ചൈനയെ വിരട്ടി ജോ ബൈഡൻ; സഹകരിക്കാം, പക്ഷേ കടന്നു കയറേണ്ട

USA-BIDEN/CONGRESS
യുഎസ് ജനപ്രതിനിധിസഭയിൽ പ്രസംഗിക്കുന്ന പ്രസിഡന്റ് ജോ ബൈഡൻ. വൈസ്പ്രസിഡന്റ് കമല ഹാരിസ്, സ്പീക്കർ കെവിൻ മക്കാർത്തി എന്നിവർ പിന്നിൽ. ചിത്രം:റോയിട്ടേഴ്സ്
SHARE

വാഷിങ്ടൻ ∙ ചൈന പറത്തിവിട്ട ചാരബലൂൺ വെടിവച്ചിടാൻ അമാന്തം കാട്ടിയെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ വിമർശനത്തിനിടെ, ചൈനയോട് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നയപ്രഖ്യാപന പ്രസംഗത്തിൽ തുറന്നടിച്ചു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡൻ (80) അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിലും മത്സരിക്കാനുളള രാഷ്ട്രീയ ഊർജം തന്റെ ഉള്ളിലുണ്ടെന്നുള്ള പരോക്ഷപ്രഖ്യാപനം കൂടിയാണ് ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ നടത്തിയത്.  

യുഎസ് പാർലമെന്റായ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ ജനപ്രതിനിധി സഭയിൽ ബൈഡൻ നടത്തിയ പ്രസംഗത്തിൽ ചൈനയാണു നിറഞ്ഞുനിന്നത്. യുക്രെയ്നിലെ ആക്രമണത്തോടെ പടിഞ്ഞാറിന്റെ മുഴുവൻ ശത്രുവായി മാറിയ റഷ്യ പോലും പരാമർശത്തിൽ രണ്ടാമതായി. 

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനു പകരമാകാൻ കഴിയുന്ന ലോകനേതാക്കൾ ആരുമില്ലെന്ന് ബൈഡൻ പറഞ്ഞു. വ്യവസായത്തിലും സാങ്കേതികവിദ്യയിലുമുൾപ്പെടെ, എവിടെയെല്ലാം ചൈന മേധാവിത്വം ഉറപ്പിച്ചിട്ടുണ്ടോ, അവിടെയെല്ലാം അമേരിക്കൻ മുന്നേറ്റം ഉറപ്പാക്കാനുള്ള നിക്ഷേപനയമാണു സ്വീകരിച്ചിരിക്കുന്നത്. യുഎസിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള അതിക്രമം വേണ്ടെന്നും ഓർമിപ്പിച്ചു. യുഎസിനോടു മത്സരിക്കാ‍ൻ ഭയമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. 

കുടിയേറ്റനയം മാറും; ഇന്ത്യക്കാർക്ക് പ്രതീക്ഷ

2021 ജനുവരിയിൽ അധികാരമേറ്റ ശേഷമുള്ള ബൈ‍ഡന്റെ രണ്ടാമത്തെ നയപ്രഖ്യാപന പ്രസംഗമാണിത്. സമ്പന്നർക്കുള്ള നികുതി വർധനയും ശിശുപരിചരണ, ഭവനസഹായങ്ങൾ, കൂടുതൽ തൊഴിലവസരങ്ങൾ തുടങ്ങിയ ഭരണനേട്ടങ്ങളും എടുത്തുപറഞ്ഞശേഷം, ഇനിയും ചെയ്തുതീർക്കാ‍ൻ ഏറെയുണ്ടെന്നു വ്യക്തമാക്കി.

എച്ച് 1 ബി വീസയിൽ യുഎസിൽ എത്തിയ ഇന്ത്യക്കാർക്കുൾപ്പെടെ പൗരത്വത്തിന് അവസരമൊരുക്കുന്ന കുടിയേറ്റ പരിഷ്കാരങ്ങൾ കോൺഗ്രസ് അംഗീകരിക്കണമെന്ന് ബൈഡൻ അഭ്യർഥിച്ചു. 

ആഫ്രോ അമേരിക്കൻ വംശജർ ഉൾപ്പെടെയുള്ളവരോടുള്ള പൊലീസിന്റെ ക്രൂരത അവസാനിപ്പിക്കാനുള്ള പരിഷ്കാരങ്ങൾ കൊണ്ടുവരും. പൊലീസിന്റെ അടിയേറ്റു മരിച്ച ടൈർ നിക്കോൾസിന്റെ വീട്ടുകാ‍രും പ്രസംഗം കേൾക്കാനെത്തിയ അതിഥികളിൽ ഉണ്ടായിരുന്നു.

English Summary: Biden Warns China over Spy Balloon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS