ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു; ഫ്രഞ്ച് കന്യാസ്ത്രീയുടെ മരണം 118–ാം വയസ്സിൽ

sister-andre
സിസ്റ്റർ ഓന്ദ്‌റേ
SHARE

പാരിസ് ∙ കഴിഞ്ഞ നൂറ്റാണ്ടിലെ 2 ലോകയുദ്ധങ്ങളും മഹാമാരികളും കഴിഞ്ഞ വർഷം കോവിഡും അതിജീവിച്ച് ആയുസ്സിന്റെ പ്രകാശം പരത്തിയ സിസ്റ്റർ ഓന്ദ്റേ (118) അടുത്ത മാസത്തെ ജന്മദിനമാഘോഷിക്കാൻ കാത്തുനിൽക്കാതെ യാത്രയായി.‌ ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന ഗിന്നസ് റെക്കോർഡുമായി ടുലോങ്ങിലെ നഴ്സിങ് ഹോമിൽ എല്ലാവരുടെയും പ്രിയങ്കരിയായി കഴിഞ്ഞ സിസ്റ്റർ ചൊവ്വ പുലർച്ചെ ഉറക്കത്തിലാണു മരിച്ചത്. 

108–ാം വയസ്സുവരെ സേവനത്തിൽ മുഴുകിയതുകൊണ്ടാണ് ഇത്രയും കൊല്ലം ജീവിച്ചിരുന്നതെന്ന് സിസ്റ്റർ പറയുമായിരുന്നു. എല്ലാ ദിവസവും അൽപം ചോക്കലേറ്റും ഒരു ഗ്ലാസ് വൈനും നുണഞ്ഞ് ഭക്ഷണവും ആസ്വദിച്ചു. 

1904 ഫെബ്രുവരി 11ന് തെക്കൻ ഫ്രാൻസിലെ പ്രൊട്ടസ്റ്റന്റ് കുടുംബത്തിലായിരുന്നു ജനനം. പാരിസിലെ സമ്പന്നകുടുംബങ്ങളിലെ കുട്ടികളെ നോക്കുന്ന ആയയായി ജോലി ചെയ്ത ശേഷം 26–ാം വയസ്സിൽ കത്തോലിക്കാ വിശ്വാസിയായി. 41–ാം വയസ്സിൽ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സന്ന്യാസിനീ സഭയിൽ ചേർന്നു. അനാഥർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള ആശുപത്രിയിൽ മൂന്നു പതിറ്റാണ്ടു സേവനമനുഷ്ഠിച്ച ശേഷമാണ് ടുലോങ്ങിലെ നഴ്സിങ് ഹോമിലെത്തിയത്. ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുക്കാൻ പോയ 2 സഹോദരങ്ങളും ജീവനോടെ തിരിച്ചെത്തിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ അദ്ഭുതങ്ങളിലൊന്നായി സിസ്റ്റർ എക്കാലവും കരുതിയിരുന്നത്. 

ജപ്പാൻ‍കാരി കാനെ തനാക 119–ാം വയസ്സിൽ കഴിഞ്ഞ വർഷം മരിച്ചപ്പോഴാണ് സിസ്റ്റർ ഓന്ദ്റേ ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയായത്. ഇനി ഈ റെക്കോർഡ് സ്പെയിനിൽ താമസിക്കുന്ന 115 വയസ്സുള്ള അമേരിക്കക്കാരി മരിയ ബ്രന്യസ് മൊറേറയ്ക്കാണ്. 

English Summary: World oldest person french nun Andre dies aged 118

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS