വാഷിങ്ടൻ ∙ ചൈനയുടെ ചാരബലൂണുകൾ ഇന്ത്യയുൾപ്പെടെ രാജ്യങ്ങളെയും ലക്ഷ്യം വച്ചെന്നും വിവരങ്ങൾ ശേഖരിച്ചെന്നും യുഎസിലെ പ്രമുഖ മാധ്യമമായ വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചൈനയുടെ തെക്കൻതീരത്തെ ഹൈനാൻ പ്രവിശ്യയിൽ നിന്നാണ് ബലൂണുകൾ വിക്ഷേപിച്ചിരുന്നത്.
ഇന്ത്യ കൂടാതെ ജപ്പാൻ, വിയറ്റ്നാം, തയ്‌വാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും രഹസ്യങ്ങൾ ചോർത്തി– പ്രതിരോധ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 5 ഭൂഖണ്ഡങ്ങളിൽ ചൈനയുടെ ഇത്തരം ബലൂണുകൾ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
യുഎസിലെ തന്ത്രപ്രധാന സൈനിക മേഖലയായ മോണ്ടാന സംസ്ഥാനത്തിനു മുകളിൽ പ്രത്യക്ഷപ്പെട്ട ചൈനീസ് ബലൂൺ സൈന്യം വെടിവച്ചിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട്.
യുഎസ് ഡപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമാൻ ഇതിന്റെ വിവരങ്ങൾ ഇന്ത്യയുടേതുൾപ്പെടെ 40 സുഹൃദ് രാജ്യങ്ങളുടെ എംബസികളോട് വിശദീകരിച്ചു. ഇതിനു മുൻപ് യുഎസ് പ്രദേശങ്ങളായ ഹവായ്, ഫ്ലോറിഡ, ടെക്സസ്, ഗുവാം എന്നിവിടങ്ങളിലും ഇത്തരം ബലൂണുകൾ കണ്ടെത്തിയിരുന്നതായാണ് വിവരം.
English Summary: Chinese spy balloons targeted India