തു. ദോഹയിൽ ലോകകപ്പ് മത്സരത്തിൽ ദേശീയഗാനം ആലപിക്കാതെയാണ് ഫുട്ബോൾ ടീം പ്രതിഷേധിച്ചത്.
English Summary: Iran chess player protest without wearing hijab