ADVERTISEMENT

കഠ്മണ്ഡു ∙ കഥകളിലെ ഭാവനാകഥാപാത്രമായ ഹിമമനുഷ്യൻ യതിയുടെ കാൽപാടുകൾ പോലെ വിമാനദുരന്തമെന്ന മരണവിധി പൈലറ്റ് അഞ്ജു ഖതിവാഡയെയും തേടിയെത്തി. അഞ്ജുവിനെപ്പോലെ, യതി എയർലൈൻസിൽ പൈലറ്റായിരുന്ന ആദ്യ ഭർത്താവ് ദീപക് പൊഖരേലും 16 വർഷം മുൻപു മരിച്ചത് ഇതുപോലെയൊരു വിമാനദുരന്തത്തിലാണ്. 

ദീപക് പറത്തിയ യതി എയർലൈൻസ് വിമാനം 2006 ജൂൺ 21ന് അപകടത്തിൽപെട്ടത് ജുംലയിൽവച്ചായിരുന്നു. ആ ദുരന്തത്തിൽ ദീപക് ഉൾപ്പെടെ 10 പേർ മരിച്ചു.

ദീപക്കിന്റെ മരണശേഷം അഞ്ജു വീണ്ടും വിവാഹിതയായി. പൈലറ്റായി കരിയർ മുന്നോട്ടു കൊണ്ടുപോയി. ബിരാട്നഗറിലാണ് മാതാപിതാക്കൾ താമസിക്കുന്നത്. ദീപക്കുമായുള്ള വിവാഹത്തിൽ 22 വയസ്സുള്ള മകളും രണ്ടാം വിവാഹത്തിൽ 7 വയസ്സുള്ള മകനുമുണ്ട്.

നേപ്പാളിലെ വിവിധ വിമാനത്താവളങ്ങളിൽ വിജയകരമായ ലാൻഡിങ് നടത്തി, പൈലറ്റ് എന്ന നിലയിൽ പ്രശംസ നേടിയിരുന്നു. ഇന്നലെ ക്യാപ്റ്റൻ കമൽ കെസിക്കൊപ്പം സഹപൈലറ്റായി പറത്തിയ വിമാനം അപകടത്തിൽപെടുമ്പോൾ ക്യാപ്റ്റൻ പദവിക്ക് തൊട്ടരികിലായിരുന്നു അവർ. യതി എയർലൈൻസിന്റെ എടിആർ 72–500 വിമാനം വിജയകരമായി നിലത്തിറക്കി കരിയറിലെ പുതിയ നേട്ടത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങേണ്ടിയിരുന്ന അഞ്ജു ഇനി ഓർമകളിലെ നൊമ്പരം.

മരിച്ചവരിൽ പ്രമുഖ നാടോടി ഗായികയും

കഠ്മണ്ഡു∙ വിമാനാപകടത്തിൽ മരിച്ചവരിൽ പ്രമുഖ നാടോടി ഗായിക നിര ഛന്ത്യാലും (22). മകര സംക്രാന്തിയോടനുബന്ധിച്ച് പോഖാരയിൽ ഇന്നു നടക്കാനിരുന്ന പരിപാടിയിൽ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു.

nepal-plance-crash-singer-death
ഛന്ത്യാൽ

English Summary: Nepal plane crash; Pilot Anju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com