ADVERTISEMENT

കഠ്മണ്ഡു∙ നേപ്പാളിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സുരക്ഷാ റിപ്പോർട്ട് അനുസരിച്ച്, പൈലറ്റുമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തിന്റെ ഭൂപ്രകൃതിയാണ്. എപ്പോൾ വേണമെങ്കിലും സ്വഭാവം മാറാവുന്ന കാലാവസ്ഥയുടെ സവിശേഷതയും മികച്ച റഡാർ സാങ്കേതികവിദ്യയുടെ അഭാവവും കൂടിയാകുമ്പോൾ നേപ്പാളിലേത് ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളായി മാറുന്നു.

എവറസ്റ്റ് അടക്കം ലോകത്തിലെ ഏറ്റവും ഉയരമുള്ള 8 പർവതങ്ങളും നേപ്പാളിലാണ്. വ്യോമഗതാഗതം ഏറ്റവും ദുഷ്കരമായ ഭൂപ്രദേശങ്ങളിലൊന്നാണു രാജ്യത്തേത്. മോശം കാലാവസ്ഥയിൽ അപകടഭീഷണി ഇരട്ടിയാകും. റോഡ് യാത്രാസൗകര്യങ്ങൾ കുറവും ദുർഘടവുമായതിനാൽ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാത്ത ചെറുവിമാനങ്ങളെ യാത്രക്കാർ ആശ്രയിക്കുന്നു. ചെറുവിമാനങ്ങൾക്ക് ഇത്തരം സാഹചര്യങ്ങളിൽ അപകടസാധ്യത കൂടുതലാണെന്നതു സ്ഥിതി വഷളാക്കുന്നു. പഴയ വിമാനങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നതാണു മറ്റൊരു വെല്ലുവിളി. സമീപ വർഷങ്ങളിൽ നേപ്പാൾ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നെങ്കിലും ഇപ്പോഴും പ്രശ്നങ്ങൾ അവശേഷിക്കുകയാണ്.

ലുക്‌ലയിലേതു പോലെ മലനിരകളിലുളള വിമാനത്താവളങ്ങളിൽ മതിയായ റൺവേയോ സുരക്ഷാസാഹചര്യമോ ഇല്ല. രാജ്യത്തെ 43 വിമാനത്താവളങ്ങളിലും വ്യാപകമായുള്ള ഹ്രസ്വമായ ലാൻഡിങ് സ്ട്രിപ്പുകൾ വലിയ അപകടഭീഷണിയാണ്. പുതിയ പോഖര രാജ്യാന്തര വിമാനത്താവളത്തിൽ 45 മീറ്റർ വീതിയും 2500 മീറ്റർ നീളവുമുള്ള റൺവേയുമാണുള്ളത് (ഡൽഹി വിമാനത്താവളത്തിൽ 60 മീറ്റർ വീതിയും 4,430 മീറ്റർ നീളവുമുള്ള റൺവേയുമുണ്ട്).

1949ൽ രാജ്യത്തു വിമാന സർവീസ് ആരംഭിച്ചതിനു ശേഷം ചെറുതും വലുതുമായി എൺപതോളം അപകടങ്ങളുണ്ടായി. എഴുന്നൂറിലേറെപ്പേർ മരിച്ചു. സുരക്ഷാ അപര്യാപ്തത ചൂണ്ടിക്കാട്ടി നേപ്പാൾ വിമാനക്കമ്പനികൾക്കു യൂറോപ്പിലേക്കു സർവീസ് നടത്തുന്നതിനു യൂറോപ്യൻ യൂണിയൻ 2013 മുതൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ചയുണ്ടായത് നേപ്പാളിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ അപകടമാണ്. അതേ സമയം, ആഭ്യന്തര വിമാന സർവീസിലെ ഏറ്റവും വലിയ അപകടമാണിത്. യതി ഗ്രൂപ്പിന്റെ പതിനാലാമത്തെ വിമാനമാണ് കഴിഞ്ഞ 24 വർഷത്തിനിടെ അപകടത്തി‍ൽ‌പെടുന്നത്. ഒരു എടിആർ 72 വിമാനം അപകടത്തിൽപ്പെടുന്നത് രാജ്യത്ത് ആദ്യമാണ്.

nepal-airport

 

രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തത് രണ്ടാഴ്ച മുൻപ്

കഠ്മണ്ഡു∙ പോഖര രാജ്യാന്തര വി‌മാനത്താവളം നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ ഉദ്ഘാടനം ചെയ്തത് ജനുവരി ഒന്നിന്. ചൈനയിലെ ബെൽറ്റ് ആൻഡ് റോഡ് (ബിആർഐ) സഹകരണത്തോടെ നിർമിച്ച വിമാനത്താവളത്തിന് 21.59 കോടി യുഎസ് ഡോളറിന്റെ (ഏകദേശം 1775 കോടി രൂപ) കരാർ ഒപ്പുവച്ചത് 2016 മാർച്ചിലായിരുന്നു. 

English Summary: Challenges of flight operation in Nepal

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com