ടെഹ്റാൻ ∙ രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രക്ഷോഭത്തിൽ പങ്കെടുത്ത 2 യുവാക്കളെക്കൂടി ഇറാൻ തൂക്കിലേറ്റി. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാസൈനികനെ കൊലപ്പെടുത്തി എന്ന് ആരോപിച്ചാണ് മുഹമ്മദ് കരാമി (22), മുഹമ്മദ് ഹൊസൈനി (39) എന്നിവരെ വധിച്ചത്. കരാജ് നഗരത്തിൽ നവംബർ 3ന് റവല്യൂഷനറി ഗാർഡ് ആയ റുഹൊല്ല അജാമിയൻ കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷ. ഇതോടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റിയവരുടെ എണ്ണം നാലായി.
ഏതു കോടതിയാണ് വധശിക്ഷ വിധിച്ചതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് രഹസ്യമായി പ്രവർത്തിക്കുന്ന റവല്യൂഷനറി കോടതികൾ ഇതുവരെ 16 പേരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്നാണ് പൗരാവകാശ സംഘടനകൾ ആരോപിക്കുന്നത്. 26 പേർക്ക് വധശിക്ഷ നൽകണമെന്ന് സർക്കാർ നിർദേശിച്ചതായി ആംനസ്റ്റി ഇന്റർനാഷനൽ പറയുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് നിയമസഹായവും ലഭിക്കുന്നില്ല. കരാട്ടെ ചാംപ്യനായ മുഹമ്മദ് കരാമിയെയും മുഹമ്മദ് ഹൊസൈനിയെയും ക്രൂരമായി പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് അഭിഭാഷകർ ആരോപിച്ചു.
ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) കൊല്ലപ്പെട്ടതിനെ തുടർന്നാണ് സെപ്റ്റംബർ 17ന് ഇറാനിൽ വനിതകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചത്.
English Summary: Iran executes 2 more men detained amid nationwide protests