ADVERTISEMENT

വാഷിങ്ടൻ ∙ മൂന്നു നാൾ നീണ്ടുനിന്ന ദുരൂഹതയ്ക്കൊടുവിൽ ചൈനീസ് നിരീക്ഷണ ബലൂൺ യുഎസ് മിസൈൽ ഉപയോഗിച്ചു തകർത്തു. കാനഡയുടെ പിന്തുണയോടെയാണ് സൗത്ത് കാരലൈന തീരത്ത് യുഎസ് വ്യോമസേനയുടെ എഫ്–22 യുദ്ധവിമാനം ബലൂൺ വീഴ്ത്തിയത്.

തീരത്തുനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ അറ്റ്ലാന്റിക് സമുദ്രത്തിലാണു ബലൂൺ പതിച്ചത്. ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് വിശകലനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ.ഓസ്റ്റിൻ പറഞ്ഞു.

ജനുവരി 28ന് അലൂഷ്യൻ ദ്വീപുകൾക്കു സമീപം തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോഴാണ് ബലൂൺ ആദ്യമായി യുഎസിന്റെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് കാനഡയിലെ അലാസ്കയിലൂടെ സഞ്ചരിച്ച് ഐഡഹോയ്ക്കു മുകളിലൂടെ ബലൂൺ വീണ്ടും യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചു. അപകടമില്ലാതെ ബലൂൺ താഴെയിറക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച അനുമതി നൽകി. തുടർന്ന് ഇന്ത്യൻ സമയം ഞായർ പുലർച്ചെ 1.09ന് ആണ് ബലൂൺ വീഴ്ത്തിയത്.

വഴിതെറ്റി പറന്ന കാലാവസ്ഥാ ബലൂൺ ആണെന്ന ചൈനയുടെ അവകാശവാദം കളവാണെന്നും യുഎസിലെയും കാനഡയിലെയും സൈനികമേഖലകൾ നിരീക്ഷിക്കുകയായിരുന്നു ബലൂണിന്റെ ലക്ഷ്യമെന്നും പ്രതിരോധ സെക്രട്ടറി ആരോപിച്ചു. 

ബലൂൺ വെടിവച്ചിട്ട യുഎസ് നടപടി അമിത പ്രതികരണമാണെന്നും ഇതിനോട് ഉചിതമായി പ്രതികരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

 

ട്രംപിന്റെ കാലത്ത് 3 ബലൂൺ

പ്രസിഡന്റ് ട്രംപിന്റെ ഭരണകാലത്ത് 3 തവണയെങ്കിലും ചൈനീസ് ബലൂണുകൾ അമേരിക്കൻ ഭൂഖണ്ഡത്തിനു മുകളിൽ കടന്നുകയറിയെന്ന പ്രതിരോധ സെക്രട്ടറിയുടെ പ്രസ്താവന വിവാദമായി. ബലൂൺ കണ്ടെത്തിയതിനു ശേഷം പ്രസിഡന്റ് ബൈഡൻ ദിവസങ്ങളോളം അക്കാര്യം ജനങ്ങളിൽനിന്നു മറച്ചുവച്ചെന്ന ആരോപണവുമായി റിപ്പബ്ലിക്കൻ അംഗങ്ങൾ രംഗത്തുവന്നതോടെയാണ് റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്ന ട്രംപിന്റെ കാലത്ത് 3 വട്ടം ബലൂൺ വന്നുപോയെന്ന വെളിപ്പെടുത്തൽ ഉണ്ടായത്. ഏതാനും വർഷങ്ങൾക്കിടെ ഏഷ്യയും യൂറോപ്പും ഉൾപ്പെടെ 5 ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങൾക്കു മുകളിൽ ചൈനീസ് ബലൂണുകൾ സഞ്ചരിച്ചിട്ടുണ്ടെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർ‌ സ്ഥിരീകരിച്ചു.

 

 

English Summary: US fighter jets shoot down Chinese balloon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com