ജുബ ∙ ദക്ഷിണ സുഡാനിൽ യുദ്ധവും ദാരിദ്ര്യവും മൂലം ദുരിതമനുഭവിക്കുന്നവരുടെ സങ്കടങ്ങൾ കേട്ട് ആശ്വാസമേകി ഫ്രാൻസിസ് മാർപാപ്പ. മാർപാപ്പയ്ക്കൊപ്പം കാന്റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വിൽബിയും ചർച്ച് ഓഫ് സ്കോട്‌ലൻഡ് മോഡറേറ്റർ ഇയിൻ ഗ്രീൻഷീൽഡ്സും ജനങ്ങൾക്കു സാന്ത്വനമേകി.
ജുബയിലെ സെന്റ് തെരേസ കത്തീഡ്രലിൽ വൈദികർ, സന്യസ്തർ, മിഷനറിമാർ എന്നിവരെ അഭിസംബോധന ചെയ്ത മാർപാപ്പ ജനങ്ങളുടെ ദുരിതമകറ്റാൻ, പ്രത്യേകിച്ച് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ സഹായിക്കാൻ അഭ്യർഥിച്ചു. പ്രസിഡന്റ് സൽവ കിയിർ, ഡപ്യൂട്ടി പ്രസിഡന്റ് റീക് മച്ചർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മാർപാപ്പ 2018ലെ സമാധാന ഉടമ്പടി എത്രയും വേഗം നടപ്പാക്കാൻ അഭ്യർഥിച്ചു. മാർപാപ്പയുടെ സന്ദർശനം പ്രമാണിച്ച് പ്രസിഡന്റ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 36 പേർ ഉൾപ്പെടെ 71 തടവുകാർക്കു മാപ്പു നൽകി മോചിപ്പിച്ചു. ഒരാഴ്ചത്തെ കോംഗോ, ദക്ഷിണ സുഡാൻ സന്ദർശനം പൂർത്തിയാക്കി മാർപാപ്പ ഇന്നു വത്തിക്കാനിലേക്കും മടങ്ങും.
English Summary : Pope Francis shares the sorrows of South Sudan